അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഷമി; ദക്ഷിണാഫ്രിക്കയെ 200 കടത്താതെ തകര്‍ത്തെറിഞ്ഞ് പേസര്‍മാര്‍; ഇന്ത്യക്ക് ലീഡ്

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഷമി; ദക്ഷിണാഫ്രിക്കയെ 200 കടത്താതെ തകര്‍ത്തെറിഞ്ഞ് പേസര്‍മാര്‍; ഇന്ത്യക്ക് ലീഡ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 327 റണ്‍സില്‍ പുറത്തായ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 197 റണ്‍സില്‍ ഒതുക്കി 130 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പന്തുകളാണ് ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ബുമ്‌റ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി. 

അര്‍ധ സെഞ്ച്വറി (52) നേടിയ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റന്‍ ഡി കോക്ക് (34), വാലറ്റത്ത് പൊരുതി നിന്ന (25) റബാഡ എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.  

144 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കുന്നതിനിടെ  പ്രോട്ടീസിന് ഏഴു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഡീന്‍ എല്‍ഗാര്‍ (1), കീഗന്‍ പീറ്റേഴ്‌സണ്‍ (15), എയ്ഡന്‍ മാര്‍ക്രം (13), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (3) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്നെ മടങ്ങി. 

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ടെംബ ബവുമ  ക്വിന്റണ്‍ ഡിക്കോക്ക് സഖ്യം സ്‌കോര്‍ 100 കടത്തി. 63 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഡിക്കോക്കിനെ മടക്കി ഷാര്‍ദുല്‍ ഠാക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

പിന്നാലെ 12 റണ്‍സെടുത്ത വിയാന്‍ മള്‍ഡറെ ഷമി മടക്കി. ഇന്ത്യന്‍ പേസര്‍മാരെ നേരിട്ട് 103 പന്തില്‍ നിന്നും 52 റണ്‍സെടുത്ത ബവുമയുടെ ഊഴമായിരുന്നു അടുത്തത്. താരത്തെ ഷമി ഋഷഭിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മാര്‍ക്കോ ജന്‍സന്‍ (19), കേശവ് മഹാരാജ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ലുംഗി എന്‍ഗിഡി പുറത്താകാതെ നിന്നു. 

അതേസമയം ബൗളിങ്ങിനിടെ ബുമ്‌റയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11ാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെ ഫോളോ ത്രൂവിന് ശേഷം ബുംറയുടെ വലതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേല്‍ക്കുകയായിരുന്നു. വൈദ്യസഹായം തേടിയ ബുമ്‌റ വൈകാതെ മൈതാനം വിട്ടു. പിന്നീട് തിരിച്ചെത്തി വീണ്ടും പന്തെറിഞ്ഞ ബുമ്‌റ ഒരു വിക്കറ്റ് കൂടി പിഴുതു. 

മൂന്നാം ദിനം കൂട്ടിച്ചേർത്തത് 55 റൺസ്

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 327 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പൂര്‍ണമായും നഷ്ടമായ രണ്ടാം ദിനത്തിനു ശേഷം മൂന്നാം ദിനം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 55 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 

മൂന്നാം ദിനം മൂന്നിന് 272 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ 49 റണ്‍സിനിടെ നിലംപൊത്തി. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. 

260 പന്തില്‍ നിന്ന് ഒരു സിക്‌സും 16 ഫോറുമടക്കം 123 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. വിദേശ മണ്ണില്‍ ആറാമത്തേതും. രഹാനെ 102 പന്തുകള്‍ നേരിട്ട് 48 റണ്‍സെടുത്തു.

ഋഷഭ് പന്ത് (8), ആര്‍. അശ്വിന്‍ (4), ഷാര്‍ദുല്‍ താക്കൂര്‍ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. 14 റണ്‍സെടുത്ത ജസ്പ്രീത് ബുമ്‌റയ്ക്കാണ് പിന്നീട് രണ്ടക്കം കാണാനായത്. ഷമി എട്ട് റണ്‍സെടുത്ത് പുറത്തായി. സിറാജ് നാല് റണ്‍സോടെ പുറത്താകാതെ നിന്നു.

ക്ഷമയോടെ പിടിച്ചു നിന്ന് ഓപ്പണിങ് വിക്കറ്റില്‍ 117 റണ്‍സ് കൂട്ടിച്ചേര്‍ത്ത രാഹുല്‍- മായങ്ക് അഗര്‍വാള്‍ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 123 പന്തില്‍ 9 ബൗണ്ടറിയടക്കം 60 റണ്‍സെടുത്ത മായങ്കിനെ മടക്കി ലുംഗി എന്‍ഗിഡിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തുകളെ ശ്രദ്ധയോടെ കളിച്ചും ഒഴിവാക്കേണ്ടവയെ ഒഴിവാക്കിയുമായിരുന്നു ഓപ്പണര്‍മാരുടെ മുന്നേറ്റം. തൊട്ടടുത്ത പന്തില്‍ ചേതേശ്വര്‍ പൂജാരയേയും (0) മടക്കിയ എന്‍ഗിടി ഇന്ത്യയെ ഞെട്ടിച്ചു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍- ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സഖ്യം ഇന്ത്യയെ 150 കടത്തി. 82 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 94 പന്തില്‍ നിന്ന് 4 ബൗണ്ടറിയടക്കം 35 റണ്‍സെടുത്ത കോഹ്‌ലിയേയും എന്‍ഗിടി തന്നെയാണ് മടക്കിയത്.
 

News Now