ഇതുവരെ വഴങ്ങാത്ത മണ്ണില്‍ ഇന്ത്യ; മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍; ചരിത്രമെഴുതാന്‍ കോഹ്‌ലിയും സംഘവും

ഇതുവരെ വഴങ്ങാത്ത മണ്ണില്‍ ഇന്ത്യ; മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍; ചരിത്രമെഴുതാന്‍ കോഹ്‌ലിയും സംഘവും

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:56 am IST

കേപ് ടൗണ്‍: ആദ്യ പോരാട്ടത്തില്‍ സെഞ്ചൂറിയനില്‍ വിജയം. പിന്നാലെ വാണ്ടറേഴ്‌സില്‍ തോല്‍വി. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടം. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നില്‍ക്കുന്നത്. ജയിക്കുന്ന ടീമിന് പരമ്പര. 

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരിക്ക് മാറി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. 

ഇന്ത്യ ഇന്നുവരെ ഒരു ടെസ്റ്റ് മത്സരം പോലും കേപ് ടൗണില്‍ വിജയിച്ചിട്ടില്ല. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് ഫലം. 

പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഇഷാന്ത് ശര്‍മയോ ഉമേഷ് യാദവോ ടീമിലെത്തിയേക്കും. മധ്യനിരയില്‍ മികവ് കാട്ടാനാകാതെ ഉഴറിയ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ സഖ്യം രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറികള്‍ നേടി ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ തന്നത് ഇന്ത്യക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഹനുമ വിഹാരിക്ക് ഇടം പോകും. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ മികവില്ലായ്മയാണ് ഇന്ത്യയെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്‌നം. താരത്തെ മാറ്റി സാഹയെ കളിപ്പിക്കാന്‍ മുറവിളി ശക്തമാണ്. എന്നാല്‍ പന്തിന് ഇത്തവണയും അവസരം നല്‍കിയേക്കും. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 

ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍, കീഗന്‍ പീറ്റേഴ്‌സന്‍, ടെംബ ബവുമ എന്നിവരുടെ ഫോമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായുള്ളത്. മറ്റുള്ളവര്‍ക്ക് ഇപ്പോഴും മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. കഗിസോ റബാഡയും ലുംഗി എന്‍ഗിഡിയും നയിക്കുന്ന ബൗളിങ് നിരയും സുസജ്ജമാണ്. രണ്ടാം ടെസ്റ്റ് കളിച്ച ടീമിനെ തന്നെയാകും ദക്ഷിണാഫ്രിക്ക നിലനിര്‍ത്തുക. കരിയറില്‍ 50ാം ടെസ്റ്റ് പോരാട്ടത്തിനാണ് പേസര്‍ റബാഡ ഇന്ന് ഇറങ്ങുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളിയായേക്കുമെന്ന തരത്തിലാണ് നിലവില്‍ പിച്ച് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ സാധ്യതാ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്‌റ, ഇഷാന്ത് ശര്‍മ/ ഉമേഷ് യാദവ്.
 

News Now