ഭൂരിഭാഗം സ്ത്രീകളിലും ഇവ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല.

Uterine Fibroids
Uterine FibroidsSource by : Pinterest
Last Updated :7 August 2026, 2:33 pm IST

News Now

ഗർഭാശയത്തിൽ രൂപപ്പെടുന്ന അർബുദകരമല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Uterine Fibroids). ഗർഭധാരണ ശേഷിയുള്ള പ്രായത്തിലുള്ള സ്ത്രീകളിൽ സർവസാധാരണമായി കണ്ടുവരുന്ന ഗർഭാശയ മുഴകളാണിവ. ചെറിയ മുഴകൾ മുതൽ ഗർഭാശയത്തിന്റെ ആകൃതി തന്നെ മാറ്റാൻ പോന്ന വലിയ മുഴകൾ വരെ ഇതിൽപ്പെടുന്നു.

ഭൂരിഭാഗം സ്ത്രീകളിലും ഇവ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. എന്നാൽ ചിലരിൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കിത് കാരണമാകാം. അതിനാൽ എപ്പോഴാണ് ചികിത്സ ആവശ്യമായി വരുന്നതെന്ന് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

പ്രധാന ലക്ഷണങ്ങൾ

സാധാരണയായി ഫൈബ്രോയിഡുകൾ ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. എന്നാൽ താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഗർഭാശയ മുഴകളുടെ സാധ്യത പരിശോധിക്കേണ്ടതാണ്:

  • അമിതമായ ആർത്തവരക്തസ്രാവം കൂടാതെ പതിവിലധികം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആർത്തവം.

  • അടിവയറ്റിൽ ഭാരക്കൂടുതലോ തുടർച്ചയായ വേദനയോ (Pelvic pressure or pain) അനുഭവപ്പെടുക.

  • ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ടുകൾ (ഇടയ്ക്കിടെ മൂത്രമൊഴിക്കലോ മൂത്രതടസ്സമോ).

  • വിട്ടുമാറാത്ത നടുവേദനയോ കാലുവേദനയോ.

  • ലൈംഗികബന്ധത്തിനിടയിലോ അതിനുശേഷമോ അനുഭവപ്പെടുന്ന വേദന.

  • വന്ധ്യതയോ ആവർത്തിച്ചുള്ള ഗർഭമലസലോ (recurrent miscarriage) ഉണ്ടാകുന്ന അവസ്ഥ.

കാരണങ്ങളും അപകടസാധ്യതകളും

ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള കൃത്യമായ കാരണം പൂർണമായി വ്യക്തമല്ല. എന്നിരുന്നാലും ചില ഘടകങ്ങൾ ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു:

  • ഹോർമോണുകൾ: ഈസ്ട്രജൻ (Estrogen), പ്രൊജസ്റ്ററോൺ (Progesterone) എന്നീ സ്ത്രീ ഹോർമോണുകൾ ഫൈബ്രോയിഡുകളുടെ വളർച്ചയെ സ്വാധീനിക്കുന്നു. അതിനാൽ ഗർഭകാലത്ത് ഇവ വളരാനും ആർത്തവവിരാമത്തിന് (Menopause) ശേഷം ചുരുങ്ങാനും സാധ്യതയുണ്ട്.

  • ജനിതക ഘടകം: കുടുംബത്തിൽ ആരിലെങ്കിലും ഫൈബ്രോയിഡ് വന്നിട്ടുണ്ടെങ്കിൽ അടുത്ത തലമുറയിലുള്ളവർക്കും രോഗസാധ്യത കൂടുതലാണ്.

  • അമിതവണ്ണം: ശരീരഭാരം കൂടുതലുള്ള സ്ത്രീകളിൽ ഫൈബ്രോയിഡ് സാധ്യതയേറുന്നു.

  • ഭക്ഷണരീതി: ചുവന്ന മാംസം (Red meat) കൂടുതലായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കുറഞ്ഞ അളവിൽ കഴിക്കുന്നതും അപകടസാധ്യത വർധിപ്പിക്കാം.

രോഗനിർണയം വൈകരുത്

എല്ലാ ഫൈബ്രോയിഡുകൾക്കും ചികിത്സയോ ശസ്ത്രക്രിയയോ ആവശ്യമില്ല. ലക്ഷണങ്ങളില്ലാത്ത ചെറിയ മുഴകൾ കൃത്യമായ ഇടവേളകളിലെ പരിശോധനയിലൂടെ നിരീക്ഷിച്ചാൽ മതിയാകും.

  • അൾട്രാസൗണ്ട് സ്കാനിംഗിലൂടെയും (Ultrasound scan) എം.ആർ.ഐ (MRI) പരിശോധനയിലൂടെയും ഫൈബ്രോയിഡുകൾ കൃത്യമായി കണ്ടെത്തൻ സാധിക്കും.

  • അമിത രക്തസ്രാവം മൂലമുള്ള വിളർച്ച, വന്ധ്യത, ഗർഭമലസൽ, ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകാവുന്ന അപൂർവ സങ്കീർണതകൾ എന്നിവ ഒഴിവാക്കാൻ നേരത്തെയുള്ള രോഗനിർണയം സഹായിക്കും.

  • രോഗിയുടെ പ്രായം, ലക്ഷണങ്ങളുടെ തീവ്രത, മുഴകളുടെ വലുപ്പവും സ്ഥാനവും, ഭാവിയിലെ ഗർഭധാരണ ആഗ്രഹം എന്നിവ പരിഗണിച്ചാണ് അനുയോജ്യമായ ചികിത്സ ഗൈനക്കോളജിസ്റ്റ് തീരുമാനിക്കുന്നത്. മരുന്നുകൾ, മയോമെക്ടമി (Myomectomy) അല്ലെങ്കിൽ ഹിസ്റ്ററെക്ടമി (Hysterectomy) എന്നിവയാണ് ഇതിനായുള്ള പ്രധാന ചികിത്സാരീതികൾ.

പ്രതിരോധവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫൈബ്രോയിഡുകൾ പൂർണമായി തടയാൻ പ്രത്യേക മാർഗങ്ങളില്ല. എന്നിരുന്നാലും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

ആർത്തവചക്രത്തിലെ അസാധാരണ മാറ്റങ്ങൾ, അമിത രക്തസ്രാവം, കടുത്ത വേദന, അടിവയറ്റിലെ ഭാരക്കൂടുതൽ എന്നിവ കണ്ടാൽ അവഗണിക്കരുത്. വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വിദഗ്ധ പരിശോധന നടത്തുക.

Dr. Rahmathunnisa K.T, Gynacology

Dr. Rahmathunnisa K.T, Gynacology - .

തയ്യാറാക്കിയത്: ഡോ. റഹ്മത്തുന്നിസ കെ. ടി സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജി ആസ്റ്റർ മിംസ് കോട്ടക്കൽ

Summary

Uterine Fibroids, treatment and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates