ലോര്‍ഡ്‌സില്‍ ഹിറ്റ്മാന്റെ കിടിലന്‍ സെഞ്ച്വറി!

ശുഭ്മാന്‍ ഗില്‍ 77 റണ്‍സുമായി പുറത്ത്

Rohit Sharma BATTING
Rohit SharmaX
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :19 ജൂലൈ 2026, 10:26 pm IST

ലോര്‍ഡ്‌സ്: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കിടിലന്‍ സെഞ്ച്വറി. താരം 84 പന്തില്‍ 4 സിക്‌സും 11 ഫോറും സഹിതം 102 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യ രോഹിതിന്റെ ബലത്തില്‍ തിരിച്ചടിക്കുന്നു. താരത്തിന്റെ ഏകദിന കരിയറിലെ 34ാം സെഞ്ച്വറിയാണ് ലോര്‍ഡ്‌സില്‍ പിറന്നത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയ്ക്കായി നേരത്തെ നായകന്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 84 പന്തില്‍ 77 റണ്‍സുമായി മടങ്ങി. താരം 10 ഫോറും ഒരു സിക്‌സും തൂക്കി.

ആദ്യം ബാറ്റിങിനു ഇറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങെടുക്കുകയായിരുന്നു.

ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും സഹ ഓപ്പണര്‍ ജേക്കബ് ബേതേലിന്റെ സെഞ്ച്വറിക്കടുത്തെത്തിയ പ്രകടനവും മിന്നും ഫോമില്‍ ബാറ്റിങ് തുടരുന്ന മുന്‍ നായകന്‍ ജോ റൂട്ടിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലറുടെ കാമിയോ ഇന്നിങ്‌സും ഇംഗ്ലീഷ് സ്‌കോര്‍ 387ല്‍ എത്തിച്ചു.

ഡക്കറ്റ് 18 ഫോറും ഒരു സിക്‌സും സഹിതം 135 പന്തില്‍ 141 റണ്‍സ് അടിച്ചെടുത്തു. ബേതേല്‍ 91 റണ്‍സെടുത്തു. താരം 11 ഫോറും 2 സിക്‌സും തൂക്കി. ഒന്നാം വിക്കറ്റില്‍ ഡക്കറ്റ്- ബേതേല്‍ സഖ്യം 192 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ജോ റൂട്ട് 48 പന്തില്‍ 9 ഫോറുകള്‍ സഹിതം 74 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജോസ് ബട്‌ലര്‍ വെറും 13 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 41 റണ്‍സ് വാരി. രണ്ടാം വിക്കറ്റില്‍ ഡക്കറ്റ്- റൂട്ട് സഖ്യം 101 റണ്‍സും ചേര്‍ത്താണ് പിരിഞ്ഞത്.

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് അമ്പേ പാളിപ്പോയി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റെടുത്തു. പ്രിന്‍സ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

News Now

Summary

Rohit Sharma smashes century in Lords

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates