5,10, 20, 25 വര്‍ഷം കൊണ്ട് കോടീശ്വരനാകണോ?, എസ്‌ഐപിയില്‍ എത്ര വീതം നിക്ഷേപിക്കണം?; അറിയാം കണക്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്.

sip investment
sip investmentപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :4 ജൂൺ 2026, 1:27 pm IST

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം എത്രനാള്‍ തുടരുമെന്നതിലും വ്യക്തതയില്ല. അതുകൊണ്ട് തന്നെ പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്.

അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

എസ്‌ഐപി നിക്ഷേപത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കോടീശ്വരനാകണമെങ്കില്‍ പ്രതിമാസം കുറഞ്ഞത് 1,21,232 രൂപ വേണ്ടി വരുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. റുപ്പി കോസ്റ്റ് ആവറേജും കോമ്പൗണ്ടിങ്ങും സംയോജിപ്പിച്ചാണ് ഈ അനുമാനത്തില്‍ എത്തിയത്.

പത്തുവര്‍ഷം കൊണ്ടാണ് ഒരു കോടി രൂപ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതെങ്കില്‍ പ്രതിമാസം എസ്‌ഐപി നിക്ഷേപമായി 43,041 രൂപ വേണ്ടി വരും. 20 വര്‍ഷത്തേയ്ക്കാണെങ്കില്‍ പ്രതിമാസ എസ്‌ഐപി ഇനിയും കുറയും. മാസം 10,009 രൂപ വീതം മതിയാവും. 25 വര്‍ഷം ലക്ഷ്യമിട്ടാണെങ്കില്‍ മാസം 5270 രൂപ വീതം മതിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അഞ്ചു വര്‍ഷം കൊണ്ട് കോടീശ്വരനാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ കാലയളവില്‍ എസ്‌ഐപി നിക്ഷേപമായി വരിക 72.74 ലക്ഷം രൂപയാണ്. എസ്‌ഐപി നിക്ഷേപത്തിലൂടെയുള്ള വരുമാനമായി കിട്ടുക 27.26 ലക്ഷം രൂപയാണ്. ഇത് രണ്ടും കൂടി ചേരുമ്പോഴാണ് ഒരു കോടിയുടെ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കുക. 25 വര്‍ഷം ലക്ഷ്യമിട്ടാണ് എസ്‌ഐപി നിക്ഷേപം തുടങ്ങിയതെങ്കില്‍ മാസം 5270 രൂപയാണ് നീക്കിവെയ്‌ക്കേണ്ടി വരിക. ഒരു കോടിയുടെ കോര്‍പ്പസ് സൃഷ്ടിക്കാന്‍ 25 വര്‍ഷം കൊണ്ട് 15.81 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. എന്നാല്‍ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനമായി ലഭിക്കുക 84.19 ലക്ഷം രൂപയാണെന്നും വിദഗ്ധര്‍ പറയുന്നു.

News Now

Summary

How much SIP do you need to build Rs 1 crore in 5, 10 and 20 years? 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates