കമ്മിൻസിനെ വൈഭവ് കരുതിക്കൂട്ടി തന്നെ തല്ലി! 'ബേബി ബോസിന്റെ ഭ്രാന്തൻ രാത്രി' (വിഡിയോ)

പാറ്റ് കമ്മിൻസ് 4 ഓവറിൽ വഴങ്ങിയത് 64 റൺസ്

vaibhav suryavanshi clebrate
vaibhav suryavanshix
Last Updated :28 May 2026, 11:02 am IST
Edited by :രഞ്ജിത്ത് കാർത്തിക

മുള്ളൻപുരിലെ കഴിഞ്ഞ ദിവസത്തെ രാത്രി ക്രിക്കറ്റ് ലോകം സമീപ കാലത്തൊന്നും മറക്കാൻ സാധ്യതയില്ല. വൈഭവ് സൂര്യവംശിയെന്ന 15 വയസ് മാത്രം പ്രായമുള്ള പയ്യൻ ഐപിഎൽ എലിമിനേഷൻ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനായി പുറത്തെടുത്ത മാസ്മരിക ഇന്നിങ്സ് അതൊരു കേവലം ബാറ്റിങ് പ്രകടനം മാത്രമല്ല. ടി20 ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള നീക്കിയിരിപ്പു കൂടിയാണ്.

സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനും ലോകോത്തര പേസ് ബൗളറുമായ പാറ്റ് കമ്മിൻസിനെ പോലൊരു താരത്തെ ക്രീസിൽ വെറും കാഴ്ചക്കാരനാക്കി വൈഭവ് മാറ്റുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം അമ്പരപ്പോടെ സാക്ഷികളായത്. ഈ മത്സരത്തിനു മുൻപ് തന്നെ പ്രാഥമിക ഘട്ടത്തിൽ തനിക്കെതിരെ വൈഭവ് നടത്തിയ വെടിക്കെട്ട് ബാറ്റിങിൽ കമ്മിൻസ് അത്ഭുതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബുധനാഴ്ച അതുക്കും മേലെയുള്ള പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. ഓസീസ് നായകന്റെ 4 ഓവറിൽ പിറന്നത് 64 റൺസുകളാണ്. അതിൽ ഭൂരിഭാ​ഗവും വൈഭവിന്റെ ബാറ്റിൽ നിന്നായിരുന്നു.

കേവലം കൂറ്റനടികൾ മാത്രമായി യൂനിവേഴ്സ് ബേബി ബോസിന്റെ ബാറ്റിങിനെ കാണാൻ സാധിക്കില്ല. അതിനു പിന്നിൽ കൃത്യമായ ക്രിക്കറ്റ് ബുദ്ധിയുണ്ടെന്നു വ്യക്തം. പാറ്റ് കമ്മിൻസിന്റെ രണ്ടാം ഓവർ തന്നെ അതിനു ഉദാഹരണം. കമ്മിൻസ് എറിഞ്ഞ ഈ ഓവറിൽ വൈഭവ് ഹാട്രിക്ക് സിക്സുകളാണ് തൂക്കിയത്.

തന്ത്രപരമായ ആധിപത്യം

മൂന്നാം പന്ത്: ബൗളിങ് തുടങ്ങും മുൻപ് കമ്മിൻസ് തേർഡ് മാൻ ഫീൽഡറെ പിന്നിലേക്ക് മാറ്റിയിരുന്നു. നായകന്റെ ആദ്യ പന്ത് വൈഭവ് നേര ​ഗ്രൗണ്ടിനു മുകളിലൂടെ സിക്സിലേക്ക് തൂക്കിയാണ് എതിരേറ്റത്.

നാലാം പന്ത്: തേർഡ് മാനെ ഉള്ളിലേക്ക് കൊണ്ടുവന്ന് ലോങ് ഓഫിലുള്ള ഫീൽഡറെ പിന്നിലേക്ക് മാറ്റി. കമ്മിൻസ് ഷോർട്ട് ബോൾ എറിഞ്ഞു. അതു കൃത്യം കണക്കുകൂട്ടി നിന്ന വൈഭവ് തേർഡ് മാന് മുകളിലൂടെ അപ്പർ കട്ട് ചെയ്തു സിക്സർ തൂക്കി.

അഞ്ചാം പന്ത്: ഫീൽഡിൽ വീണ്ടും മാറ്റങ്ങൾ വരുത്തി കമ്മിൻസ് മൂന്നാം പന്ത് എറിയാൻ ഒരുങ്ങി. ഒരു സ്ലോവർ ഡെലിവറിയാണ് താരം എറിഞ്ഞത്. ഇത് മുൻകൂട്ടി കണ്ട് മൂന്നാം പന്ത് ബൗളറുടെ തലയ്ക്കു മുകളിലൂടെ വൈഭവ് സിക്സിലേക്കു തന്നെ പറത്തി.

ഈ മൂന്ന് സിക്സുകൾക്കു പിന്നാലെ ഐപിഎഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡ് വണ്ടർ കിഡ് തന്റെ പേരിലാക്കിയിരുന്നു. ക്രിസ് ​ഗെയ്ൽ 13 വർഷം മുൻ സ്ഥാപിച്ച റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 59 സിക്സുകളാണ് ​ഗെയ്ലിന്റെ പേരിലുണ്ടായിരുന്നത്. നിലവിൽ വൈഭവ് ഈ സീസണിൽ മാത്രം 65 സിക്സുകൾ പറത്തിക്കഴിഞ്ഞു.

ഹൃ​ദയം മുറിഞ്ഞ് മടക്കം

വെറും 29 പന്തിൽ 12 സിക്സുകൾ സഹിതം 97 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. ക്രിസ് ​ഗെയ്ലിന്റെ 30 പന്തിലെ ഏറ്റവും വേ​ഗമേറിയ ഐപിഎൽ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ വൈഭവിനു പക്ഷേ സാധിച്ചില്ല. 28 പന്തിൽ 97 റൺസെടുത്തു നിൽക്കെ 29ാം പന്തിൽ തേർഡ് മാനിൽ സ്മരൻ രവിചന്ദ്രനു ക്യാച്ച് നൽകി താരം പുറത്താകുമ്പോൾ സ്റ്റേഡിയം നിശബ്ദമായി. ചരിത്ര നേട്ടത്തിനു 3 റൺസ് അകലെ വൈഭവ് വീണു. റെക്കോർഡ് മറികടക്കാൻ സാധിക്കാത്തതിന്റെ നിരാശയിൽ താരം കുറച്ചു നേരെ ക്രീസിൽ നിന്നു. പിന്നീട് പവലിയനിലേക്ക് മടങ്ങി.

ഫീൽഡറുടെ സ്ഥാനം നോക്കി മനഃപൂർവമാണ് ഞാൻ ആ ഷോട്ട് കളിച്ചത്. പന്ത് കുറച്ചു കൂടി സ്ക്വയർ ആയി അടിക്കാനാണ് നോക്കിയത്. അതിനു പകരം തേർഡ് മാനിലേക്ക് റാംപ് ഷോട്ട് കളിച്ചാൽ മതിയായിരുന്നു. അതു ഫോർ പോയി കിട്ടുമായിരുന്നു- പുറത്തായതിനു ശേഷം വൈഭവ് തന്നെ പറഞ്ഞ കാര്യമാണിത്.

പുറത്തായി മടങ്ങുമ്പോൾ സൺറൈസേഴ്സ് താരങ്ങൾ വന്ന് വൈഭവിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ താരം അമ്പേ നിരാശനായിരുന്നു. റെക്കോർഡ‍് സെഞ്ച്വറി പിറന്നില്ലെങ്കിലും 29 പന്തിൽ 97 റൺസെന്ന സ്കോർ ചിത്രം ക്രിക്കറ്റ് ലോകത്തോട് ഒരു കാര്യം ഉറക്കെ പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ പോലും ഒരു ഭയവുമില്ലാതെ നേരിട്ട ഒരു കൗമാരക്കാരൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിയെഴുതാൻ കെൽപ്പ് തനിക്കുണ്ടെന്നു പ്രഖ്യാപിച്ച രാത്രി കൂടിയാണ് മുള്ളൻപുരിൽ അവസാനിച്ചത്.

News Now

Summary

vaibhav suryavanshi's 97 was not power-hitting alone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics