ഗർഭാശയഭിത്തികളുടെ ഉൾഭാഗത്തെ ആവരണമാണ് എൻഡോമെട്രിയം.

Periods Pain
Periods PainSource by : Pinterest
Last Updated :14 April 2026, 12:47 pm IST

News Now

അതികഠിനമായ ആർത്തവവേദന സഹിക്കാനാകാതെ വേദനസംഹാരികളെ ആശ്രയിക്കുന്ന ആളുകളുണ്ട്. എന്നാൽ ഇത് ചോക്ലേറ്റ് സിസ്റ്റ് എന്ന് അറിയപ്പെടുന്ന എൻഡോമെട്രിയോസിസ് എന്ന ആർത്തവസംബന്ധമായ രോഗത്തെ തിരിച്ചറിയാൻ തടയുന്നു. ആ​ഗോളതലത്തിൽ ഏകദേശം 10 മുതൽ 25 ശതമാനം സ്ത്രീകളിൽ എൻഡോമെട്രിയോസിസ് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

20 നും 40നും ഇടയിൽ പ്രായമായ സ്ത്രീകളിലാണ് രോ​ഗാവസ്ഥ കൂടുതലായും കണ്ടുവരുന്നത്. ആർത്തവക്രമക്കേടുകൾ, അടിവയറിൽ വേദന, ശാരീരികമായി ബന്ധപ്പെടുമ്പോഴുള്ള വേദന എന്നിങ്ങനെയാണ് എൻഡോമെട്രിയോസിസ് രോ​ഗ ലക്ഷണങ്ങൾ.

എന്താണ് എൻഡോമെട്രിയോസിസ്?

ഗർഭാശയഭിത്തികളുടെ ഉൾഭാഗത്തെ ആവരണമാണ് എൻഡോമെട്രിയം. ആർത്തവസമയത്ത് സാധാരണമായി ഈ ആവരണം അവിടെ നിന്ന് വേർപെട്ട് ആർത്തവ രക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നു. എന്നാൽ, ചിലരിൽ ഈ ആവരണത്തിൻ്റെ അംശങ്ങൾ അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ച് മറ്റ് അവയവങ്ങളായ അണ്ഡാശയം, വൻകുടൽ എന്നിവയിലോ ഉദരത്തിനകത്തെ ആവരണമായ പെരിട്ടോണിയത്തിലോ അതുമല്ലെങ്കിൽ വളരെ അപൂർവമായി പൊക്കിളിലോ ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന പ്ലൂറയിലോ (Pleura) സിസേറിയൻ ശസ്ത്രക്രിയ ചെയ്ത ചർമത്തിനടിയിലെ മുറിവുണ്ടായിരുന്നിടത്തോ പറ്റിപ്പിടിക്കാം.

കൂടാതെ, എൻഡോമെട്രിയം ഗർഭാശയഭിത്തിയുടെ നടുവിലുള്ള മയോമെട്രിയം എന്ന ഭാഗത്തേക്ക് കടക്കുകയാണെങ്കിൽ അഡിനോമയോസിസ് എന്ന രോഗത്തിന് കാരണമാകും. പ്ലൂറയിലുണ്ടാകുന്ന എൻഡോമെട്രിയോസിസിനെ ‘കറ്റാമിനിയൽ ന്യൂമോതൊറാക്സ്’ എന്നും ശസ്ത്രക്രിയ ചെയ്ത മുറിവിലുണ്ടാകുന്ന എൻഡോമെട്രിയോസിസിനെ ‘സ്‌കാർ എൻഡോമെട്രിയോസിസ്’ എന്നുമാണ് വിളിക്കുന്നത്.

ആർത്തവസമയത്ത് ഗർഭാശയത്തിൽ നിന്ന് എന്നതുപോലെ, എൻഡോമെട്രിയോസിസ് ബാധിച്ച അവയവങ്ങളിലും രക്തസ്രാവമുണ്ടാവാം. എന്നാൽ, ഈ രക്തം അതവിടെ കെട്ടിക്കിടന്ന് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കാം. അണ്ഡാശയത്തിലാണെങ്കിൽ ആർത്തവരക്തം രൂപപ്പെട്ട് ‘ചോക്ലേറ്റ് സിസ്റ്റ്’ എന്ന് പറയുന്ന മുഴകളുണ്ടാകാൻ സാധ്യതയുണ്ട്. ‘അഡിനോമയോസിസ്’ ആണെങ്കിൽ അതികഠിനമായ ആർത്തവവേദനയായിട്ടായിരിക്കും രോഗിയെ ബുദ്ധിമുട്ടിക്കുക. വളരെ അപൂർവമായി കാണുന്ന ‘കറ്റാമിനിയൽ ന്യൂമോതൊറാക്സ്’ ആർത്തവസമയത്ത് ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളായി (ശ്വാസംമുട്ടൽ, ശ്വാസമെടുക്കുമ്പോൾ വേദന, രക്തം ചുമച്ച് തുപ്പുക എന്നിവ) കാണപ്പെടാം. എൻഡോമെട്രിയം സ്ഥാനംതെറ്റി എവിടെയെല്ലാമാണുള്ളത് എന്നതിനനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാവും.

‘ചോക്ലേറ്റ് സിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അണ്ഡാശയ സിസ്റ്റുകൾ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകയും അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും ഒട്ടിച്ചേർന്നിരിക്കുകയാണെങ്കിൽ അത് സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ മാറ്റുകയും ചെയ്താൽ, ലക്ഷണങ്ങൾ കുറയ്ക്കാനും ഗർഭധാരണം ആഗ്രഹിക്കുന്നവരിൽ അതിനുള്ള സാധ്യത കൂട്ടാനും സഹായിക്കും.

Summary

Menstrual Health: What is Chocolate Cyst

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates