ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചാണ് ഉപ്പിന്റെ അളവു നിശ്ചയിക്കേണ്ടത്.

Salt
SaltMeta AI Image
Last Updated :1 February 2026, 12:51 pm IST
Edited by :അഞ്ജു സി വിനോദ്‌

ഉപ്പില്ലാത്ത ഭക്ഷണത്തെ കുറിച്ച് നമ്മൾക്ക് ചിന്തിക്കാനാവില്ല. നമ്മുടെ എല്ലാ ഭക്ഷണക്രമത്തിലെയും പ്രധാന ചേരുവയാണ് ഉപ്പ്. രുചിക്കൊപ്പം ആരോ​ഗ്യത്തിനും ഉപ്പ് ആവശ്യമാണ്. എന്നാൽ കൂടിപ്പോയാലും പ്രശ്നമാണ്. ശരീരത്തിൽ ഉപ്പിന്റെ അളവു കൂടിയാൽ രക്തസമ്മർദം കൂടാനും ഹൃദയാരോ​ഗ്യം മോശമാകാനും കാരണമാകും.

ഉപ്പ് വില്ലനാകുന്നത് എപ്പോൾ

അളവാണ് പ്രധാനം. ഉയർന്ന അളവിൽ സോഡിയം കഴിക്കുന്നത് രക്തക്കുഴലുകളെ ബാധിക്കുകയും അത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തേയും ബാധിച്ചേക്കാം. അധികമാകുന്ന സോഡിയം ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചാണ് ഉപ്പിന്റെ അളവു നിശ്ചയിക്കേണ്ടത്. ഉപ്പിൽ കർശന നിയന്ത്രണം കൊണ്ടു വരുന്നതിന് മുൻപ് ഡോക്ടറെ സമീപിക്കണം. ആവശ്യമില്ലാതെ ഉപ്പിന്റെ അളവു കുറയ്ക്കുന്നത് ഇലക്ട്രോലൈറ്റ് ബാലൻസ് താളം തെറ്റിച്ചേക്കും.

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടിയോ?

  • ഉപ്പിന്റെ അളവു കൂടുന്നതിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് വയറു വീർക്കുന്നത്. ഉപ്പ് അമിതമാകുമ്പോൾ ശരീരത്തിൽ ജലാംശം വർധിക്കുകയും ദ്രാവകം അടിയുന്നതുകൂടുകയും ചെയ്യുന്നു.

  • പല കാരണങ്ങൾക്കൊണ്ട് ശരീരത്തിലെ രക്തസമ്മർദം കൂടാം. ഉപ്പ് അതിനൊരു പ്രധാന ഘടകമാണ്. ശരീരത്തിൽ ഉപ്പ് വർധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയും തകരാറിലാക്കും. ശരീരത്തിന് ആവശ്യമില്ലാത്ത ദ്രാവകം പുറംതള്ളുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.

  • ശരീരത്തിൽ നീരുവെക്കുന്നതും ഉപ്പിന്റെ അളവ് കൂടുന്നുവെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്. മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം. പെട്ടെന്ന് ശരീരത്തിൽ നീര് അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ ഡയറ്റിലെ ഉപ്പിന്റെ ഇളവും പരിശോധിക്കണം.

  • സാധാരണത്തേതിലും അമിതമായി ദാഹം തോന്നുന്നുവെങ്കിൽ അതിന് ഉപ്പിന്റെ അളവു കൂടുതലായതിന്റെ സൂചനയാകാം.

  • ഉപ്പ് അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നത് വണ്ണംവെക്കാനിടയാക്കും.

  • ആഹാരത്തിൽ ഉപ്പ് അമിതമായി ഉൾപ്പെടുത്തുന്നവരിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും കൂടുതലായിരിക്കും. ഉപ്പ് കൂടുതൽ കഴിക്കുക വഴി ദാഹം അനുഭവപ്പെടുകയും അതുവഴി വെള്ളം കൂടുതൽ കുടിക്കുകയും ചെയ്യും. ഇത് മൂത്രത്തിന്റെ അളവും വർധിപ്പിക്കും.

  • ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉപ്പ് കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചതെങ്കിൽ ഉറക്കം സുഖകരമാകില്ല. മതിയായ ഉറക്കം ലഭിക്കാത്തതും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാകാം.

  • ഭക്ഷണത്തിൽ ഉപ്പ് കൂടുതലാണെങ്കിൽ നിർജലീകരണം അനുഭവപ്പെടുകയും വയർ അസ്വസ്ഥമാവുകയും ചെയ്യും. ഛർദിക്കണമെന്ന തോന്നലോ, വയറിളക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപ്പിന്റെ അളവും കാരണമായിരിക്കാം.

News Now

Summary

When will salt become danger

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates