വെറും നാലരമാസം കൊണ്ട് 'സിക്സ് പാക്ക്', ഉണ്ണി മുകുന്ദൻ്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ഷൈജൻ അഗസ്റ്റിൻ

വിക്രമാദിത്യൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് മുൻപാണ് അദ്ദേഹം പരിശീലനത്തിനായി എത്തുന്നത്.

Unni Mukundan fitness
Unni Mukundan fitnessInstagram
Edited by :അഞ്ജു സി വിനോദ്‌
Last Updated :18 ഓഗസ്റ്റ് 2026, 1:01 pm IST

ഉണ്ണി മുകുന്ദൻ്റെ ഫിറ്റ്നസിന് പിന്നിൽ അർപ്പണബോധവും അച്ചടക്കവുമാണെന്ന് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ഷൈജൻ അഗസ്റ്റിൻ. കർശനമായ ഡയറ്റില്ലാതെ വെറും നാലര മാസത്തെ വർക്ക്ഔട്ട് കൊണ്ടാണ് സിക്സ് പാക്ക് അദ്ദേഹം ഉണ്ടാക്കിയതെന്നും ഷൈജൻ അഗസ്റ്റിൻ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു.

വിക്രമാദിത്യൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് മുൻപാണ് അദ്ദേഹം പരിശീലനത്തിനായി എത്തുന്നത്. രാവിലെയും വൈകുന്നേരവുമായി രണ്ടര മണിക്കൂറോളം ജിമ്മിൽ വ‍ർക്ക്ഔട്ട് ചെയ്തിരുന്നു. രാവിലെ കാർഡിയോയും വൈകുന്നേരം സ്ട്രെങ്ത്തനിങ് ട്രെയിനിങ്ങുമാണ് പരിശീലച്ചത്.

ആറ് നേരം ഭക്ഷണം

ഫാൻസി ഡയറ്റോ കർശന ഡയറ്റോ ആയിരുന്നില്ല ഉണ്ണി മുകുന്ദൻ പിന്തുടർന്നത്. ചെറിയ അളവിൽ, ദിവസത്തിൽ ആറ് നേരമായാണ് ഭക്ഷണം കഴിച്ചിരുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾക്കായിരുന്നു മുൻതൂക്കം, എന്നാൽ ഉണ്ണി മുകുന്ദൻ്റെ ഇഷ്ട ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയതുമില്ല.

പ്രോട്ടീനൊപ്പം ആവശ്യത്തിന് കൊഴുപ്പും കാർബോഹൈഡ്രേറ്റ്സും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ മെറ്റബോളിസത്തിന്റെ നില അനുസരിച്ചായിരുന്നു ഡയറ്റ് ക്രമീകരിച്ചിരുന്നത്.

'രാവിലെ വർക്ക്ഔട്ടിന് മുൻപ് ഓട്സ് കഴിക്കുമായിരുന്നു. വർക്കഔട്ടിന് ശേഷം, ബ്രേക്ക്ഫാസ്റ്റിൽ മുട്ടയുടെ വെള്ളയും പഴങ്ങളും ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ​ഗോതമ്പ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ​ഗോതമ്പ് പുട്ട് പോലെ എന്തെങ്കിലും കൂടി പ്രഭാതഭക്ഷണത്തിൽ ചേർക്കുമായിരുന്നു. ഇതെല്ലാം മിതമായ അളവിലായിരുന്നു'-ഷൈജൻ പറഞ്ഞു.

'11 മണിക്ക് പഴങ്ങളും മുട്ടയുടെ വെള്ളയും, ഉച്ചയ്ക്ക് ചോറും പച്ചക്കറിയും മീനോ ചിക്കനോ ഉണ്ടാകും, അത്താഴത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണമായിരിക്കും പ്രധാനം. അന്നു മുതൽ തന്നെ ഷുഗർ കട്ടായിരുന്നു താരം. മധുരത്തോടെ ക്രേവിങ്സ് തോന്നുമ്പോൾ മാത്രം, മിതമായ അളവിൽ കഴിക്കുമായിരുന്നു. അത്ര കർശന ഡയറ്റിങ് ഉണ്ണി മുകുന്ദൻ അക്കാലത്ത് എടുത്തിരുന്നില്ല'

'നല്ല രീതിയിൽ അദ്ദേഹം വർക്ക്ഔട്ട് ചെയ്യുമായിരുന്നു. വളരെ അർപ്പണബോധമുള്ള ആളാണ് ഉണ്ണിമുകുന്ദൻ. രാത്രി 10.30 ന് മുൻപ് ഉറങ്ങും. രാവിലെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യും. അച്ചടക്കമാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് രഹസ്യം. അതുകൊണ്ട് തന്നെ പെട്ടെന്ന് റിസൾട്ടും കിട്ടിയിരുന്നു. എല്ലാവരും ചെയ്യുന്ന ഒരു അബദ്ധം, അമിതമായി വർക്ക്ഔട്ട് ചെയ്യും എന്നാൽ അച്ചടക്കമുണ്ടാകില്ല. പക്ഷെ എല്ലാവർക്കും സിക്സ്പാക്ക് വേണമെന്നാണ് ആഗ്രഹം'- ഷൈജൻ അഗസ്റ്റിൻ.

News Now

Summary

Actor Unni Mukundan fitness secrete, celebrity fitness trainer Shyjan Augustin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates