'അവര്‍ നല്ല പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷ നല്‍കിയിരുന്നു. അതുപോലെ ചെയ്യുകയും ചെയ്തു'

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:56 am IST

News Now

ജോഹന്നാസ്ബര്‍ഗ്: തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലം രഹാനേയും പൂജാരയും നല്‍കിയതായി ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. മോശം രീതിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുന്ന സീനിയര്‍ കളിക്കാരെ ടീമില്‍ നിലനിര്‍ത്തേണ്ടതുണ്ട് എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

അവരുടെ പരിചയസമ്പത്ത് നോക്കിയും ടീമിനായി പണ്ട് ചെയ്ത കാര്യങ്ങള്‍ പരിഗണിച്ചുമാണ് സീനിയര്‍ കളിക്കാരെ നിലനിര്‍ത്തുന്നത്. അവര്‍ നല്ല പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷ നല്‍കിയിരുന്നു. അതുപോലെ ചെയ്യുകയും ചെയ്തു. എന്നാല്‍ ചില സമയങ്ങളില്‍ സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ കടുത്ത നിലപാട് എടുക്കേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച് യുവ താരങ്ങള്‍ അവസരം കാത്ത് പുറത്ത് നില്‍ക്കുമ്പോള്‍, സുനില്‍ ഗാവസ്‌കര്‍ പറയുന്നു. 

വിക്കറ്റ് വലിച്ചെറിയാത്തിടത്തോളം സീനിയര്‍ കളിക്കാര്‍ക്ക് തുടരാം

എന്നാല്‍ മോശം രീതിയില്‍ ഈ സീനിയര്‍ കളിക്കാര്‍ വിക്കറ്റ് നഷ്ടപ്പെടുത്താത്തിടത്തോളം കാലം അവരില്‍ നമ്മള്‍ വിശ്വാസം വയ്‌ക്കേണ്ടതുണ്ട് എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. വാന്‍ഡറേഴ്‌സ് ടെസ്റ്റ് രഹാനെയ്ക്കും പൂജാരയ്ക്കും നിര്‍ണായകമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഇരുവരും പോസിറ്റീവ് ക്രിക്കറ്റ് കളിച്ച് അര്‍ധ ശതകം കണ്ടെത്തി. 

കോഹ് ലി നായകത്വം ഏറ്റെടുത്തതിന് ശേഷം കോഹ് ലി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യമായാണ് ടെസ്റ്റില്‍ തോല്‍ക്കുന്നത് എന്നത് അതിശയിപ്പിക്കുന്നതാണ്. സിഡ്‌നിയില്‍ സമനില വഴങ്ങിയിരുന്നു. എന്നാല്‍ അല്ലാത്തപ്പോഴെല്ലാം ഇന്ത്യ ജയിച്ചിട്ടുണ്ട് എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ എല്‍ഗറിന് സിംഗിളുകള്‍ എടുക്കാന്‍ അവസരം നല്‍കിയതാണ് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. എല്‍ഗറിന് വേണ്ടി ഡീപ്പില്‍ രണ്ട് ഫീല്‍ഡര്‍മാരെ നിര്‍ത്തേണ്ട ആവശ്യമില്ല. ഇതിലൂടെ സിംഗിളുകള്‍ എല്‍ഗര്‍ അനായാസം എടുത്തു എന്നും ഗാവസ്‌കര്‍ പറഞ്ഞു.