സുകന്യ സമൃദ്ധി യോജന: മാസം ആയിരം രൂപ വീതം നിക്ഷേപിച്ചാല്‍ എന്തുകിട്ടും? കണക്ക് ഇങ്ങനെ

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന

Sukanya Samriddhi Yojana
Sukanya Samriddhi Yojana Ai image
Edited by :dhanojam
Last Updated :5 മാർച്ച് 2026, 11:09 am IST

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്.

പലിശനിരക്ക് സര്‍ക്കാര്‍ ഓരോ പാദത്തിലും അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു രക്ഷിതാവ് പ്രതിമാസം 1,000 രൂപ വീതം (പ്രതിവര്‍ഷം 12,000 രൂപ) നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ആകെ നിക്ഷേപം 1,80,000 രൂപയായിരിക്കും. നിലവിലുള്ള പലിശ നിരക്കില്‍ ലഭിക്കുന്ന ഏകദേശ പലിശ 3,74,206 രൂപയായിരിക്കും. അക്കൗണ്ട് തുറന്ന് 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 5,54,206 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും.

News Now

Summary

Sukanya Samriddhi Yojana: How Much Will Rs 1,000 A Month Become In 21 Years?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates