സിനിമ ഇഷ്ടപ്പെടാതെ തിയറ്ററിൽ നിന്ന് ഇറങ്ങിയോ? വിഷമിക്കേണ്ട, കാണാത്ത ഭാ​ഗത്തിന്റെ പൈസ തിരികെ കിട്ടും! 'ഫ്ലെക്സി ഷോ'യുമായി പിവിആർ

നിലവിൽ ഡൽഹിയിലെയും ഗുഡ്‌ഗാവിലെയും 40 തിയറ്ററുകളിലാണ് ആദ്യഘട്ടത്തിൽ ‘ഫ്ലെക്സി ഷോ’ പിവിആർ പരീക്ഷിക്കുന്നത്.

PVR INOX
പ്രതീകാത്മക ചിത്രം
Last Updated :21 December 2024, 9:56 am IST
Edited by :Hima Prakash

ന്യൂഡൽഹി: സിനിമ കണ്ട് ഇഷ്ടപ്പെട്ടാതെ തിയറ്ററിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന വിഷമം ഇനി വേണ്ട. സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം അവതരിപ്പിച്ച് പിവിആർ ഐനോക്സ്. ‘ഫ്ലെക്സി ഷോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ തിയറ്ററിൽ ഇരിക്കുന്ന സമയം മാത്രം പരിഗണിച്ചായിരിക്കും ടിക്കറ്റ് നിരക്ക്.

നിലവിൽ ഡൽഹിയിലെയും ഗുഡ്‌ഗാവിലെയും 40 തിയറ്ററുകളിലാണ് ആദ്യഘട്ടത്തിൽ ‘ഫ്ലെക്സി ഷോ’ പിവിആർ പരീക്ഷിക്കുന്നത്. സാധാരണയുള്ള ടിക്കറ്റിനേക്കാൾ 10% അധിക ചാർജാണ് ഫ്ലെക്സി ടിക്കറ്റിന് ഈടാക്കുക. തുടർന്ന് പ്രേക്ഷകൻ എത്ര നേരം തിയറ്ററിലുണ്ടായിരുന്നു എന്ന് കണക്കാക്കി ബാക്കി തുക റീഫണ്ട് ചെയ്യും.

സിനിമയുടെ ആകെ ദൈർഘ്യത്തിന്റെ 75 ശതമാനത്തിൽ അധികം ബാക്കിയുള്ളപ്പോഴാണ് പുറത്ത് പോകുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 60% തിരികെ ലഭിക്കും. 50 മുതൽ 75% വരെ ബാക്കിയുള്ളപ്പോൾ ഇറങ്ങിയാൽ 50% തുകയും 25% - 50% വരെ ബാക്കിയുണ്ടെങ്കിൽ 30% ടിക്കറ്റു തുകയും തിരികെ ലഭിക്കും.

തിയറ്ററിനുള്ളിലെ ഓരോ സീറ്റുകളും മോണിറ്റർ ചെയ്യുന്ന എഐ കാമറകൾ ഉപയോഗിച്ചാണ് പ്രേക്ഷകൻ സീറ്റിലുണ്ടോ എന്ന് തീരുമാനിക്കുന്നത്. തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ബോക്സ് ഓഫിസ് കൗണ്ടറിലെത്തി ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രേക്ഷകർക്ക് റീഫണ്ട് കൈപ്പറ്റാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now