ഹാട്രിക്ക് നേട്ടത്തോടെ കുൽദീപ് ഒരു അപൂർവ റെക്കോർഡും സ്വന്തം പേരിലാക്കി

Last Updated :20 January 2024, 8:09 am IST

News Now

വിശാഖപ്പട്ടണം: ഹാട്രിക്ക് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിന്റെ മായാജാലമാണ് ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വിൻഡീസിനെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടത്. ഹാട്രിക്ക് നേട്ടത്തോടെ കുൽദീപ് ഒരു അപൂർവ റെക്കോർഡും സ്വന്തം പേരിലാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് കുൽദീപ് സ്വന്തം പേരിലാക്കിയത്. 2017ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു കുല്‍ദീപിന്റെ ആദ്യ ഹാട്രിക്ക്.

രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ഹാട്രിക്ക് നേടുന്ന ആറാമത്തെ ബൗളറായി കുല്‍ദീപ് മാറി. ലസിത് മലിംഗ (മൂന്ന്), വാസിം അക്രം (രണ്ട്), സഖ്ലെയ്ൻ മുഷ്താഖ് (രണ്ട്), ചാമിന്ദ വാസ് (രണ്ട്), ട്രെന്റ് ബോള്‍ട്ട് (രണ്ട്) എന്നിവരാണ് കുല്‍ദീപിന് പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ഹാട്രിക്ക് നേടിയവര്‍.
‍
32ാം ഓവർ എറിയാനെത്തിയപ്പോഴാണ് കുൽദീപ് തുടരെ മൂന്ന് വിക്കറ്റുകൾ കൊയ്തത്. ഈ വിക്കറ്റ് വേട്ട വിൻഡീസിന്റെ പ്രതീക്ഷകൾ അപ്പാടെ തല്ലിക്കെടുത്തി. 32ാം ഓവറിലെ നാലാം പന്തില്‍ ഷായ് ഹോപ്പിനെ ബൗണ്ടറിയില്‍ വിരാട് കോഹ്‌ലിയുടെ കൈകകളില്‍ എത്തിച്ചാണ് കുല്‍ദീപ് വിക്കറ്റ് വേട്ട തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ജേസണ്‍ ഹോള്‍ഡറെ ഋഷഭ് പന്ത് മിന്നല്‍ സ്റ്റമ്പിങിലൂടെ പുറത്താക്കി. അവസാന പന്തില്‍ അല്‍സാരി ജോസഫിനെ കേദാര്‍ ജാദവിന്റെ കൈകളില്‍ എത്തിച്ചാണ് കുല്‍ദീപ് ഹാട്രിക്ക് നേട്ടം പൂർത്തിയാക്കിയത്.

1987ല്‍ ചേതന്‍ ശര്‍മയാണ് ഇന്ത്യക്കായി ഏകദിനത്തില്‍ ആദ്യമായി ഹാട്രിക്ക് നേടിയത്. 1991ല്‍ കപില്‍ ദേവ് ശ്രീലങ്കക്കെതിരെ ഹാട്രിക്ക് സ്വന്തമാക്കി. പിന്നീട് ഏകദിനത്തില്‍ ഇന്ത്യക്കായി ഹാട്രിക്ക് പിറന്നത് 16 വര്‍ഷങ്ങള്‍ക്കു ശേഷം കുല്‍ദീപിലൂടെയായിരുന്നു. 2017ല്‍ ഓസ്ട്രേലിയക്കെതിരെ.  

ഈ വര്‍ഷം ലോകകപ്പില്‍ മുഹമ്മദ് ഷമി അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് നേടി. വിന്‍ഡീസിനെതിരെ കുല്‍ദീപ് ഹാട്രിക്ക് നേടിയതോടെ ഒരു വര്‍ഷം രണ്ട് ബൗളര്‍മാര്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടിയെന്ന അപൂര്‍വതയും സംഭവിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുൽദീപിന്റെ മായാജാലം; ഹാട്രിക്കും അപൂർവ റെക്കോർഡും