'അജിന്‍ക്യ രഹാനെ, മുംബൈക്ക് കിട്ടിയ ഔട്ട് ഓഫ് സിലബസ് ചോദ്യം'

ഇപ്പോഴിതാ രഹാനെയുടെ മികവിനെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തന്റെ യു ട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം

രഹാനെയുടെ ബാറ്റിങ്/ പിടിഐ
Last Updated :20 January 2024, 9:19 am IST
Edited by :migrator

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും തോല്‍വി വഴങ്ങി. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സ്വന്തം തട്ടകമായ വാംഖഡെയിലായിരുന്നു മുംബൈയുടെ തോല്‍വി. വെറ്ററന്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെയുടെ അപ്രതീക്ഷിത കടന്നാക്രമണമാണ് മുംബൈയുടെ സ്‌കോര്‍ പ്രതിരോധിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത്

ഇപ്പോഴിതാ രഹാനെയുടെ മികവിനെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തന്റെ യു ട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം. മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് രഹാനെയുടെ ബാറ്റിങ് ഔട്ട് ഓഫ് സിലബസില്‍ നിന്നുള്ള ചോദ്യമായിരുന്നുവെന്ന് ആകാഷ് ചോപ്ര വിലയിരുത്തി. 

27 പന്തില്‍ രഹാനെ വാരിയത് 61 റണ്‍സ്. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമാര്‍ന്ന അര്‍ധ സെഞ്ച്വറിയും താരം അതിനിടെ തികച്ചിരുന്നു. വെറും 19 പന്തിലായിരുന്നു രഹാനെയുടെ അര്‍ധ ശതകം. ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. 

'തുടക്കത്തില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ മടക്കാന്‍ മുംബൈക്ക് സാധിച്ചു. എന്നാല്‍ അജിന്‍ക്യ രഹാനെയുടെ വരവ് മുംബൈക്ക് ഔട്ട് ഓഫ് സിലബസ് ചോദ്യമായി മാറി. ഈ മൈതാനത്തിന്റെ ഓരോ മുക്കും മൂലയും അറിയുന്ന ആളാണ് രഹാനെ. അവന്‍ വന്നു അടിച്ചു പറത്തി. അതും വളരെ സാങ്കേതികമായ രീതിയില്‍ തന്നെ. 20 ഓവര്‍ മത്സരത്തില്‍ 30ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതു തന്നെ മികച്ച പ്രകടനമാണ്'- ചോപ്ര വ്യക്തമാക്കി.

മുംബൈ ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടക്കുകയായിരുന്നു. അജിൻക്യാ രഹാനെയുടേയും ഋതുരാജിന്റേയും മിന്നും പ്രകടനമാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ നാലാമതായി. തുടർച്ചയായ രണ്ടു തോൽവിയോടെ മുംബൈ ഇന്ത്യൻസ് എട്ടാമതാണ്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 157-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.1 ഓവറില്‍ 159-3.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now