ബാല്യകാല സുഹൃത്ത് വൻഷിക ഇനി കുൽദീപിന്റെ ജീവിതസഖി; ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ താരം വിവാഹിതനായി (വിഡിയോ)

ഉത്തരാഖണ്ഡിലെ മസൂറിലിയിലുള്ള ദി സവോയ് ഹോട്ടലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു ചടങ്ങുകൾ

kuldeep yadav marries vanshika chaddha
kuldeep yadav, vanshika chaddhainsta
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :15 മാർച്ച് 2026, 12:49 pm IST

ഡെറാഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവും ബാല്യകാല സുഹൃത്ത് വൻഷിക ഛദ്ദയും വിവാഹിതരായി. ഉത്തരാഖണ്ഡിലെ മസൂറിലിയിലുള്ള ദി സവോയ് ഹോട്ടലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു ചടങ്ങുകൾ. വിവാഹച്ചടങ്ങളുടെ ഭാഗമായി ഒരാഴ്ചയോളമായി ഹോട്ടൽ പൂർണമായും ബുക്ക് ചെയ്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന മെഹന്തി, സംഗീത് ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സംഗീത് ചടങ്ങിൽ പ്രശസ്ത സൂഫി ഗായകൻ ബിസ്മിലിന്റെ സംഗീത വിരുന്നുണ്ടായിരുന്നു.

ഇന്ത്യൻ ടീമിൽ കുൽദീപിന്റെ സഹതാരങ്ങളായ തിലക് വർമ, റിങ്കു സിങ്, യുസ്‌വേന്ദ്ര ചഹൽ, മുൻ താരങ്ങളായ സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, ബിസിസിഐ പ്രതിനിധികൾ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

2025 ജൂൺ 4ന് ലക്നൗവിൽ വച്ചായിരുന്നു കുൽദീപിന്റെയും വൻഷികയുടെയും വിവാഹനിശ്ചയം. നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം, കുൽദീപിന്റെ ക്രിക്കറ്റ് തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ടി20 ലോകകപ്പ് ടീമിൽ അം​ഗമായിരുന്നു കുൽദീപ്. ഒരു കളിയും താരം കളിച്ചു. ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് താരം ജീവിതത്തിൽ പുതിയ ഇന്നിങ്സിലേക്ക് കടന്നത്. മാർച്ച് 17ന് ലഖ്നൗവിലെ ആഡംബര ഹോട്ടലിൽ വിപുലമായ വിവാഹ സത്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ കാൺപുർ സ്വദേശികളാണ് കുൽദീപും വൻഷികയും. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ഓസ്ട്രേലിയയിൽ ഉന്നത പഠനം പൂർത്തിയാക്കിയ വൻഷിക എൽഐസിയിൽ ഉദ്യോഗസ്ഥയാണ്.

ചൈനാമെൻ ബൗളറായ കുൽദീപ് ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമാണ്. 2017ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2024 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കാണ് കുൽ​ദീപ് വഹിച്ചത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്.

News Now

Summary

kuldeep yadav, vanshika chaddha wedding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates