'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

സിങ്കിൽ ബേക്കിങ് സോഡ വിതറിയ ശേഷം നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാം.

Baking Soda Home cleaning tips
Baking Soda Home cleaning tipsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :13 ജൂൺ 2026, 4:23 pm IST

കേക്കും പലഹാരങ്ങളും തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന ബേക്കിങ് സോഡ വീടുവൃത്തിയാക്കുന്നതിലും മികച്ചതാണ്. വലിയ ചെലവില്ലാതെ തന്നെ എളുപ്പത്തിൽ ബേക്കിങ് സോഡ പലതരം കറകൾ നീക്കം ചെയ്യാനും ദുർ​ഗന്ധം അകറ്റാനും വൃത്തിയാക്കാനും സഹായിക്കും. ബേക്കിങ് സോഡ ഉപയോ​ഗിച്ചുള്ള ചില ക്ലീനിങ് ടിപ്പുകൾ ഇതാ:

സിങ്ക് വൃത്തിയാക്കാൻ

അടുക്കള ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് പാത്രങ്ങൾ കഴുകുന്ന സിങ്ക്. സിങ്കിൽ ബേക്കിങ് സോഡ വിതറിയ ശേഷം നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാം. ഇത് എണ്ണമയവും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. ശേഷം വെള്ളം ഒഴിച്ച് കഴുകിയാൽ സിങ്കിന് തിളക്കം ലഭിക്കും.

ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാം

ഫ്രിഡ്ജിനുള്ളിൽ ഒരു ചെറിയ പാത്രത്തിൽ ബേക്കിങ് സോഡ വെച്ചാൽ ദുർഗന്ധം ആഗിരണം ചെയ്യാൻ സഹായിക്കും. ഫ്രിഡ്ജ് കൂടുതൽ ഫ്രഷായി നിലനിർത്താനും ഇത് സഹായകമാണ്.

ഗ്യാസ് സ്റ്റൗവും അടുക്കള കൗണ്ടറും

ബേക്കിങ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കറയുള്ള ഭാഗങ്ങളിൽ പുരട്ടുക. 10-15 മിനിറ്റിന് ശേഷം തുടച്ചുനീക്കാം. എണ്ണക്കറകളും ഭക്ഷണ അവശിഷ്ടങ്ങളും എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

ബാത്ത്റൂം ടൈലുകളിലെ കറകൾ നീക്കാൻ

ബാത്ത്റൂം ടൈലുകളിലെ കഠിനമായ കറ കളയാൻ ബേക്കിങ് സോഡ വിതറി അല്പം വെള്ളം തളിക്കാം. കുറച്ച് സമയം കഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ കറകൾ പോകും.

കുപ്പികളുടെയും പാത്രങ്ങളുടെയും ദുർഗന്ധം മാറ്റാം

വെള്ളക്കുപ്പി, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയവയിൽ ദുർഗന്ധം ഉണ്ടെങ്കിൽ ബേക്കിങ് സോഡയും ചൂടുവെള്ളവും ചേർത്ത് കഴുകാം. ഇത് ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും.

കാർപെറ്റും സോഫയും ഫ്രഷാക്കാം

കാർപെറ്റിലോ സോഫയിലോ ബേക്കിങ് സോഡ വിതറി 20 മുതൽ 30 മിനിറ്റ് വരെ വെക്കുക. പിന്നീട് വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാം. ദുർഗന്ധം കുറയ്ക്കാനും പുതുമ നൽകാനും ഇത് സഹായിക്കും.

പാത്രങ്ങളിൽ കരിഞ്ഞു പിടിച്ചത് വൃത്തിയാക്കാം

കത്തിപ്പിടിച്ച പാത്രത്തിൽ ബേക്കിംഗ് സോഡയും ചൂടുവെള്ളവും ചേർത്ത് കുറച്ച് സമയം വെക്കുക. പിന്നീട് സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ കറകൾ നീക്കം ചെയ്യാൻ എളുപ്പമാകും.

വാഷിങ് മെഷീൻ വൃത്തിയാക്കാൻ

വാഷിങ് മെഷീനിൽ ഒരു കപ്പ് ബേക്കിങ് സോഡ ചേർത്ത് ഒഴിഞ്ഞ നിലയിൽ ഒരു വാഷ് സൈക്കിൾ പ്രവർത്തിപ്പിക്കാം. ഇത് ദുർഗന്ധവും അഴുക്കും കുറയ്ക്കാൻ സഹായിക്കും.

വെള്ളി ആഭരണങ്ങൾക്ക് തിളക്കം നൽകാൻ

വെള്ളി ആഭരണങ്ങളിൽ അടിഞ്ഞ മങ്ങൽ നീക്കാൻ ബേക്കിങ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കി മൃദുവായി ഉരച്ച് കഴുകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മാർബിൾ, ഗ്രാനൈറ്റ് പോലുള്ള ചില ഉപരിതലങ്ങളിൽ ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയ ഭാഗത്ത് പരീക്ഷിക്കുക.

  • വളരെ ശക്തമായി ഉരയ്ക്കുന്നത് ചില ഉപരിതലങ്ങൾക്ക് കേടുവരുത്താം.

  • ക്ലീനിങ്ങിന് ശേഷം ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകുക.

  • കുട്ടികൾക്ക് എത്തിപ്പെടാത്ത സ്ഥലത്ത് സൂക്ഷിക്കുക.

News Now

Summary

Baking Soda Home cleaning tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates