ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ 84 റണ്‍സിന് ചുരുട്ടി കെട്ടി സൗത്ത് ആഫ്രിക്ക

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST

News Now

അബുദാബി: ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ 84 റണ്‍സിന് ചുരുട്ടി കെട്ടി സൗത്ത് ആഫ്രിക്ക. റബാഡയും നോര്‍ജേയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി നിറഞ്ഞപ്പോള്‍ 20 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ ബംഗ്ലാദേശിന് കഴിഞ്ഞില്ല. 

മൂന്ന് കളിക്കാരാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. ഓപ്പണര്‍ ലിറ്റന്‍ ദാസ് 24 റണ്‍സും മെഹ്ദി ഹസന്‍ 27 റണ്‍സും ശമീം ഹൊസെയ്ന്‍ 11 റണ്‍സും നേടി പുറത്തായി. നാല് ബംഗ്ലാദേശ് കളിക്കാര്‍ പൂജ്യത്തിന് പുറത്തായി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ മുന്‍നിരയെ റബാഡയാണ് തകര്‍ത്തത്. 22 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. പിന്നെ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാല് വിക്കറ്റ് കൂടി നഷ്ടമായി. അവിടെ നിന്നൊരു തിരിച്ചു വരവ് ബംഗ്ലാദേശിന് സാധ്യമായില്ല. 

ബംഗ്ലാദേശിന്റെ ആദ്യ അഞ്ച് വിക്കറ്റുകള്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരാണ് പങ്കിട്ടെടുത്തത്. പിന്നാലെ ശംസിയുടെ ആക്രമണം വന്നതോടെ ആറാമത്തെ വിക്കറ്റും വീണു. വാലറ്റത്തെ തകര്‍ത്ത് നോര്‍ജെയും ഒരു റണ്‍ഔട്ടും കൂടി വന്നതോടെ ബംഗ്ലാദേശ് ഇന്നിങ്‌സിന് തിരശീല വീണു.