'1000 രൂപയുടെ മൈസൂര്‍ പാക്ക്, ജസ്റ്റിന്റെ ബിരിയാണി, ആയിരത്തിന്റെ പണിയ്ക്ക് 100'; ആഷ്‌ലി 'മുതലെടുപ്പുകാരി'യെന്ന് പോസ്റ്റ്; മറുപടി

'ആദ്യമൊരു പാവം കുട്ടിയാണെന്ന് തോന്നുമെങ്കിലും, ആളത്ര ഇന്നസെന്റ് ഒന്നുമല്ല!'

Bethlehem Kudumba Unit
Bethlehem Kudumba Unit
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 ഒക്ടോബർ 2026, 3:26 pm IST

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലെത്തിയത്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് ബെത്‌ലഹേം ഒടിടിയിലെത്തിയിരിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ് ജസ്റ്റിന്‍ ചേട്ടനും ആഷ്‌ലിയും ഗ്ലിക്‌സനുമൊക്കെ.

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ രംഗങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം പലതരത്തിലുള്ള വായനകളിലൂടെ കടന്നു പോവുകയാണ്. രസകരമായ പല കാഴ്ചപ്പാടുകളും ആരാധകര്‍ പങ്കുവെക്കാറുണ്ട്. ഇതിനിടെ ഒരു പ്രേക്ഷകന്റെ നിരീക്ഷണം ചര്‍ച്ചയായി മാറിയിരിക്കുയാണ്. ചിത്രത്തിലെ മമിത ബൈജുവിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള നിരീക്ഷണമാണ് ചര്‍ച്ചയാകുന്നത്.

ഫെയ്‌സ്ബുക്കിലെ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ നായികയായ ആഷ്‌ലിയെ വിമര്‍ശിക്കുന്നതാണ് കുറിപ്പ്. എല്ലാവരും കരുതുന്നത് പോലെ നിഷ്‌കളങ്കയായ പെണ്‍കുട്ടിയല്ല ആഷ്‌ലിയെന്നാണ് റാഷിദ് കാസിം എന്നയാള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. കുറിപ്പ് ഇങ്ങനെയാണ്:

'ആഷ്‌ലി എന്ന മമിതയുടെ കഥാപാത്രം കാണുമ്പോള്‍ ആദ്യമൊരു പാവം കുട്ടിയാണെന്ന് തോന്നുമെങ്കിലും, ആളത്ര ഇന്നസെന്റ് ഒന്നുമല്ല! പെട്ടെന്ന് പരിചയപ്പെട്ട ഗ്ലിക്‌സന്‍ സിനിമയ്ക്ക് വിളിച്ചപ്പോള്‍ കൂടെപ്പോകാനും, തനിക്ക് തിരിച്ച് പ്രണയമില്ലെന്ന് അറിഞ്ഞിട്ടും ഗ്ലിക്‌സണ്‍ വാങ്ങി നല്‍കിയ 1000 രൂപയോളം വിലവരുന്ന ഒരു കിലോ മൈസൂര്‍പാക്ക് മേടിച്ച് കൂട്ടുകാരോടൊപ്പം പോയി കഴിക്കാനും ആഷ്‌ലിയ്ക്ക് ഒരു മടിയുമില്ല. പോരാത്തതിന് നിവിന്‍ പോളിയുടെ ക്യാരക്ടറിനോട് ബിരിയാണി ചോദിച്ചു വാങ്ങുകയും ചെയ്യുന്നു.

ലാപ്‌ടോപ്പ് നന്നാക്കാന്‍ കൊടുത്ത ശേഷം തിരികെ വാങ്ങാന്‍ ചെല്ലുമ്പോള്‍ കയ്യില്‍ വെറും 100 രൂപ മാത്രമാണ് ഉള്ളത്! നോര്‍മലി 1000 രൂപയെങ്കിലും ബില്ല് വരുമെന്ന് അറിയാമായിരുന്നിട്ടും, പെണ്ണായതുകൊണ്ട് പുള്ളി കാശ് വാങ്ങില്ലെന്ന കൃത്യമായ കണക്കുകൂട്ടലില്‍ തന്നെയാണ് ആശ്ലി അവിടെയും എത്തുന്നത്. ചുരുക്കത്തില്‍, തന്നോട് സ്‌നേഹമുള്ളവരുടെ പണവും വികാരങ്ങളും സ്വന്തം ലാഭത്തിനായി മുതലാക്കുന്ന ഒരു പക്കാ 'ഗോള്‍ഡ് ഡിഗ്ഗര്‍' ലൈനാണ് ആഷ്‌ലിയുടേത്.

നിവിനോട് തോന്നുന്ന അടുപ്പത്തിന് പിന്നില്‍ പോലും പുള്ളിയുടെ കയ്യിലുള്ള അമിതമായ പണമാണെന്ന് വ്യക്തം. റിയല്‍ ലൈഫില്‍ നമ്മള്‍ കാണാറുള്ള ഇത്തരം കഥാപാത്രങ്ങളെ ഇത്ര കൃത്യമായി എഴുതിവെച്ചതിന് പിന്നില്‍ എഴുത്തുകാരന്റെ ഏതെങ്കിലും റിയല്‍ ലൈഫ് റഫറന്‍സ് തീര്‍ച്ചയായും കാണും!'.

പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയുമെത്തുന്നുണ്ട്. രസകരമായ കമന്റുകളിലൂടെയാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നത്. 'മാത്രമല്ല ജസ്റ്റിന്‍ ചേട്ടന്റെ അച്ഛന്‍ ഒരു പരിപ്പുവട എടുക്കാന്‍ ആയി കൊടുക്കുമ്പോള്‍ അത് മൊത്തം വാങ്ങിക്കൊണ്ട് പോവാന്‍ നോക്കുന്നുണ്ട് സ്വാര്‍ത്ഥമതി ആയ ആഷ്‌ലി, ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ജെറ്റ് എന്‍ജിന്‍ ഇല്ല,ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേ ജെറ്റ് എന്‍ജിന്‍ ടെക്നോളജി ഉള്ളു, ഇന്ത്യ അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്,സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണത്.ദയവായി ബ്രോ അതില്‍ ഒരു പരിശ്രമം നടത്തിക്കൂടെ, അതിസങ്കീര്‍ണ്ണമായ കാര്യങ്ങള്‍ കണ്ടെത്തുന്നതില്‍ ബ്രോയ്ക്ക് ഒരു പ്രത്യേക വൈദഗ്ധ്യം ഉള്ളതായി അനുഭവപ്പെടുന്നു' എന്നാണ് ചിലരുടെ മറുപടികള്‍.

'ഒടിടി നിരോധിക്കണം.. സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്, ഊബര്‍ ക്യാഷ് ലാഭിക്കാന്‍ വേണ്ടി ജസ്റ്റിനെ പുലര്‍ച്ചെ റെയില്‍ വേ സ്റ്റേഷനിലേക്ക് വിളിക്കുന്നു. അറിഞ്ഞു കൊണ്ട് ഒരു കമ്പി പൊട്ടിച്ചു ജസ്റ്റിന്റെ കയ്യില്‍ നിന്ന് ഓസ്സിന് ഒരു ഗിറ്റാര്‍ മേടിക്കുന്നു' എന്നും ചിലര്‍ തമാശയായി പറയുന്നു. അതേസമയം പലഹാരം കഴിച്ചതിന്റേയും സമ്മാനം സ്വീകരിക്കുന്നതും സഹായം സ്വീകരിക്കുന്നതും വച്ച് ഒരു സ്ത്രീയെ മുതലെടുപ്പുകാരിയാക്കുന്നത് ശരിയല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

News Now

Summary

Post about Ashley from Bethlehem Kudumba Unit gets viral. Post calls her Gold Digger. But social media has answers to it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates