ഐബിഎസ് പൂർണ്ണമായും ഭേദമാക്കാൻ പ്രയാസമാണെങ്കിലും ശരിയായ ജീവിതശൈലിയിലൂടെ ഇതിനെ നിയന്ത്രിക്കാൻ സാധിക്കും

Irritable bowel syndrome
Irritable bowel syndromeSource by : Pinterest
Last Updated :7 April 2026, 12:08 pm IST

News Now

പലപ്പോഴും വിട്ടുമാറാത്ത വയറുവേദന, ഗ്യാസ്, വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയുമായി ഡോക്ടറെ കാണാനെത്തുന്നവരിൽ വലിയൊരു വിഭാഗം ആളുകൾക്കും പരിശോധനകളിൽ കാര്യമായ തകരാറുകൾ ഒന്നും തന്നെ കാണാറില്ല. എൻഡോസ്കോപ്പി ചെയ്താലും സ്കാൻ ചെയ്താലും എല്ലാം നോർമൽ ആയിരിക്കും. ഇവിടെയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) എന്ന അവസ്ഥ പ്രസക്തമാകുന്നത്. ഏപ്രിൽ മാസം ഐബിഎസ് ബോധവൽക്കരണ മാസമായി ആചരിക്കുമ്പോൾ, നാം തിരിച്ചറിയേണ്ട പ്രധാന കാര്യം ഇത് വെറുമൊരു ദഹനപ്രശ്നം മാത്രമല്ല എന്നതാണ്.

എന്താണ് ഈ ഗട്ട്-ബ്രെയിൻ ലൂപ്പ്?

നമ്മുടെ തലച്ചോറും ദഹനവ്യവസ്ഥയും തമ്മിൽ നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനെയാണ് 'ഗട്ട്-ബ്രെയിൻ ആക്സിസ്' എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്, ഒരു പരീക്ഷയ്ക്ക് മുൻപോ ഇന്റർവ്യൂവിന് മുൻപോ നമുക്ക് വയറ്റിൽ ഒരു അസ്വസ്ഥത അനുഭവപ്പെടാറില്ലേ? പേടിക്കുമ്പോൾ വയറ്റിൽ 'ആളൽ' തോന്നുന്നത് ഇതുകൊണ്ടാണ്.

ഐബിഎസ് ഉള്ളവരിൽ ഈ ആശയവിനിമയത്തിൽ തകരാറുകൾ സംഭവിക്കുന്നു. തലച്ചോറിൽ നിന്നുള്ള തെറ്റായ സന്ദേശങ്ങൾ കുടലിന്റെ ചലനത്തെ ബാധിക്കുകയും, സാധാരണ ഗ്യാസിനെപ്പോലും കഠിനമായ വേദനയായി തലച്ചോർ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതായത്, അമിതമായ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ദഹനപ്രക്രിയയെ നേരിട്ട് ബാധിക്കുന്ന ഒരു 'ലൂപ്പ്' ഇവിടെ രൂപപ്പെടുന്നു.

പ്രധാന ലക്ഷണങ്ങൾ

  • ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ.

  • വയറിൽ അനുഭവപ്പെടുന്ന വിട്ടുമാറാത്ത അസ്വസ്ഥതയോ വേദനയോ.

  • മലശോധനയിലെ മാറ്റങ്ങൾ (ചിലപ്പോൾ വയറിളക്കം, മറ്റു ചിലപ്പോൾ മലബന്ധം).

  • വയർ വീർത്തുവരിക, അമിതമായ ഗ്യാസ്.

മാനസികാരോഗ്യം പ്രധാനമാണ്

ഐബിഎസ് രോഗികളിൽ ഭൂരിഭാഗം പേർക്കും അമിതമായ ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം കാണാറുണ്ട്. ദീർഘകാലം നിലനിൽക്കുന്ന മാനസിക സമ്മർദ്ദം കുടലിലെ പേശികളെ സങ്കോചിപ്പിക്കുകയും ദഹനരസങ്ങളുടെ ഉത്പാദനത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഐബിഎസ് ചികിത്സയിൽ മരുന്നുകളോടൊപ്പം തന്നെ മനസ്സിനെ ശാന്തമാക്കാനുള്ള വഴികളും തേടേണ്ടതുണ്ട്.

ഐബിഎസ് പൂർണ്ണമായും ഭേദമാക്കാൻ പ്രയാസമാണെങ്കിലും ശരിയായ ജീവിതശൈലിയിലൂടെ ഇതിനെ നിയന്ത്രിക്കാൻ സാധിക്കും

ഐബിഎസ് എങ്ങനെ നിയന്ത്രിക്കാം?

ഭക്ഷണക്രമം: അമിതമായി എരിവും പുളിയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഓരോരുത്തർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും (ഉദാഹരണത്തിന് പാൽ ഉൽപ്പന്നങ്ങൾ, ചിലതരം പരിപ്പുകൾ). അത് തിരിച്ചറിഞ്ഞ് ഒഴിവാക്കുക.

നാരുകൾ അടങ്ങിയ ഭക്ഷണം: മലബന്ധമുള്ളവർ നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം.

വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടക്കുന്നത് കുടലിന്റെ ചലനം സുഗമമാക്കാൻ സഹായിക്കും.

ഉറക്കം: കൃത്യസമയത്തുള്ള ഉറക്കം ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

മാനസിക സമ്മർദ്ദം കുറയ്ക്കുക: യോഗ, മെഡിറ്റേഷൻ എന്നിവ ശീലിക്കുന്നത് ഗട്ട്-ബ്രെയിൻ ലൂപ്പിലെ തകരാറുകൾ പരിഹരിക്കാൻ സഹായിക്കും.

വിട്ടുമാറാത്ത വയറിലെ അസ്വസ്ഥതകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. കൃത്യമായ പരിശോധനയിലൂടെ മറ്റ് രോഗങ്ങളല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരം കൃത്യമായ ചികിത്സയും ജീവിതശൈലീ മാറ്റങ്ങളും പിന്തുടരുക. ഓർത്തിരിക്കുക, നിങ്ങളുടെ കുടലിന്റെ ആരോഗ്യം നിങ്ങളുടെ മനസ്സിന്റെ കൂടെ ആരോഗ്യമാണ്.

തയ്യാറാക്കിയത്: ഡോ. ആന്റണി പോൾ ചേറ്റുപുഴ, സീനിയർ കൺസൾട്ടന്റ് & എച്ച്ഒഡി, ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജി, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി

Dr. Antony Paul

Dr. Antony Paul - .

Summary

What is Irritable bowel syndrome and how to prevent it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates