എസ്എസ്എൽസി : മിനിമം മാർക്ക് നിബന്ധന ഇക്കൊല്ലമില്ല; ഉത്തരവ് മരവിപ്പിച്ചു

പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ഷംസുദ്ദീൻ ചുമതലപ്പെടുത്തി

sslc students
എസ്എസ്എൽസി വിദ്യാർ‌ഥികൾപ്രതീകാത്മക ചിത്രം
Edited by :Jayakumar
Last Updated :20 സെപ്റ്റംബർ 2026, 9:38 am IST

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് വേണമെന്ന നിബന്ധന പൊതുവിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയനവർഷം നടപ്പാക്കില്ല. വിശദ പഠനത്തിനുശേഷം അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് ആലോചന. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും.

ഈ വർഷം 10–ാം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നത്. ജയിക്കാൻ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് വേണമെന്നായിരുന്നു നിബന്ഝന. എന്നാൽ പ്രായോഗിക പ്രശ്നങ്ങൾ അടക്കം പരിശോധിക്കേണ്ടതിനാലാണ് ഈ തീരുമാനം തൽക്കാലം മരവിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അറിയിച്ചു. പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ഷംസുദ്ദീൻ ചുമതലപ്പെടുത്തി.

എസ്എസ്എൽസി വിജയത്തിൽ ഇടിവുണ്ടായി ഹയർ സെക്കൻഡറി പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മിനിമം മാർക്ക് നിബന്ധന ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതെന്നാണ് വിവരം. ഇന്റേണൽ മാർക്ക് 20 ശതമാനമുള്ളതിനാൽ, എഴുത്തുപരീക്ഷയിൽ 10 ശതമാനം മാർക്ക് കിട്ടിയാലും എസ്എസ്എൽസിക്ക് കുട്ടികൾ ജയിക്കുന്നതായിരുന്നു പഴയരീതി. വിഷയ മിനിമം നടപ്പാക്കിയാൽ വിജയശതമാനം കുത്തനെ 60-65 ശതമാനത്തിലേക്കു കുറയുമെന്നാണ് കണ്ടെത്തിയത്.

പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനും അധ്യാപക തസ്തിക ഇല്ലാതാക്കാനും വഴിവെക്കുമെന്നും വിലയിരുത്തിയാണ് മരവിപ്പിക്കാൻ തീരുമാനിച്ചത്. നിരന്തരമൂല്യനിർണയത്തിന് അധ്യാപകർ നൽകുന്ന 20% മാർക്കുകൂടി ജയത്തിനു പരിഗണിക്കുന്ന രീതിക്കു പകരം ഓരോ വിഷയത്തിനും ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കുതന്നെ 30% മാർക്ക് നേടണമെന്നതാണ് മിനിമം മാർക്ക് വ്യവസ്ഥ. 2024-25 വർഷം എട്ടാംക്ലാസിലും 2025-26 വർഷം ഒൻപതാംക്ലാസിലും മിനിമം മാർക്ക് ഏർപ്പെടുത്തിയിരുന്നു.

News Now

Summary

SSLC: No minimum mark requirement this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates