'നിർത്തി അങ്ങ് അപമാനിക്കുവാന്നേ!'- ബവുമയുടെ മുന്നിൽ ചാടി വീണ് പാകിസ്ഥാൻ താരങ്ങളുടെ അതിരുവിട്ട റണ്ണൗട്ട് ആഘോഷം (വിഡിയോ)

പാക് താരങ്ങളുടെ ആഘോഷം വൻ വിവാദത്തിൽ

send off to Temba Bavuma
ബവുമയ്ക്ക് മുന്നിൽ നിന്ന് പാക് താരങ്ങളുടെ ആഘോഷംSource by : എക്സ്
Last Updated :13 February 2025, 10:17 am IST

കറാച്ചി: ദക്ഷിണാഫ്രിക്ക നായകൻ ടെംബ ബവുമ റണ്ണൗട്ടായതിനു പിന്നാലെ പാകിസ്ഥാൻ താരങ്ങൾ നടത്തിയ അതിരുവിട്ട ആ​ഹ്ലാദ പ്രകടനം വൻ വിവാ​ദത്തിൽ. ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്ക- പാകിസ്ഥാൻ പോരാട്ടത്തിനിടെയാണ് സംഭവം. പാക് താരങ്ങളുടെ അതിരുവിട്ട ആഹ്ലാദ പ്രകടനം സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരങ്ങളുടെ ആഘോഷം അതിരുവിട്ടുവെന്ന വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വനെ അംപയർമാർ താക്കീത് ചെയ്തു.

ദക്ഷിണാഫ്രിക്കയാണ് ആദ്യം ബാറ്റ് ചെയ്തത്. അവർ ബാറ്റിങ് തുടരുന്നതിനിടെ 29ാം ഓവറിലാണ് നാടകീയ സംഭവങ്ങൾ. മുഹമ്മദ് ഹസ്നിയന്റെ ​ഗുഡ് ലെങ്ത് പന്ത് നേരിട്ട ബവുമ റണ്ണിനായി ക്രീസ് വിട്ട് ഓടിത്തുടങ്ങി. നോൺ സ്ട്രൈക്കറായി മാത്യു ബ്രീറ്റ്സ്കിയായിരുന്നു. താരവും മുന്നോട്ടു കുതിച്ചു.

എന്നാൽ ഇരുവരും തമ്മിൽ ആശയക്കുഴപ്പമുണ്ടായി. ബ്രീറ്റ്സ്കി തിരിഞ്ഞോടിയതോടെ ബവുമ പിച്ചിനു മധ്യത്തിലെത്തിയിരുന്നു. ഇതോടെ താരവും തിരികെ ക്രീസിലേക്ക് ഓടി. അതിനിടെ പന്ത് കിട്ടിയ സൗദ് ഷക്കീലിന്റെ ത്രോ കൃത്യം സ്റ്റംപിൽ. അപ്പോഴും ബവുമ ക്രീസിലെത്തിയിരുന്നില്ല. താരം ഔട്ട്.

ഓപ്പണറായി ഇറങ്ങിയ ബവുമ 96 പന്തിൽ 82 റൺസുമായി പോരാട്ടം പാക് ക്യാംപിലേക്ക് നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി താരത്തിന്റെ വിക്കറ്റ് ലഭിക്കുന്നത്. ഇതോടെ ആഘോഷം അതിരുവിട്ടു. പവലിയനിലേക്ക് മടങ്ങുകയായിരുന്ന ബവുമയ്ക്ക് മുന്നിലേക്ക് ചാടി വീണ് പാക് താരങ്ങൾ ആഘോഷിച്ചു. ബവുമയ്ക്ക് പോകാൻ സാധിച്ചില്ല. താരം കുറച്ചു നേരം ​ഗ്രൗണ്ടിൽ നിൽക്കുകയും ചെയ്തു. പിന്നെയാണ് മടങ്ങിയത്.

മത്സരത്തിൽ പാകിസ്ഥാൻ 6 വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 352 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങിൽ റിസ്വാൻ (122), ആ​ഘ സൽമാൻ (134) എന്നിവരുടെ സെഞ്ച്വറി ബലത്തിൽ പാകിസ്ഥാൻ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 355 റൺസെടുത്താണ് വിജയം പിടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now