
പ്ലസ്ടുവിന് ശേഷം വിദേശത്ത് പഠിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വിദേശ സർവകലാശാലകളിലെ പ്രവേശന ആവശ്യകതകൾ ഒന്നുപോലെയല്ല. പ്ലസ്ടു മാർക്ക് ശതമാനം മുതൽ പ്രവേശന രീതി വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

പന്ത്രണ്ടാം ക്ലാസ്സിന് ശേഷം വിദേശത്ത് പഠിക്കാൻ ആഗ്രഹമുണ്ടോ? കേരളത്തിലെയും ഇന്ത്യയിലെയും വിവിധ സർവകലാശാലകളിൽ എന്നപ്പോലെ വിദേശത്തെ സർവകലാശാലകളിലും തെരഞ്ഞെടുപ്പിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ട്. ഓരോ സർവകലാശലായിലും അത് വ്യത്യാസപ്പെട്ടിരിക്കുന്നു. മാർക്ക് ശതമാനം, ഫീസ്, അക്കാദമികവും അക്കാദമികേതരവുമായ കഴിവുകൾ, ഭാഷാ പ്രാവീണ്യം എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.
ഇതിലെല്ലാം പ്രധാനമായതാണ് പഠനവുമായി ബന്ധപ്പെട്ടു വരുന്ന സാമ്പത്തിക ചെലവുകൾ. മറ്റൊന്ന് നിങ്ങൾ തെരഞ്ഞെടുക്കുന്ന കോഴ്സും സർവകലാശലയും സംബന്ധിച്ച വിവരങ്ങൾ അറിയുക എന്നതാണ്.
മാർക്ക്, ഭാഷ
വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്നതിന് പന്ത്രണ്ടാം ക്ലാസിൽ കുറഞ്ഞത് 60 മുതൽ 70 ശതമാനം മാർക്ക് വേണം. എന്നാൽ മുൻനിര സർവകലാശാലകളിലാകുമ്പോൾ ഈ കുറഞ്ഞ സ്കോർ നിരക്ക് 80 ശതമാനം മുതൽ 90 ശതമാനം വരെ ഉയരും. മാർക്ക് രാജ്യങ്ങൾ, സർവകലാശാലകൾ എന്നിവ അനുസരിച്ച വ്യത്യാസപ്പെടും. ഒരു രാജ്യത്ത് തന്നെ വിവിധ സർവകലാശാലകൾ വ്യത്യസ്ത മാർക്ക് മാനദണ്ഡങ്ങൾ സ്വീകരിക്കാറുണ്ട്. ചില രാജ്യങ്ങളിലെ സർവകലാശാലകളിൽ അക്കാദമിക് മാർക്കിന് പുറമെ മറ്റ് നൈപുണികളും പരിഗണിക്കാറുണ്ട്.
മാർക്കിന് പുറമേ, വിദ്യാർത്ഥികൾ IELTS അല്ലെങ്കിൽ TOEFL പോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകളും വിജയിക്കേണ്ടി വന്നേക്കാം. ചില സർവകലാശാലകൾ പ്രവേശന പരീക്ഷകൾ, പേഴ്സണൽ സ്റ്റേമെന്റ്സ്, ലെറ്റർ ഓഫ് റെക്കമെൻഡേഷൻ എന്നിവ ആവശ്യപ്പെട്ടേക്കാം. ഇതിനർത്ഥം ഒരു വിദ്യാർത്ഥിയുടെ മാർക്ക് ശതമാനത്തിൽ നേരിയ കുറവുണ്ടെങ്കിലും അപേക്ഷയുടെ മറ്റ് ഘടകങ്ങൾ ചിലപ്പോൾ അവർക്ക് അവസരം തുറന്ന് നൽകിയേക്കാം എന്നാണ്.
ചില രാജ്യങ്ങളിൽ അവിടുത്തെ ഭാഷ ആദ്യത്തെ വർഷം പഠിക്കേണ്ടി വരും. പോകാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ ഈ അവധിക്കാത്ത് പഠിക്കുന്നത് നല്ലതാണ്. മറ്റ് ചില രാജ്യങ്ങളിൽ നമ്മുടെ പ്ലസ്ടുവിന് തുല്യമായ അവരുടെ കോഴ്സ് കാലാവധി കൂടതലാണെങ്കിൽ ചിലപ്പോൾ ഒരു വർഷം ബ്രിഡ്ജ് കോഴ്സ് പോലുള്ള കോഴ്സുകൾ ചെയ്യേണ്ടി വന്നേക്കാം.
വിദ്യാർത്ഥികൾ മാർക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, നൈപുണികൾ വികസിപ്പിക്കുന്നതിലും, പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലും, ആവശ്യമായ പരീക്ഷകൾക്ക് നേരത്തെ തയ്യാറെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദേശ പഠനത്തിന് സഹായകമാകാം.
സ്കോളർഷിപ്പ്, വായ്പ
വിദേശ പഠനം ചെലവേറിയതാകുമെന്നതിനാൽ സാമ്പത്തിക ആസൂത്രണവും പ്രധാനമാണ്. സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും ലഭ്യമാണ്, പക്ഷേ അവ പലപ്പോഴും അക്കാദമിക് പ്രകടനത്തെയും അപേക്ഷകരുടെ പ്രൊഫൈലിനെയും ആശ്രയിച്ചിരിക്കുന്നു. സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്സുകൾ, സ്കോളർഷിപ്പ് ലഭിക്കാനുള്ള സാധ്യതകൾ എന്നിവയും പരിശോധിക്കണം.
വായ്പ എടുത്ത് പഠനം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നവർ പഠിക്കുന്ന കോഴ്സ്, അതിലെ ഭാവി സാധ്യതകൾ, തിരിച്ചടിവിനുള്ള വഴികൾ എന്നിവയെ കുറിച്ച് അതത് മേഖലയിലുള്ളവരുമായി ആലോചിച്ച് വ്യക്തമായ ധാരണ രൂപീകരിച്ച ശേഷം മാത്രം ചെയ്യേണ്ട കാര്യമാണ്.
പലരും പഠനത്തിനൊപ്പം ജോലി ചെയ്തോ അല്ലെങ്കിൽ പഠനം കഴിഞ്ഞ് അവിടെ ജോലി ചെയ്തോ വായ്പ തിരിച്ചടവിന് സാധ്യതയുണ്ട് എന്ന് കരുതും. . ഇനി പഠനം കഴിഞ്ഞ് തിരിച്ചു നാട്ടിൽ വന്നാലോ വിദേശത്ത് നിന്നാലോ ജോലി സാധ്യതകൾ, തുടർ പഠന സാധ്യതകൾ എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കണം.
അതിനാൽ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ നിയമങ്ങൾ, മറ്റ് കാര്യങ്ങൾ എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപീകരിക്കണം. അവിടെ പഠനം കഴിഞ്ഞാൽ ജോലി ലഭിക്കുമോ? പഠന കാലയളവിൽ ജോലി ചെയ്യാൻ സാധിക്കുമോ എന്നൊക്കെ വ്യക്തമായി അന്വേഷിച്ച് മനസ്സിലാക്കണം
സർവകലാശാലകളെ കുറിച്ച് അറിയണം
ഇതിലെല്ലാം പ്രധാനപ്പെട്ട ഒന്ന് തെരഞ്ഞെടുക്കുന്ന സർവകലാശാലയുമായി ബന്ധപ്പെട്ടാണ്. നമ്മുടെ നാട്ടിൽ മാത്രമല്ല, വിദേശങ്ങളിലും വ്യാജ സർവകലാശാലകൾ ഉണ്ട്. അതിനാൽ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. കഴിഞ്ഞ 15 വർഷത്തിനിടെ യുകെ, യു എസ് എ തുടങ്ങി പല രാജ്യങ്ങളിലും വ്യാജ സർവകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.
അക്രഡിറ്റേഷൻ വിവരങ്ങൾ കൃത്യമായി നോക്കിയ ശേഷമേ സർവകലാശാല തിരഞ്ഞെടുക്കാവൂ. അംഗീകൃത സർവകലാശാലകളുടെയെല്ലാം വിവരങ്ങൾ പൊതുവിടത്ത് ലഭ്യമായിരിക്കും.
കുറഞ്ഞ ഫീസ്, അക്രഡിറ്റേഷനില്ലാത്ത കോഴ്സുകൾ എന്നിവയൊക്കെ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ അപകട സൂചന നൽകുന്ന ഘടകങ്ങളാണ്.
അതത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ വിവരങ്ങൾ ആ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റുകളിൽ കാണും. അവ പരിശോധിക്കണം.
വിദേശങ്ങളിലെ ഏകദേശം എല്ലാ രാജ്യങ്ങളിലും മലയാളി വിദ്യാർത്ഥികളും അവരുടെ കൂട്ടായ്മകളും ഉണ്ടാകും അവരുമായി അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റ, ലിങ്ക്ഡിൻ ഗ്രൂപ്പുകൾ വഴിയോ മറ്റോ ബന്ധപ്പെട്ട് സർവകലാശാല, കോഴ്സ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്.
വിദേശ സർവകലാശാലകളുടെ വിശ്വാസ്യതയും കോഴ്സുകളുടെ നിലവാരവും ഉറപ്പാക്കാൻ യുജിസിയുടെ അസോസിയേഷൻ ഇന്ത്യ യൂണിവേഴ്സിറ്റീസ് വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. അതുപോലെ ടോപ് യൂണിവേഴ്സിറ്റീസ് ഡോട്ട് കോം www.topuniversities.com സ്റ്റഡി പോർട്ടൽസ് ഡോട്ട് കോം studyportals.com എന്നിവയിലും വിദേശ സർവകലാശാലകളുടെ വിവരങ്ങൾ ലഭിക്കും.
ശരിയായ തയ്യാറെടുപ്പ്, ശരിയായ മാർഗനിർദ്ദേശം എന്നിവ നാട്ടിലെ പഠനം പോലെ തന്നെ വിദേശ പഠനത്തിന് പ്രധാനമാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന് കാമറ; വണ്പ്ലസ് 16 ലോഞ്ച് ഒക്ടോബര് 12ന്

Summary
Education News: Thinking of studying abroad after Plus Two? eligibility criteria and tips for students.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





