
'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!
വെറും 5 ഇന്നിങ്‌സുകള്‍ കൊണ്ട് സഞ്ജു സാംസണ്‍ തീര്‍ത്ത വിസ്മയങ്ങള്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ മലയാളികളെല്ലാം കാത്തിരുന്ന വാര്‍ത്തയാണ് കേട്ടത്. സഞ്ജു സാംസണ്‍ 15 അംഗ സംഘത്തില്‍ ഇടം പിടിച്ചു. മാത്രമല്ല ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെയായിരിക്കുമെന്നും ഉറപ്പായി. സെക്കന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി നറുക്ക് വീണത് ഇഷാന്‍ കിഷനും.
ലോകകപ്പിനു തൊട്ടു മുന്‍പ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാന്‍ തീരുമാനിച്ചിരുന്നു. ലോകകപ്പിനുള്ള 15 അംഗ സംഘം തന്നെയായിരിക്കും ഈ പരമ്പരയും കളിക്കുക എന്നും ടീം പ്രഖ്യാപന ഘട്ടത്തില്‍ സെലക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ അഞ്ച് മത്സരങ്ങളിലും സഞ്ജു വന്‍ പരാജയമായി മാറി. അഞ്ച് പോരാട്ടത്തിലും ഇഷാന്‍ കിഷന്‍ കത്തും ഫോമില്‍ ബാറ്റ് വീശുകയും ചെയ്തു. സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഇന്ത്യ പരമ്പരയിലെ അവസാന മത്സരം കളിച്ചപ്പോള്‍ ഇഷാന്‍ സെഞ്ച്വറി നേടി. സഞ്ജു വെറും 6 റണ്‍സില്‍ പുറത്തായി.
ഇന്ത്യ ബൗളിങിനു ഇറങ്ങിയ ഘട്ടത്തില്‍ സഞ്ജു കീപ്പിങ് ഗ്ലൗവുമായി മൈതാനത്തെത്തിയപ്പോള്‍ അവസാന നിമിഷം അതും മാറേണ്ടി വന്നു. താരം ഫോര്‍ ലൈനില്‍ നിരാശപ്പെട്ടു നില്‍ക്കുന്ന കാഴ്ചയായിരുന്നു. ആ ദിവസം കീപ്പിങ് ഗ്ലൗ ഇഷാന്‍ അണിഞ്ഞതോടെ ഒന്നുറപ്പായി. ലോകകപ്പില്‍ സഞ്ജുവായിരിക്കില്ല ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. അതു തന്നെ സംഭവിച്ചു.

Sanju Samson - pti
കഥ മാറുന്നു... കളിയും
ലോകകപ്പിലെ ആദ്യ രണ്ട് കളിയിലും സഞ്ജു ബഞ്ചിലായിരുന്നു. മൂന്നാം പോരില്‍ നമീബിയക്കെതിരെ ഒടുവില്‍ സഞ്ജുവിനു അവസരം കിട്ടി. അഭിഷേക് ശര്‍മയുടെ പകരക്കാരനായി ഇറങ്ങിയ സഞ്ജു 8 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സ് നേടി ഫോമിലേക്ക് വരുന്നതിന്റെ സൂചനകള്‍ തന്നു. എന്നാല്‍ അഭിഷേക് അടുത്ത കളിയില്‍ തിരിച്ചെത്തിയതോടെ വീണ്ടും ബഞ്ചിലേക്ക്.
സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും മുന്‍പ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഇലവനില്‍ സഞ്ജു വരുമോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. ആര്‍ക്കു പകരം അഭിഷേകിനു പകരമോ, അതോ തിലക് വര്‍മയ്ക്കു പകരമോ എന്ന മറു ചോദ്യം കൊണ്ടാണ് സൂര്യ അതിനെ നേരിട്ടത്.
എന്നാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോറ്റു സൂര്യ എടുത്തു പറഞ്ഞ അഭിഷേകിനും തിലകിനുമൊന്നും അനിവാര്യമായ തോല്‍വി ഇല്ലാതാക്കാന്‍ സാധിച്ചില്ല. അതോടെ ഇലവനില്‍ മാറ്റം വരുത്താനുള്ള തീരുമാനം വരുന്നു. വീണ്ടും സഞ്ജുവിന് അവസരം തുറക്കുന്നു.
സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ ഇറങ്ങിയ സഞ്ജു ടീമിനു മികച്ച തുടക്കം നല്‍കി. 15 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സ് എടുത്ത് മടക്കം. കിട്ടിയ രണ്ട് അവസരങ്ങളിലും വലിയ സ്‌കോറിലേക്ക് എത്താന്‍ മലയാളി താരത്തിനു സാധിച്ചില്ലെങ്കിലും ടീം ആശിച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞു. പരിശീലകന്‍ ഗൗതം ഗംഭീര്‍ മിന്നും തുടക്കം നല്‍കിയതിനു സഞ്ജുവിനെ ഡ്രസിങ് റൂമില്‍ വച്ച് അഭിനന്ദിക്കുന്നുമുണ്ട്.
WHAT TO READ NEXT

സഞ്ജു, സഞ്ജു...; വീണ്ടും കപ്പ് തൂക്കി ഇന്ത്യ

Sanju Samson - pti
കാലം കാത്തു വച്ചത്
സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടം. എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്. ജീവന്‍ മരണ പോരാട്ടത്തില്‍ വിന്‍ഡീസ് മുന്നില്‍ വച്ചത് 199 റണ്‍സെന്ന മികച്ച വിജയ ലക്ഷ്യം. അഭിഷേകിനൊപ്പം സഞ്ജു വീണ്ടും ഓപ്പണറായി ഇറങ്ങി. അഭിഷേക് തുടക്കത്തില്‍ തന്നെ 10 റണ്‍സുമായി മടങ്ങി. എന്നാല്‍ ഒരറ്റത്ത് നങ്കൂരമിട്ട് സഞ്ജു നിന്നു അക്ഷോഭ്യനായി.
ലോകകപ്പിലേക്ക് വരുമ്പോള്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം സഞ്ജു അപ്പോഴേക്കും തിരിച്ചു പിടിച്ചിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ക്ലാസിക്ക് ബാറ്റിങിനാണ്. എതിരാളികള്‍ക്ക് ഒരു പഴുതും നല്‍കാത്ത ക്രിസ്റ്റല്‍ ക്ലിയര്‍ ഇന്നിങ്‌സ്. 50 പന്തില്‍ 12 ഫോറും 4 സിക്‌സും സഹിതം പുറത്താകാതെ 97 റണ്‍സ്.
റണ്‍ ചെയ്‌സിങില്‍ കോഹ്‌ലി കഴിഞ്ഞാല്‍ ആര് എന്ന ചോദ്യത്തിനു, സഞ്ജു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ചു തെളിയിച്ചു ഉത്തരം നല്‍കി. ഓപ്പണറായി ഇറങ്ങി ഒരറ്റത്ത് പൊരുതി നിന്ന സഞ്ജു ഇന്ത്യക്കു ജയം സമ്മാനിച്ച് ക്രീസില്‍ മുട്ടുകുത്തി നിന്നപ്പോള്‍ കൊല്‍ക്കത്തയില്‍ തടിച്ചുകൂടിയ ആരാധകര്‍ എഴുന്നേറ്റു നിന്നു കൈയടിക്കുകയായിരുന്നു. സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ സെമിയിലേക്ക്. സഞ്ജു കളിയിലെ താരം.
കമന്ററി ബോക്‌സില്‍ നിന്ന് രവി ശാസ്ത്രി ഇങ്ങനെ പറഞ്ഞു. സഞ്ജു സൂപ്പര്‍ സാംസണ്‍!
കളി കഴിഞ്ഞ് ഗ്രൗണ്ടിലേക്കിറങ്ങി വന്ന നായകന്‍ സൂര്യ തന്റെ തൊപ്പിയൂരി സഞ്ജുവിനു മുന്നില്‍ തല കുമ്പിട്ടു നിന്നു. കാലം അതിവേഗം തന്നെ ചില കടങ്ങള്‍ ഇത്തരത്തില്‍ വീട്ടുമെന്ന ചിന്തയാണ് ആ രംഗം കണ്ടപ്പോള്‍ ഓര്‍ത്തത്.

Sanju Samson - pti
സെമിയില്‍ '89'
ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ അഭിഷേക് 9 റണ്‍സുമായി മടങ്ങിയപ്പോഴും സഞ്ജു കുലുങ്ങിയില്ല. ഫോമിന്റെ പീക്കിലെത്തിയിരുന്നു അപ്പോഴേക്കും സഞ്ജു. 42 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം 89 റണ്‍സ്. ടോപ് സ്‌കോറര്‍. സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 253 റണ്‍സ്. പൊരുതി കയറി വന്ന ഇംഗ്ലീഷ് കരുത്തിനെ ബൗളര്‍മാര്‍ ചേര്‍ന്നു പിടിച്ചു നിര്‍ത്തി. 7 റണ്‍സ് ജയവുമായി ഇന്ത്യ സഞ്ജുവിന്റെ മികവില്‍ ഫൈനലില്‍.
ഫൈനലിലും '89'
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങേണ്ടി വന്ന ഇന്ത്യക്കായി സഞ്ജുവും അഭിഷേകും ചേര്‍ന്നു നല്‍കിയത് മിന്നും തുടക്കം. 7.1 ഓവറില്‍ ഇന്ത്യ 98 റണ്‍സിലെത്തി. അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ എത്തിയത് ഇഷാന്‍ കിഷന്‍. താരവും സഞ്ജുവിനൊപ്പം ചേര്‍ന്നു അര്‍ധ സെഞ്ച്വറി നേടി. സഞ്ജു ഫൈനലില്‍ സെഞ്ച്വറി നേടുമെന്നു കഴിഞ്ഞ ദിവസം അശ്വിന്‍ പ്രവചിച്ചിരുന്നു. ആ നേട്ടത്തിലേക്ക് കുതിക്കുന്നതിനിടെ സഞ്ജു മടങ്ങി. പക്ഷേ അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 15.5 ഓവറില്‍ 203 റണ്‍സിലെത്തിയിരുന്നു. സഞ്ജു ഒരിക്കല്‍ കൂടി ടീമിന്റെ ടോപ് സ്‌കോറര്‍. വീണ്ടുമൊരു 89 റണ്‍സ്. ഇത്തവണ 46 പന്തുകളില്‍ നിന്നു 8 സിക്‌സും 5 ഫോറും തൂക്കിയാണ് സഞ്ജു അര്‍ധ സെഞ്ച്വറിയുമായി മടങ്ങിയത്.
ക്ലാസിക്ക്
വെറും 5 കളികള്‍ കൊണ്ട് സഞ്ജു ഈ ലോകകപ്പില്‍ വിസ്മയം തീര്‍ത്തു. ഇനിയൊരാളും തന്റെ മികവിനെ ചോദ്യം ചെയ്യാന്‍ വരേണ്ടതില്ലെന്നു അയാള്‍ മൈതാനത്ത് കളിച്ചു തെളിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെടുന്ന 3 സുന്ദരമായ ഇന്നിങ്‌സുകള്‍. ബാറ്റിങിന്റെ സമസ്ത പാഠങ്ങള്‍ കൊണ്ട് ഊടും പാവും നെയ്ത് ചന്തം നിറച്ച ക്ലാസിക്ക് സഞ്ജു!
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Sanju Samson finished the tournament with 321 runs, an extraordinary achievement considering he played only five matches
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




