'സിഎസ്കെയ്ക്ക് ചെന്നൈ ടച്ച് പരിശീലകൻ വേണം; ദിനേശ് കാർത്തിക് ബെസ്റ്റാ'!

ശ്രദ്ധേയ നിർദ്ദേശവുമായി ഓസ്ട്രേലിയൻ ഇതിഹാസം

Dinesh Karthik
Dinesh Karthik ഫയൽ
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 ഓഗസ്റ്റ് 2026, 1:38 pm IST

ചെന്നൈ: ​ദീർഘകാലം പരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ടീം വിട്ടതോടെ അടുത്ത ഐപിഎൽ സീസണിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് പുതിയ കോച്ചിനെ തേടുകയാണ്. ഈ പദവിയിലേക്ക് ശ്രദ്ധേയമായൊരു പേര് നിർദ്ദേശിച്ച് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ചെന്നൈ താരവും ഇതിഹാസ ഓസ്ട്രേലിയൻ ഓപ്പണറുമായ മാത്യു ഹെയ്ഡൻ. തമിഴ്നാടുമായി അടുത്ത ബന്ധമുള്ള ഒരാൾ കോച്ചാകണമെന്നും ആസ്ഥാനത്തിനു അർ​ഹൻ മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തികാണെന്നും ഹെയ്ഡൻ. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തികിന്റെ പ്രാദേശിക ബന്ധങ്ങളും പരിശീലകനെന്ന നിലയിലുള്ള സമീപകാലത്തെ വിജയങ്ങളും ഈ ജോലിക്ക് അദ്ദേഹം അർഹനാണെന്നു തെളിയിക്കുന്നതാണെന്നും ഹെയ്ഡൻ ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിന്റെ ബാറ്റിങ് കോച്ചും മെന്ററുമാണ് ദിനേശ് കാർത്തിക്. അദ്ദേഹത്തിന്റെ വരവിനു ശേഷം ആർസിബി തുടരെ രണ്ട് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു.

'എംഎസ് ധോനിയും ഫ്ലെമിങും ചേർന്നു മനോഹരമായ ജോലിയാണ് ഇത്രയും കാലം ചെയ്തത്. സിഎസ്കെയുടെ ശക്തമായ അടിത്തറ പാകിയതും ഈ സഖ്യമാണ്. അതായിരുന്നു ടീമിന്റെ വലിയ കരുത്ത്. പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തിലും ടീം ആ കൃത്യത പുലർത്തുമെന്നാണ് എന്റെ പ്രതീക്ഷ.'

'സ്വാഭാവികമായും പല പേരുകളും ചർച്ചയിലുണ്ട്. അതിലൊന്ന് ​ദിനേശ് കാർത്തികിന്റേതാണ്. അത്തരമൊരു റോൾ ഏറ്റെടുക്കാൻ അദ്ദേഹം ഇപ്പോൾ പര്യാപ്തനാണെന്നു ഞാൻ കരുതുന്നു. ഒരു പ്രാദേശിക പരിശീലൻ ഉണ്ടാകുന്നത് പ്രധാനമാണ്.'

'പല ഫ്രാഞ്ചൈസികളും അന്താരാഷ്ട്ര പരിശീലകരെയാണ് തിരഞ്ഞെടുക്കാറുള്ളത്. സിഎസ്കെയെ പോലെ വലിയൊരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലക സ്ഥാനത്ത് ഒരു ചെന്നൈ ടച്ച് ഉൾപ്പെടെയുള്ള പ്രാദേശിക സ്പർശം വേണമെന്നു ഞാൻ കരുതുന്നു. അതുകൊണ്ടാണ് ദിനേശ് കാർത്തിക് ഈ ജോലിക്ക് ഏറ്റവും അനുയോജ്യനെന്നു ഞാൻ കരുതുന്നത്.'

'ശരിയാണ് പ്രാദേശികമല്ലാത്ത സപ്പോർട്ട് സ്റ്റാഫുകൾ ടീമുകൾക്കുണ്ടാകും. എംഎസ്ഡിയും ഫ്ലെമ്മും ചേർന്നു എത്ര മനോഹരമായ കൂട്ടാണ് ചെന്നൈയ്ക്കുണ്ടായിരുന്നത്. മുംബൈ ഇന്ത്യൻസിനൊപ്പം തുല്യ കിരീട നേട്ടങ്ങളും വലിയൊരു പാരമ്പര്യവും അവർ ഉണ്ടാക്കിയെടുത്തു. എങ്കിലും ചെന്നൈ വലിയൊരു മാറ്റം ഇക്കാര്യത്തിൽ എടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ധീരവും നല്ലതുമായ നീക്കം. അടുത്ത പരിശീലകൻ ആരാണെന്നു കാണാനുള്ള ആകാംക്ഷയിലാണ് ഞാൻ'- ഹെയ്ഡൻ വ്യക്തമാക്കി.

ഏതാണ്ട് 16 വർഷത്തോളം സിഎസ്കെയുടെ ചുമതല വഹിച്ച ശേഷമാണ് കഴി‍ഞ്ഞ മാസം വിഖ്യാത ന്യൂസിലൻഡ് ക്യാപ്റ്റൻ കൂടിയായ ഫ്ലെമിങ് സിഎസ്കെയിൽ നിന്നു പടിയിറങ്ങിയത്. 5 ഐപിഎൽ കിരീടങ്ങളും 2 ചാംപ്യൻസ് ലീ​ഗ് കിരീടങ്ങളും സിഎസ്കെയ്ക്ക് സമ്മാനിക്കുന്നതിലും ഫ്ലെമിങിന്റെ പരിശീലക മികവ് തുണച്ചു. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലായി ടീമിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ്. ഇതോടെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഫ്ലെമിങ് നിലവിൽ ഇം​ഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി പുതിയ പദവി ഏറ്റെടുത്തിട്ടുണ്ട്.

News Now

Summary

That’s a massive endorsement for the former India wicketkeeper batsman Dinesh Karthik who is currently with RCB as a batting coach and mentor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates