മകളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; ഏതാണ് കൂടുതല്‍ മെച്ചം?

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഓപ്ഷനുകള്‍ അന്വേഷിച്ചാല്‍ നിരവധി പദ്ധതികള്‍ മുന്നില്‍ എത്തും

Sukanya Samriddhi Yojana vs sip
Sukanya Samriddhi Yojana vs sipAi image
Edited by :Dhanoj AM
Last Updated :29 ഓഗസ്റ്റ് 2026, 9:44 pm IST

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഓപ്ഷനുകള്‍ അന്വേഷിച്ചാല്‍ നിരവധി പദ്ധതികള്‍ മുന്നില്‍ എത്തും. എങ്കിലും കൂടുതല്‍ ആളുകള്‍ പറയുക ലഘു സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയും എസ്‌ഐപിയുമായിരിക്കും. ഇവയില്‍ ഏതാണ് കൂടുതല്‍ നേട്ടം നല്‍കുക എന്ന് നോക്കാം.

സുകന്യ സമൃദ്ധി യോജന

2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടുതന്നെ സുരക്ഷ 100 ശതമാനമാണ്. നിക്ഷേപത്തിന് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നേടാനും സാധിക്കും. ഈ സ്‌കീമിന് കീഴില്‍ അക്കൗണ്ട് തുറക്കാന്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, താമസ രേഖ എന്നിവ ആവശ്യമാണ്.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

എസ്ഐപി നിക്ഷേപം

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാട്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്. ദീര്‍ഘകാല ലക്ഷ്യമിട്ട് എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

പ്രതിമാസം ആയിരം രൂപ വീതം വര്‍ഷം 12000 രൂപ എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 9.68 ലക്ഷം രൂപയാണ് ലഭിക്കുക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. എന്നാല്‍ പ്രതിവര്‍ഷം 12000 രൂപ വീതം സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 6.07 ലക്ഷം രൂപയാണ് ലഭിക്കുക.

രണ്ടിലും പ്രതിവര്‍ഷം നിക്ഷേപിക്കുന്നത് ഒരു ലക്ഷം രൂപ വീതമാണെങ്കില്‍ 15 വര്‍ഷം കൊണ്ട് നിക്ഷേപം 15ലക്ഷം രൂപയായി മാറും. സുകന്യ സമൃദ്ധി യോജനയില്‍ പലിശ വരുമാനമായി മാത്രം 31,18,385 രൂപ ലഭിക്കും. അങ്ങനെയെങ്കില്‍ പലിശവരുമാനവും മൊത്തം നിക്ഷേപവും കൂടി കൂട്ടുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുക 46,18,385 രൂപയാണ്.

അതേസമയം എസ്ഐപിയില്‍ ആണെങ്കില്‍ വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണക്കുകൂട്ടിയാല്‍ റിട്ടേണായി മാത്രം 39,65,936 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ നിക്ഷേപവും കൂടി കൂട്ടിയാല്‍ മൊത്തം കൈയില്‍ കിട്ടുക 50ലക്ഷത്തിലധികം രൂപയാണ്. എന്നാല്‍ എസ്ഐപി നിക്ഷേപത്തില്‍ നിന്നുള്ള റിട്ടേണ്‍ വിപണി അധിഷ്ഠിതമാണ് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. അതിനാല്‍ എസ്‌ഐപി നിക്ഷേപത്തില്‍ റിസ്‌ക് ഉണ്ട്.

News Now

Summary

SIP vs Sukanya Samriddhi Yojana: Which can offer higher returns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates