ഇന്ത്യൻ ക്രിക്കറ്റിന് 'വെരി വെരി സ്പെഷൽ' നിയന്ത്രണം... ഇനി എല്ലാം 'ലക്ഷ്മൺ' പറയും!

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭരണ സംവിധാനത്തിൽ പൊളിച്ചെഴുത്തിന് സാധ്യത

VVS Laxman
VVS Laxmanx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :14 ഓഗസ്റ്റ് 2026, 11:52 am IST

മുംബൈ: ഇതിഹാസ ടെസ്റ്റ് ബാറ്ററും നിലവിൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് അധ്യക്ഷനുമായ വിവിഎസ് ലക്ഷ്മണിനു ഇന്ത്യൻ ക്രിക്കറ്റിൽ കൂടുതൽ വലിയ ഉത്ത​രവാദിത്വം ലഭിച്ചേക്കും. സെപ്റ്റംബറിൽ ബിസിസിഐയുടെ പ്രധാന തസ്തികകളിൽ അഴിച്ചുപണി നടക്കാനിരിക്കെയാണ് സുപ്രധാന വിവരം പുറത്തു വന്നത്. ലക്ഷ്മണിനെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്കാണ് പരി​ഗണിക്കുന്നത് എന്നാണ് വിവരം. സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അ​ഗാർക്കറുടെ കാലവധി സെപ്റ്റംബറിൽ അവസാനിക്കുന്നതും ദേശീയ ടീമിന്റെ കോച്ചിങ് സംവിധനങ്ങൾ കർശന പരിശോധനയ്ക്കു വിധേയമാകുന്നതുമായ ഈ പശ്ചാത്തലത്തിൽ ബോർഡ് നിർണായക തീരുമാനം എടുത്തേക്കുമെന്നാണ് വിവരം.

ബം​ഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ കളിക്കാരുടെ വളർച്ചയും ഉയർന്ന പ്രകടനത്തിനുള്ള പദ്ധതികളുടേയും മേൽനോട്ടം വഹിക്കുന്ന ലക്ഷ്മണിനു പുതിയ പദവി കൂടി ലഭിക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ നിലവിലെ ഉത്തരവാദിത്വങ്ങളുടെ വ്യാപ്തി കൂട്ടുന്നതായിരിക്കും. എന്നാൽ ഈ നിയമനത്തെക്കുറിച്ചോ പുതിയ പദവിയുടെ കൃത്യമായ ഘടനയെക്കുറിച്ചോ ബിസിസിഐയുടെ ഭാ​ഗത്തു നിന്നു ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

പലപ്പോഴായി സീനിയർ ടീമിന്റെ പരിശീലക സ്ഥാനം വഹിച്ച ആളാണ് ലക്ഷ്മൺ. അതിനാൽ തന്നെ സീനിയർ ടീമുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് അദ്ദേഹം. ഈയടുത്ത് സിംബാബ്‍വെയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ കോച്ചും ലക്ഷ്മണായിരുന്നു. പരമ്പര ഇന്ത്യ 3-0ത്തിനു തൂത്തുവാരുകയും ചെയ്തു.

എന്താണ് ‍ഡയറക്ടർ ഓഫ് ക്രിക്കറ്റ്

നിലവിൽ ഈ പദവികൊണ്ട് ബിസിസിഐ ഉദ്ദേശിക്കുന്നത് എന്താണെന്നു കൃത്യമായി പറയാൻ ഇപ്പോൾ സാധിക്കില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിൽ ലക്ഷ്മൺ തന്റെ അധികാരത്തിന്റെ പരിധി കൂടുതൽ വിശാലമാക്കുന്നുവെന്ന് ഏതാണ്ട് അനുമാനിക്കാം. സീനിയർ ടീം, സെലക്ഷൻമാർ, കോച്ചുമാർ, സെന്റർ ഓഫ് എക്സലൻസ്, പ്ലെയർ പാത്‍വേ അടക്കമുള്ളവയുടെ മേൽനോട്ടവും ഉത്തരവാദിത്വവും അദ്ദേഹത്തിനു നൽകുകയാണ് ലക്ഷ്യം എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കളിക്കാരുടെ വളർച്ച, ഹൈ പെർഫോമൻസ് പ്ലാനിങ് അടക്കമുള്ള മേഖലകളിൽ നിലവിൽ മുഴുകിയിരിക്കുന്ന ആളാണ് അദ്ദേഹം. അതിനാൽ തന്നെ പുതിയ പദവിയിലും അതിന്റെ തുടർച്ച മതിയെന്ന എളുപ്പവും അദ്ദേഹത്തിനുണ്ട്. മാത്രമല്ല സീനിയർ ടീം മുതൽ താഴെയുള്ള ടീം വരെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിച്ചും ലക്ഷ്മണ് പരിചയമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ​ഹൃദയമിടിപ്പിന്റെ ആഴം ശരിക്കും അറിയുന്ന ആളെന്നു തന്നെ ചുരുക്കത്തിൽ അദ്ദേഹത്തെ വിളിക്കാം.

ഈ മാറ്റം വരാനുള്ള സമയവും ഇക്കാര്യത്തിൽ നിർണായകമാണ്. 2027ലെ ഏകദിന ലോകകപ്പിനു മുന്നോടിയായി ചീഫ് സെലക്ടറായ അ​ഗാർക്കറുടെ കാലാവധി കഴിയും. സമീപകാലത്ത് ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ അ​ഗാർക്കർ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. ​ഗൗതം ​ഗംഭീർ പരിശീലകനായി വന്ന ശേഷമുള്ള ടെസ്റ്റ് ടീമിന്റെ പ്രകടനവും ചോദ്യ ചിഹ്നത്തിലാണ്. അതിനിടെയാണ് സിംബാബ്‍വെയിൽ ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സംഘം പരമ്പര തൂത്തുവാരിയത്. ഇതോടെ ലക്ഷ്മൺ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാൽ പരിശീലക സ്ഥാനം ആ​ഗ്രഹിക്കുന്നില്ലെന്നും നിലവിലെ ജോലിയിൽ സംതൃപ്തനാണെന്നും അ​ദ്ദേഹത്തോടു അടുത്തവൃത്തങ്ങൾ പറയുന്നു.

2024ൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ച് സ്ഥാനം ഒഴിഞ്ഞപ്പോൾ അന്നും ആദ്യം മുഴങ്ങിക്കേട്ട പേര് ലക്ഷ്മണിന്റേതാണ്. എന്നാൽ അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഒരുക്കമായില്ല. പുനഃസംഘടിപ്പിച്ച ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തത്. അന്ന് മുതൽ ഇന്ത്യൻ ക്രിക്കറ്റിലെ താര വളർച്ചാ ഘടനയിലെ നിർണായക സാന്നിധ്യമാണ് ലക്ഷ്മൺ.

News Now

Summary

VVS Laxman could be in line for a major new role within the BCCI. The former India batter is likely to take charge as Director of Cricket, expanding his influence beyond the Centre of Excellence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates