ജിവി രാജ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ഒളിമ്പിക്സ് ലക്ഷ്യമിട്ട് 100 കോടിയുടെ പദ്ധതിയുമായി കേരള സർവ്വകലാശാല

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വൈസ് ചാൻസിലറും സ്ഥലം സന്ദർശിച്ചു; കേന്ദ്ര സ്പോർട്സ് മന്ത്രി മൻസുഖ് മണ്ഡവിയയുമായി ചർച്ച നടത്തി

GV Raja stadium
GV Raja stadium
Edited by :Damodaran K
Last Updated :11 ഓഗസ്റ്റ് 2026, 10:31 am IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ ജി.വി. രാജ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ബൃഹത് പദ്ധതിയുമായി കേരള സർവ്വകലാശാല. ഭാവിയിൽ ഇന്ത്യ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുമ്പോൾ കായിക മത്സരങ്ങൾക്ക് സജ്ജമാകുന്ന രീതിയിലാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര സ്പോർട്സ് മന്ത്രി മൻസുഖ് മണ്ഡവിയയുമായി പ്രാഥമിക ചർച്ചകൾ നടത്തി.

പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ, സിൻഡിക്കേറ്റിലെ ഫൈനാൻസ് സ്ഥിരം സമിതി അംഗം ആർ.എസ്. ശശികുമാർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം കഴിഞ്ഞ ദിവസം ജി.വി. രാജ സ്റ്റേഡിയം സന്ദർശിച്ച് അവലോകനം നടത്തി.സ്റ്റേഡിയത്തിന്റെ സമഗ്ര നവീകരണത്തിനായി ഏകദേശം 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (DPR) തയ്യാറാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു.

അത്‌ലറ്റിക് മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സിന്തറ്റിക് ട്രാക്ക്, ലോകോത്തര നിലവാരത്തിലുള്ള ഗ്യാലറി, വാഹന പാർക്കിങ് സൗകര്യം തുടങ്ങിയ അനുബന്ധ സംവിധാനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1937-ൽ തിരുവിതാംകൂർ സർവകലാശാലയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ജി.വി. രാജ സ്റ്റേഡിയം കേരള സർവ്വകലാശാല ഏറ്റെടുത്തിട്ട് 90 വർഷത്തോളമാകുന്നു. സർവ്വകലാശാലയുടെ ഭൂമിയിലുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം നിലവിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. .

ഈ സാഹചര്യത്തിലാണ് അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര കായിക മേളകളുടെ പ്രധാനം വേദിയായി ജി.വി. രാജ സ്റ്റേഡിയത്തെ മാറ്റിയെടുക്കാൻ സർവ്വകലാശാല തീരുമാനിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം തലസ്ഥാനത്ത് വരുന്നത് കായിക ടൂറിസത്തിന് ഉണർവേകുന്നതിനൊപ്പം ഗതാഗതം, വിനോദസഞ്ചാരം, തൊഴിൽ തുടങ്ങിയ മേഖലകളിലും വലിയ വികസനത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

News Now

Summary

Kerala University has unveiled a ₹100 crore project to upgrade the historic GV Raja Stadium in Thiruvananthapuram to international standards, with an aim to prepare venues capable of hosting Olympic events.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates