വെള്ളപ്പൊക്കവും വൈദ്യുതി മുടക്കവും: ഫ്രിഡ്ജിലെ ഏത് ഭക്ഷണങ്ങൾ കഴിക്കരുത്?

ഇത് ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കം പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.

Fridge food safety tips
Fridge food safety tipsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :2 ഓഗസ്റ്റ് 2026, 12:02 pm IST

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ആ സമയങ്ങളിൽ ഏറ്റവും വലിയ ആശങ്ക ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷയാണ്. തണുപ്പ് ഇല്ലാതാകുന്നതോടെ ഭക്ഷണത്തിൽ സാൽമൊണല്ല, ഇ.കോലി, ലിസ്റ്റീരിയ പോലുള്ള അപകടകാരികളായ ബാക്ടീരിയകൾ അതിവേ​ഗം വളരാൻ സാധ്യതയുണ്ട്.

ഇത് ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കം പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. കറണ്ട് തിരികെ വന്നാലും എല്ലാ ഭക്ഷണവും സുരക്ഷിതമാണെന്ന് കരുതരുത്. ചിലത് നിർബന്ധമായും ഉപേക്ഷിക്കേണ്ടതുണ്ട്.

എത്ര സമയം വരെ ഭക്ഷണം സുരക്ഷിതമായിരിക്കും?

ഫ്രിഡ്ജ് വാതിൽ തുറക്കാതെ സൂക്ഷിച്ചാൽ ഏകദേശം നാല് മണിക്കൂർ വരെ തണുപ്പ് നിലനിർത്തും. ഫ്രീസർ നിറഞ്ഞിരിക്കുകയാണെങ്കിൽ 48 മണിക്കൂർ വരെയും, പകുതി നിറഞ്ഞിരിക്കുകയാണെങ്കിൽ 24 മണിക്കൂർ വരെയും തണുപ്പ് നിലനിൽക്കാം. നാല് മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിന്റെ താപനില 5°C-ന് (40°F) മുകളിൽ ആയിരുന്നാൽ ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കണം.

ഇവ നിർബന്ധമായും കളയണം

പാൽ, തൈര്, പനീർ

പാൽ, തൈര്, ക്രീം, സോഫ്റ്റ് ചീസ്, പനീർ എന്നിവ തണുപ്പ് ഒഴിവായാൽ ബാക്ടീരിയ വളരാൻ ഏറ്റവും സാധ്യതയുള്ളവയാണ്.

വേവിച്ച ചോറ്

ചോറ് സാധാരണ താപനിലയിൽ ഏറെ നേരം ഇരുന്നാൽ ബാക്ടീരിയ രൂപപ്പെടാം. വീണ്ടും ചൂടാക്കിയാലും അത് സുരക്ഷിതമാകണമെന്നില്ല.

വേവിച്ച ഇറച്ചി

ചിക്കൻ, ബീഫ്, മട്ടൻ, താറാവ് എന്നിവ വേവിച്ചതാണെങ്കിൽ നാല് മണിക്കൂറിലധികം തണുപ്പ് നഷ്ടപ്പെട്ടാൽ ഉപേക്ഷിക്കുക.

മീനും കടൽവിഭവങ്ങളും

വേവിച്ചതോ വേവിക്കാത്തതോ ആയ മീൻ, ചെമ്മീൻ, കണവ തുടങ്ങിയവ വളരെ വേഗത്തിൽ കേടാകാം.

മുട്ടയും മുട്ട ചേർത്ത വിഭവങ്ങളും

വേവിച്ച മുട്ട, മയോണൈസ്, കസ്റ്റാർഡ്, മുട്ട ചേർത്ത സാലഡുകൾ എന്നിവ അപകടസാധ്യത കൂടുതലുള്ളവയാണ്.

പാചകം ചെയ്ത കറികൾ

സാമ്പാർ, മീൻകറി, ചിക്കൻകറി, പരിപ്പ് കറി, സ്റ്റ്യൂ തുടങ്ങിയവ ഏറെ നേരം ഫ്രിഡ്ജിൽ തണുപ്പില്ലാതെ സൂക്ഷിക്കാൻ പാടില്ല.

കട്ട് ചെയ്ത പഴങ്ങളും പച്ചക്കറികളും

മുറിച്ച് ഫ്രിഡ്ജിൽ വെച്ച തണ്ണിമത്തൻ, പപ്പായ, പൈനാപ്പിൾ, സലാഡ് എന്നിവ സുരക്ഷിതമാകണമെന്നില്ല.

സോയ ഉൽപ്പന്നങ്ങൾ

സോയ ഉൽപ്പന്നങ്ങൾ തണുപ്പ് നഷ്ടപ്പെട്ടാൽ ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്.

കുഞ്ഞുങ്ങളുടെ ഭക്ഷണം

ബേബി ഫുഡ്, തയ്യാറാക്കിയ ഫോർമുല പാൽ എന്നിവ ഒരിക്കലും അപകടസാധ്യതയോടെ ഉപയോഗിക്കരുത്.

ജ്യൂസ്

ഫ്രിഡ്ജിൽ തണുപ്പ് നഷ്ടപ്പെട്ട് ഏറെ നേരം സൂക്ഷിച്ച ജ്യൂസ് പിന്നീട് ഉപയോഗിക്കരുത്.

സുരക്ഷിതമായവ

  • ബട്ടർ

  • ജാം, ജെല്ലി

  • അച്ചാർ

  • സോയ സോസ്

  • വിനാഗിരി

  • തുറക്കാത്ത സോഫ്റ്റ് ഡ്രിങ്കുകൾ

  • പഴങ്ങളും പച്ചക്കറികളും (മുറിക്കാത്തത്)

  • ബ്രെഡ്

  • പീനട്ട് ബട്ടർ

ഫ്രീസറിലുള്ള ഭക്ഷണം എന്ത് ചെയ്യണം?

  • ഐസ് ക്രിസ്റ്റലുകൾ ഇപ്പോഴും ഉണ്ടെങ്കിൽ വീണ്ടും ഫ്രീസ് ചെയ്യുകയോ പാകം ചെയ്യുകയോ ചെയ്യാം.

  • പൂർണ്ണമായി ഉരുകി ചൂടായിരുന്നാൽ മാംസം, മീൻ, കോഴി എന്നിവ ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം.

News Now

Summary

Foods to throw away after refrigerator power failure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates