ഓസ്‌ട്രേലിയന്‍ നിരയില്‍ 19 കാരന്‍ സാം കോണ്‍സ്റ്റാസ് നാളെ അരങ്ങേറ്റം കുറിക്കും

india
ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെSource by : എപി
Last Updated :25 December 2024, 8:53 am IST

News Now

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മെല്‍ബണില്‍ നാളെ തുടക്കം. ഇന്ത്യൻ സമയം നാളെ രാവിലെ 5 ന് മത്സരം ആരംഭിക്കും.ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ് ലി എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഓസ്‌ട്രേലിയന്‍ നിരയില്‍ 19 കാരന്‍ സാം കോണ്‍സ്റ്റാസ് നാളെ അരങ്ങേറ്റം കുറിക്കും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഭാവി നാളെ വ്യക്തമാകുന്നാണ് മെല്‍ണില്‍ തുടങ്ങുന്ന ടെസ്റ്റിന്റെ ഫലം. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ കളി ജയിച്ചു. ഒരെണ്ണം സമനിലയായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഇന്ത്യ നിലവില്‍ മൂന്നാമതാണ്. നാലാംടെസ്റ്റില്‍ ജയിച്ചാല്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകും.

പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും, ഓസ്‌ട്രേലിയ രണ്ടാമതുമാണ്. പെര്‍ത്തില്‍ ജയിച്ച ഇന്ത്യ അഡ്‌ലെയ്ഡില്‍ തോറ്റു. മൂന്നാം ടെസ്റ്റ് മഴ മൂലം സമനിലയിലായി. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് അടുത്ത രണ്ട് മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു. അഞ്ച് ഇന്നിങ്സില്‍ ഒരു സെഞ്ച്വറിയാണ് വിരാട് കോഹ്ലി നേടിയത്. കെ എല്‍ രാഹുലും ഓള്‍ റൗണ്ടര്‍ നിതീഷ് റെഡ്ഡിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ സ്ഥിരത പുലര്‍ത്തുന്നത്.

ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുന. മുഹമ്മദ് സിറാജിനും ആകാശ് ദീപിനും മികച്ച പിന്തുണ നല്‍കാനാകുന്നില്ല. സ്പിന്നറായി രവീന്ദ്ര ജഡേജ തുടര്‍ന്നേക്കും. അഡ്ലെയ്ഡില്‍ ബാറ്റ് കൊണ്ട് ജഡേജ തിളങ്ങിയിരുന്നു. മെല്‍ബണില്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ വ്യക്തമാക്കി. ആദ്യദിനം മുതല്‍ പേസര്‍മാര്‍ക്ക് ആധിപത്യം ലഭിക്കുമെന്നാണ് വിവരം.

ഓസീസ് നിരയില്‍ യുവതാരം സാം കോണ്‍സ്റ്റാഡ് ഓപ്പണറായി അരങ്ങേറും. നേഥന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാഡ് ടീമിലെത്തിയത്. ട്രാവിസ് ഹെഡിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് കരുതുന്നതെന്നും നാളെ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഓസീസ് പരിശീലകന്‍ പറഞ്ഞു. പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates