ചോറ് കുഴഞ്ഞു പോകുന്നുണ്ടോ? വേവിക്കുമ്പോഴും സൂക്ഷിക്കുന്ന രീതിയിലുമുണ്ട് കാര്യം

ബസ്മതി പോലുള്ള അരികളുടെ സ്വഭാവിക മണം മഴക്കാലത്ത് അൽപം കുറഞ്ഞതോ വ്യത്യസ്തമായോ അനുഭവപ്പെടാം.

Rice getting sticky during monsoon
Rice getting sticky during monsoonPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :8 ഓഗസ്റ്റ് 2026, 11:53 am IST

പരുവത്തിന് വേവിച്ചാലും ഈയടുത്ത് ചോറ് കുഴഞ്ഞു പോകുന്നതായോ രുചിയിൽ വ്യത്യാസം ഉണ്ടാകുന്നതായോ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് വെറും തോന്നലല്ല, കാലാവസ്ഥാമാറ്റമാണ് ഇതിന് പിന്നിലെ വില്ലൻ. മഴക്കാലത്ത് അന്തരീക്ഷ ഈർപ്പം വളരെ കൂടുതലായിരിക്കും. ഈ ഈർപ്പം അരി വലിച്ചെടുക്കുകയും വേവിക്കുമ്പോൾ സാധാരണയെക്കാൾ കൂടുതൽ കുഴഞ്ഞു പോവുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്യാം.

മാത്രമല്ല, ഈർപ്പം കൂടുന്നത് അരിയുടെ സു​ഗന്ധ തന്മാത്രകളെയും ബാധിക്കും. ബസ്മതി പോലുള്ള അരികളുടെ സ്വഭാവിക മണം മഴക്കാലത്ത് അൽപം കുറഞ്ഞതോ വ്യത്യസ്തമായോ അനുഭവപ്പെടാം.

സൂക്ഷിക്കുന്ന രീതിയിലാണ് കാര്യം

ഈർപ്പമുള്ള അന്തരീക്ഷത്തിൽ അരി തുറന്നുവെക്കുകയോ കൃത്യമായി അടച്ചുവക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്നം. ഇത് അരിയുടെ ഗുണനിലവാരത്തെയും സ്വാഭാവിക രുചിയെയും ബാധിക്കും. അതിനാൽ അരി എപ്പോഴും കാറ്റുകടക്കാത്ത എയർടൈറ്റ് പാത്രങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

അരി കഴുകിയ ശേഷം കുതിർക്കേണ്ടതില്ല

സമയലാഭത്തിനായും അരി നന്നതുപോലെ വേവാനും അരി കഴുകിയ ശേഷം കുതിർക്കുവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ മഴക്കാലത്ത് ഇത് തിരിച്ചടിയാകാം. ഈർപ്പമുള്ള അന്തരീക്ഷത്തിൽ അരി ഏറെ നേരം കുതിർക്കുമ്പോൾ അത് ചോറ് കൂടുതൽ സ്റ്റിക്കി ആകുന്നതിന് കാരണമാകും. പ്രത്യേകിച്ച് ചില അരിയിനങ്ങളിൽ ഇത് കൂടുതൽ പ്രകടമാണ്.

ചോറ് വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അരി വേവിക്കുമ്പോൾ സാധാരണ ഉപയോ​ഗിക്കാറുള്ള വെള്ളത്തിൻ്റെ അളവിലും വേവിക്കുന്ന സമയത്തിലും മാറ്റങ്ങൾ വരുത്തേണ്ടി വരും. അരിമണികളിൽ ഇതിനോടകം തന്നെ ഈർപ്പമുള്ളതിനാൽ, വേവിക്കുമ്പോൾ വെള്ളം കൂടുതൽ ലഭിക്കുന്നതോടെ അരിയിൽ അടങ്ങിയ സ്റ്റാർച്ച് കൂടുതൽ പുറത്തേക്ക് വരികയും ചോറ് കൂടുതൽ സ്റ്റിക്കി ആകാനും കാരണമാകും. ചോറ് വേവിക്കുമ്പോൾ വെള്ളം കുറയ്ക്കുക എന്നതാണ് ഒരു ചെറിയ ടിപ്പ്. വേവിച്ച ചോറ് ഉടൻ മൂടി ഏറെ നേരം വെച്ചാൽ, ആവി കൊണ്ട് വീണ്ടും ചോറ് കുഴഞ്ഞുപോകാം. അതുകൊണ്ട് ചോറ് വെന്ത് ഊറ്റിയ ശേഷം അൽപനേരം മൂടി തുറന്ന് ആവി കളയാം.

കാലാവസ്ഥ മാറുമ്പോൾ നമ്മൾ ഭക്ഷണം രുചിക്കുന്ന രീതിയിലും നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. മഴക്കാലത്തെ തണുപ്പും അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങളുമെല്ലാം, നമ്മൾ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുന്നതിനെ (taste perception) പരോക്ഷമായി സ്വാധീനിക്കുന്നു. മഴക്കാലത്ത് ചോറിന്റെ രുചിയിലും പരുവത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. അരി ശരിയായ രീതിയിൽ സൂക്ഷിക്കുകയും വേവിക്കുമ്പോൾ വെള്ളത്തിന്റെ അളവിൽ ചെറിയ ക്രമീകരണങ്ങൾ വരുത്തുകയും ചെയ്താൽ ചോറിന്റെ സ്വാദും പാകവും കൃത്യമായി നിലനിർത്താനാകും.

News Now

Summary

why rice became sticky during monsoon?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates