1978ന് ശേഷം ആദ്യം, നെതർലൻഡ്സ് കളിക്കും 'ഷാവി' തന്ത്രത്തിൽ!

റൊണാൾഡ് കൂമാന് പകരമാണ് സ്പാനിഷ് ഇതിഹാസം ഡ​ഗൗട്ടിൽ എത്തുന്നത്

Xavi Hernandez Netherlands coach
Xavi Hernandezx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :13 ഓഗസ്റ്റ് 2026, 5:59 pm IST

ആംസ്റ്റർഡാം: ഇതിഹാസ സ്പാനിഷ് മധ്യനിര താരം ഷാവി ഹെർണാണ്ടസിനെ നെതർലൻഡ്സ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഇക്കഴിഞ്ഞ ലോകകപ്പ് പോരാട്ടത്തിൽ മൊറോക്കോയോട് റൗണ്ട് ഓഫ് 32ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ഓറഞ്ച് സംഘം പുറത്തായിരുന്നു. പിന്നാലെ പരിശീലകനായിരുന്ന റൊണാൾ‍ഡ് കൂമാൻ രാജിവച്ചു. അദ്ദേഹത്തിന്റെ പകരക്കാരനായാണ് നെതർലൻഡ്സ് ഫുട്ബോൾ ടീം ഷാവിയെ കോച്ചായി എത്തിച്ചത്.

2030ലെ ലോകകപ്പ് കഴിയും വരെയാണ് ഷാവിയുടെ നിയമനം. ഏതാണ്ട് 50 വർഷത്തിനിടെ ഇതാദ്യമായാണ് ഡച്ച് ടീം ഒരു വിദേശ പരിശീലകനെ ഡ​ഗൗട്ടിൽ ഇരുത്തുന്നത്. 1977- 78 കാലത്ത് ഏണസ്റ്റ് ഹാപ്പലാണ് നെതർലൻഡ്സ് ദേശീയ ടീമിനെ അവസാനമായി പരിശീലിപ്പിച്ച വിദേശ കോച്ച്.

ഡച്ച് ഫുട്ബോളിനു താൻ അന്യനല്ലെന്നും ഡച്ച് ഫുട്ബോളിന്റെ മകൻ തന്നെയാണ് താനെന്നും ഷാവി പറയുന്നു. ബാഴ്ലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളർന്നുവന്ന ഷാവി യോഹാൻ ക്രൈഫ്, നിനസ് മിഷേൽസ് തുടങ്ങിയ ഇതിഹാസ ഡച്ച് ഫുട്ബോളർമാരുടെ ഫിലോസഫിയുടെ സ്വാധീനത്തിൽ തന്നെ വളർന്ന താരമാണ്. ലാ മാസിയയും ബാഴ്സലോണയും പിന്തുടരുന്നത് യോഹാൻ ക്രൈഫിന്റെ ടോട്ടൽ ഫുട്ബോൾ വഴികളാണ്.

ബാഴ്സലോണയിൽ താൻ അരങ്ങേറുമ്പോൾ ഉണ്ടായിരുന്നത് ഡച്ച് പരിശീലകൻ ലൂയീസ് വാൻ ​ഗാൽ ആണെന്നും മറ്റൊരു ഡച്ച് കോച്ചായ ഫ്രാങ്ക് റൈക്കാർഡും തന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നുവെന്നും ഷാവി വ്യക്തമാക്കി. പന്ത് കൈവശം വച്ചും സർ​ഗാത്മകമായും ആക്രമണോത്സുകമായും ഫുട്ബോൾ കളിക്കുന്നതുമാണ് ‍ഡച്ച് ശൈലി. വിജയത്തോടൊപ്പം ആരാധകർക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള ഫുട്ബോൾ കഴ്ചവയ്ക്കുക എന്നാണ് താൻ ഈ സ്ഥാനം ഏറ്റെടുക്കുന്നതിലൂടെ നടപ്പാക്കാൻ ആ​ഗ്രഹിക്കുന്നതെന്നും ഷാവി പറയുന്നു.

ആധുനിക ഫുട്ബോളിനു ആവശ്യമായ വഴക്കവും ആധിപത്യം പുലർത്തുന്നതുമായ ഫുട്ബോൾ ശൈലിയാണ് ഷാവിയുടേതെന്നു ഡച്ച് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഫെഡറേഷന്റെ നിലവിലെ ഫുട്ബോൾ ഡയറക്ടർ നൈജൻ ഡി യോങ് 2010ൽ ഷാവി ഉൾപ്പെടുന്ന സ്പെയിൻ ലോകകപ്പ് നേടിയ ഫൈനലിൽ നെതർലൻഡ്സ് ടീം ജേഴ്സിയിൽ എതിരാളിയായി കളിച്ച താരമാണ്. നേരത്തെ ബാഴ്സലോണ അടക്കമുള്ള ക്ലബുകളെ ഷാവി പരിശീലിപ്പിച്ചിട്ടുണ്ട്.

News Now

Summary

Legendary Spanish midfielder Xavi Hernandez was officially named the new head coach of the Netherlands national football team, signing a long-term contract extending through the 2030 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates