'അംപയര്‍മാര്‍ക്ക് ഇത് എങ്ങനെ കഴിയുന്നു?'; സമയം കഴിഞ്ഞിട്ടും രോഹിതിന് ഡിആര്‍എസ് അനുവദിച്ചു, മിണ്ടാതെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ - വിവാദം

എങ്ങനെയാണ് സമയപരിധി കഴിഞ്ഞിട്ടും അംപയര്‍മാര്‍ക്ക് ഇത് അനുവദിക്കാന്‍ കഴിയുകയെന്നാണ് രാജസ്ഥാന്റെ ആരാധകര്‍ ചോദിക്കുന്നത്.

Rohit Sharma's DRS delay creates controversy
മത്സരത്തിനിടെ സമയം കഴിഞ്ഞിട്ടും രോഹിത് ഡിആര്‍എസ് ആവശ്യപ്പെടുന്നു വിഡിയോ ദൃശ്യം
Last Updated :2 May 2025, 12:52 pm IST
Edited by :Sujith

ജയ്പൂര്‍: നിര്‍ണായക ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഹോം ഗ്രൗണ്ടില്‍ നൂറ് റണ്‍സിന്റെ വമ്പന്‍ പരാജയമാണ് രാജസ്ഥാന്‍ നേരിട്ടത്. മത്സരത്തിനിടെ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഡിആര്‍എസ് നീക്കം വിവാദമായി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ ഡിആര്‍എസ് എടുത്തത് അനുവദിച്ച സമയം കഴിഞ്ഞ ശേഷമാണെന്നാണു വാദം. മത്സരത്തിന്റെ രണ്ടാം ഓവറിലാണു സംഭവം.

അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖി എറിഞ്ഞ അഞ്ചാം പന്തില്‍ രാജസ്ഥാന്‍ താരങ്ങള്‍ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തിരുന്നു. അംപയര്‍ ഔട്ട് നല്‍കിയെങ്കിലും രോഹിത് ഡിആര്‍എസ് പോയി. ഡിആര്‍എസ് വിളിക്കാന്‍ അനുവദിച്ച സമയവും കഴിഞ്ഞ ശേഷമാണ് മുംബൈ താരം നിര്‍ണായക നീക്കം നടത്തിയത് എന്നതാണു വിവാദത്തിനു വഴിയൊരുക്കിയത്. എന്നാല്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗോ, അംപയര്‍മാരോ രോഹിത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തില്ല എന്നതാണു ശ്രദ്ധേയമായ കാര്യം. എങ്ങനെയാണ് അംപയര്‍മാര്‍ക്ക് ഇത് അനുവദിക്കാന്‍ കഴിയുകയെന്നാണ് രാജസ്ഥാന്റെ ആരാധകര്‍ ചോദിക്കുന്നത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് രോഹിത് ശര്‍മ പുറത്തായത്. മത്സരത്തില്‍ 36 പന്തില്‍ നിന്ന് താരം 53 റണ്‍സ് നേടി. റിയാന്‍ പരാഗിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ ക്യാച്ചെടുത്താണു താരത്തെ മടക്കിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ ചരിത്ര നേട്ടവും രോഹിത് ശര്‍മ്മ സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 6000 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സിനായി ഒരു താരം 6,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്നത്. 231-ാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now