നൂറ് ശതമാനവും എഥനോളില്‍, വരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്‌ളെക്‌സ് ഫ്യുവല്‍; ലോഞ്ച് അടുത്തമാസം

പൂര്‍ണമായും എഥനോളില്‍ ഓടുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

Toyota Innova Hycross
Toyota Innova HycrossFILE
Edited by :Dhanoj AM
Last Updated :28 സെപ്റ്റംബർ 2026, 2:47 pm IST

ന്യൂഡല്‍ഹി: പൂര്‍ണമായും എഥനോളില്‍ ഓടുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന്റെ ആവശ്യമില്ലാതെ 100 ശതമാനവും എഥനോളില്‍ ഓടുന്ന വാഹനമായിരിക്കും ഇത്.

നിലവില്‍ 19 രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ എഥനോളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. ഇ100 എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ടയുടെ ഇലക്ട്രിഫൈഡ് ഫ്‌ളെക്‌സ് ഫ്യുവല്‍ ഹൈക്രോസ് ആദ്യമായി 2023ലാണ് പ്രദര്‍ശിപ്പിച്ചത്.

അടുത്തിടെ മാരുതി സുസുക്കി ഇ20 മുതല്‍ ഇ85 വരെയുള്ള എഥനോള്‍- പെട്രോള്‍ മിശ്രിതങ്ങളില്‍ ഓടിക്കാന്‍ സാധിക്കുന്ന വാഗണ്‍ആര്‍ ബയോഫ്‌ളെക്‌സ് അവതരിപ്പിച്ചിരുന്നു. 7.24 ലക്ഷം രൂപയാണ് പ്രാരംഭവില. ഇസഡ്എക്‌സ്‌ഐപ്ലസ് 1.2 ലിറ്റര്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന് സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനേക്കാള്‍ 86000 രൂപ അധിക വില നല്‍കണം.

മധ്യപ്രദേശിലെ 10 റൂട്ടുകളില്‍ ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ഇ- ബസ് സേവാ സ്‌കീം അനുസരിച്ച് ഹൈഡ്രജന്‍ ബസുകള്‍ക്കായി 57000 കോടി രൂപയാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. 10,000 ബസുകള്‍ നിരത്തിലിറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയതായും ഗഡ്കരി ചൂണ്ടിക്കാട്ടി.

News Now

Summary

Toyota Innova Hycross Flex-Fuel Launch In October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates