ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരം കടുക്കും; 'കുറഞ്ഞ വിലയില്‍' സീറോ ആല്‍ഫയുമായി ഹോണ്ട, നിരവധി ഫീച്ചറുകള്‍

വാഹന പ്രേമികളുടെ ഇലക്ട്രിക് ഹോണ്ട എസ് യുവിക്കായുള്ള കാത്തിരിപ്പ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അവസാനിക്കും

Honda Zero Alpha
Honda Zero AlphaSOURCE: X
Edited by :dhanojam
Last Updated :30 ഒക്ടോബർ 2025, 1:24 pm IST

മുംബൈ: വാഹന പ്രേമികളുടെ ഇലക്ട്രിക് ഹോണ്ട എസ് യുവിക്കായുള്ള കാത്തിരിപ്പ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ പ്രോട്ടോടൈപ്പ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി അവതരിപ്പിച്ചു. ഹോണ്ട സീറോ ആല്‍ഫ (Honda 0 Alpha) എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഹോണ്ടയുടെ സീറോ സീരീസ് ഇവികളിലെ ആദ്യ വാഹനമാണ്. 2027 ല്‍ ഇതിന്റെ ഉല്‍പ്പാദനത്തിലേക്ക് കമ്പനി കടക്കും. അതേ വര്‍ഷം തന്നെ ഇന്ത്യയിലും ഇത് ലോഞ്ച് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

സീറോ ആല്‍ഫ ഇന്ത്യന്‍, ജാപ്പനീസ് വിപണികളില്‍ 2027ല്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിലാകും മോഡലിന്റെ ഉല്‍പ്പാദനം നടക്കുക. ഹോണ്ടയുടെ സീറോ സീരീസ് ഇവി കുടുംബത്തിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ മോഡലിന്റെ പ്രിവ്യൂ ആണ് നടന്നത്. നഗര, പ്രകൃതിദത്ത പരിതസ്ഥിതികളുമായി ഇണങ്ങുന്നതും 'മികച്ച യാത്രാ സുഖം' പ്രദാനം ചെയ്യുന്നതുമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

ഇക്കൊല്ലം നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ അവതരിപ്പിച്ച സീറോ എസ്‌യുവിയുടെ ഡിസൈന്‍ എലമെന്റുകളാണ് പുതിയ വാഹനത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ വലിപ്പം കുറഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ ഉയരത്തില്‍ കാര്യമായ മാറ്റം വരുത്തിയെങ്കിലും ഗ്രൗണ്ട് ക്ലിയറന്‍സില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടില്ലെന്നും കമ്പനി പറയുന്നു.

ഗ്രില്‍ ഏരിയയ്ക്ക് പകരം ചാര്‍ജ് പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന ഒരു സീല്‍ഡ്-ഓഫ് ഗ്ലോസ് ബ്ലാക്ക് പാനല്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. അതിനു മുകളില്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളിലേക്ക് ഒഴുകുന്ന തരത്തില്‍ ഒരു ഫുള്‍-വീല്‍ഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് ഉണ്ട്.ബാറ്ററി 50-70 kWh പരിധിയിലായിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഹോണ്ടയുടെ എസ്യുവിയെ മറ്റ് കാര്‍ നിര്‍മ്മാതാക്കളുടെ മോഡലുകളുമായി മത്സരിക്കാന്‍ സഹായിക്കും. ഒറ്റ ചാര്‍ജില്‍ 400 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരം പിന്നിടാന്‍ കഴിയുന്ന തരത്തിലുള്ള ബാറ്ററി പായ്ക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബോണറ്റില്‍ എല്‍ഇഡി ലൈറ്റുകള്‍ മനോഹരമായി ക്രമീകരിച്ചിട്ടുണ്ട്. ബോണറ്റിന് മുകളിലുള്ള എല്‍ഇഡി സ്ട്രിപ്പുകള്‍ വാഹനത്തിന് ആധുനിക ലുക്ക് നല്‍കുന്നുണ്ട്. മുന്നിലെ ഗ്രില്ലിലാണ് ഇല്യൂമിനേറ്റഡ് ഹോണ്ട ലോഗോയും ചാര്‍ജിംഗ് പോര്‍ട്ടും നല്‍കിയിരിക്കുന്നത്. കനം കൂടിയ ബോഡി ക്ലാഡിംഗും പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും 19 ഇഞ്ച് 5 സ്പോക്ക് അലോയ് വീലുകളുമാണ് മറ്റു പ്രത്യേകതകള്‍.

News Now

Summary

electric honda SUV ; new Honda Zero Alpha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates