'ഞങ്ങളും ഭയമില്ലാത്ത കൂട്ടരാണ്', മുംബൈ ഇന്ത്യന്‍സിനെ തകര്‍ക്കാനാവുമെന്ന് ശ്രേയസ് 

'ആ ദിവസം എങ്ങനെയാണോ അത് അനുസരിച്ചിരിക്കും. ഫൈനലുകള്‍ കളിച്ചുള്ള അനുഭവ സമ്പത്ത് അവര്‍ക്കുണ്ട്'

Last Updated :20 January 2024, 8:32 am IST

അബുദാബി: തുടരെ നാല് തോല്‍വികളില്‍ നിന്ന് ടീം തിരിച്ചെത്തിയ വിധം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ നിര്‍ഭയരായ തന്റെ കളിക്കാര്‍ക്ക് സാധിക്കുമെന്നും ശ്രേയസ് പറഞ്ഞു. 

ആ ദിവസം എങ്ങനെയാണോ അത് അനുസരിച്ചിരിക്കും. ഫൈനലുകള്‍ കളിച്ചുള്ള അനുഭവ സമ്പത്ത് അവര്‍ക്കുണ്ട്. എന്നാല്‍ ടീം എന്ന നിലയില്‍ ഞങ്ങളുടെ ചിന്താഗതിയും, മനസാന്നിധ്യവും ആവും ആ ദിവസം അതിജീവിക്കാന്‍ ഞങ്ങളെ സഹായിക്കുക. സമ്മര്‍ദ ഘട്ടങ്ങളില്‍ കാര്യങ്ങളെ സങ്കീര്‍ണമാക്കാതെ ലളിതമായി കാണുകയാണ് വേണ്ടത് എന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. 

'ആര്‍സിബിക്കെതിരെ നേടിയത് മികച്ച വിജയമാണ്. അത് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുകയും ചെയ്യും. തുടരെ നാല് തോല്‍വി വഴങ്ങിയതിന് ശേഷമുള്ള ഈ ജയം ഞങ്ങളുടെ മുഖത്ത് ചിരി കൊണ്ടുവരാന്‍ സഹായിച്ചു. എല്ലാ മേഖലയിലും ഇന്ന് ടീം നന്നായി കളിച്ചു. പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം ടൂര്‍ണമെന്റില്‍ എത്ര നന്നായാണ് കളിച്ചത് എന്നതിലേക്ക് ചൂണ്ടുന്നു.'

രഹാനെയേയും ശ്രേയസ് അഭിനന്ദിച്ചു. ഐപിഎല്ലിലെ രഹാനെയുള്ള പരിചയ സമ്പത്ത് ഗുണം ചെയ്യുന്നുണ്ട്. തന്റെ ഇന്നിങ്‌സ് രഹാനെ പടുത്തുയര്‍ത്തിയ വിധം വിസ്മയിപ്പിക്കുന്നതാണ്. വലിയ മാതൃകയാണ് രഹാനെ ഇവിടെ കാണിച്ച് തരുന്നത്. ശരിയായ സമയത്ത് അദ്ദേഹം ഫോമിലേക്ക് എത്തി. വരുന്ന മത്സരങ്ങള്‍ പ്രധാനപ്പെട്ടതായതിനാല്‍ രഹാനെയ്ക്ക് ടീമില്‍ വലിയ പങ്ക് വഹിക്കാന്‍ ഉണ്ടെന്നും ശ്രേയസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now