കാപ്സിക്കം വാങ്ങാന്‍ കടയില്‍ പോകണ്ട; വീട്ടില്‍ കൃഷി ചെയ്യാം, ഈസിയായി

ടെറസിലോ ഗാര്‍ഡനിലോ വളര്‍ത്താന്‍ കഴിയുന്ന ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളില്‍ ഒന്നാണ് കാപ്സിക്കം

capsicum
How to Grow Capsicum in home garden
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :10 സെപ്റ്റംബർ 2026, 4:05 pm IST

വിറ്റാമിനുകളാല്‍ സമ്പന്നമായ ഒരു പച്ചക്കറിയാണ് കാപ്സിക്കം. ബെല്‍ പെപ്പര്‍ അല്ലെങ്കില്‍ ഷിംല മിര്‍ച്ച് എന്നും അറിയപ്പെടുന്ന കാപ്സിക്കം, നിങ്ങളുടെ ടെറസിലോ ഗാര്‍ഡനിലോ വളര്‍ത്താന്‍ കഴിയുന്ന ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളില്‍ ഒന്നാണ്. വീട്ടില്‍ വളര്‍ത്തുന്ന കാപ്സിക്കം കടയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ വളരെ മികച്ചതാണെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ധാരാളം ക്യാപ്സിക്കം വിളവെടുക്കാം.

സൂര്യപ്രകാശവും മണ്ണും

കാപ്സിക്കം ചെടികള്‍ ശരിയായി വളരണമെങ്കില്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും 6 മുതല്‍ 8 മണിക്കൂര്‍ വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഒരു ബാല്‍ക്കണിയോ ടെറസോ ആണ് കാപ്സിക്കത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം. രണ്ടാമത് വേണ്ടത് നല്ല മണ്ണാണ്. വെള്ളം കെട്ടിനില്‍ക്കാത്ത ഫലഭൂയിഷ്ഠമായ മണ്ണായിരിക്കണം. 40% ചകിരിച്ചോറ്, 30% മേല്‍മണ്ണ്, 30% ജൈവവളം (ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്) എന്ന അനുപാതത്തില്‍ കലര്‍ത്തി ചട്ടി നിറയ്ക്കാം.

നടീല്‍ രീതിയും പരിചരണവും

വിത്തുകള്‍ ചകിരിച്ചോറിലോ തൈ ട്രേകളിലോ അര ഇഞ്ച് താഴ്ചയില്‍ പാകുക. വിത്തുകള്‍ മുളച്ചുവരാന്‍ 7 മുതല്‍ 14 ദിവസം വരെ എടുക്കും. വിത്ത് മുളച്ച് 4-6 ഇലകള്‍ വരുമ്പോള്‍ വൈകുന്നേരങ്ങളില്‍ തൈകള്‍ പ്രധാന ചട്ടിയിലേക്ക് മാറ്റി നടാം. പതിവായി നനയ്ക്കുക എന്നതാണ് പ്രധാന കാര്യം. മണ്ണ് ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുക, പക്ഷേ നനവുള്ളതായിരിക്കരുത്. അമിതമായി നനയ്ക്കുന്നത് വേരുകള്‍ക്ക് ദോഷം ചെയ്യും.

വേനല്‍ക്കാലത്ത്, ആഴ്ചയില്‍ 3-4 തവണ വെള്ളം നനയ്ക്കുക. അതിരാവിലെ നനയ്ക്കുന്നത് ചൂടിന് മുമ്പ് സസ്യങ്ങള്‍ ഈര്‍പ്പം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. കാപ്സിക്കം ചെടികള്‍ കായ്ക്കുന്ന മുറയ്ക്ക് തണ്ടുകള്‍ കട്ടിയുള്ളതായിത്തീരും. അതിനാല്‍ ചെടിയെ താങ്ങിനിര്‍ത്താന്‍ ചെറിയ കുറ്റികളോ ട്രെല്ലിസുകളോ ഉപയോഗിക്കുക. കൊമ്പുകോതലും പ്രധാനമാണ്.

സാധാരണയായി 60-90 ദിവസത്തിനുള്ളില്‍ കായ്ക്കാന്‍ തുടങ്ങും

സാധാരണയായി 60-90 ദിവസത്തിനുള്ളില്‍ കായ്ക്കാന്‍ തുടങ്ങും

കീടനിയന്ത്രണവും വിളവെടുപ്പും

കാപ്സിക്കം ചെടികളില്‍ മുഞ്ഞ, വെള്ളീച്ച തുടങ്ങിയ കീടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആവശ്യമുള്ളപ്പോള്‍ വേപ്പെണ്ണ സ്പ്രേകളോ നേരിയ സോപ്പ് ലായനിയോ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. കാപ്സിക്കം സാധാരണയായി 60-90 ദിവസത്തിനുള്ളില്‍ കായ്ക്കാന്‍ തുടങ്ങും. കായകള്‍ക്ക് നല്ല പച്ചനിറവും തിളക്കവുമായാല്‍ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് തണ്ടില്‍ നിന്ന് മുറിച്ചെടുക്കുക. ഒരിക്കലും കൈ കൊണ്ട് പറിച്ചെടുക്കരുത്.

വിത്തുശേഖരണം

അടുത്ത കൃഷിക്കായി മികച്ച ഗുണനിലവാരമുള്ള വിത്തുകള്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ചെടിയില്‍ വെച്ചുതന്നെ നന്നായി പഴുത്ത് (ചുവന്ന നിറമായോ മഞ്ഞ നിറമായോ മാറിയത്) ആരോഗ്യകരമായ ഒരു കാപ്സിക്കം തിരഞ്ഞെടുക്കുക. പച്ചക്കറികള്‍ക്കായി ഉപയോഗിക്കുന്ന ഇളം കായകളില്‍ നിന്ന് വിത്ത് എടുക്കരുത്. പഴുത്ത കാപ്സിക്കം മുറിച്ച് ഉള്ളിലെ വിത്തുകള്‍ ശ്രദ്ധാപൂര്‍വ്വം വേര്‍തിരിച്ചെടുക്കുക.

വിത്തുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മാംസള ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അവയെ വെള്ളത്തില്‍ നന്നായി കഴുകുക. വൃത്തിയാക്കിയ വിത്തുകള്‍ പേപ്പറില്‍ നിരത്തിവെച്ച് നല്ല വെയിലത്ത് 2-3 ദിവസം നന്നായി ഉണക്കുക. വിത്തുകളില്‍ ഈര്‍പ്പം ഒട്ടും ഉണ്ടാകാന്‍ പാടില്ല. നന്നായി ഉണങ്ങിയ വിത്തുകള്‍ വായു കടക്കാത്ത ഒരു ചെറിയ ഗ്ലാസ് കുപ്പിയിലോ പേപ്പര്‍ കവറിലോ അടച്ചു സൂക്ഷിച്ചാല്‍ അടുത്ത കൃഷിക്കായി ഉപയോഗിക്കാം.

News Now

Summary

Grow Capsicum in your home garden; Here's the complete guide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates