അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

കാസർകോട് ജില്ലയിലെ പഞ്ചായത്തുകളിൽ തൊഴിലാളികളുടെ പ്രതിഷേധവും അപേക്ഷാ സമർപ്പണവും

MGNREGS Job Crisis Onam
MGNREGS Job Crisis Onam
Edited by :Damodaran K
Last Updated :22 ഓഗസ്റ്റ് 2026, 11:19 am IST

ഉദുമ: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ ആരംഭിക്കാത്തതിനെ തുടർന്ന് ഓണക്കാലത്ത് പട്ടിണിയിലായി ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികൾ. എല്ലാ വർഷവും ചിങ്ങമാസത്തിലെ ഓണമെത്തുമ്പോഴേക്കും 40 മുതൽ 50 വരെ തൊഴിൽദിനങ്ങൾ പൂർത്തിയാക്കി മികച്ചൊരു വരുമാനം കൈപ്പറ്റിയിരുന്ന തൊഴിലാളികളാണ് ഇത്തവണ കടുത്ത ഉപജീവന പ്രതിസന്ധിയിലായിരിക്കുന്നത്.

സാധാരണയായി ഏപ്രിൽ ഒന്നിന് ആരംഭിക്കേണ്ട തൊഴിലുകൾ ഇത്തവണ ഒരിടത്തും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാക്കി പണികൾ പൂർത്തിയാക്കിയ ചുരുക്കം ചിലർക്കൊഴികെ മറ്റാർക്കും ഇത്തവണ ഒരു ദിവസത്തെ പണി പോലും ലഭിച്ചിട്ടില്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിച്ച് ജൂലൈ ഒന്ന് മുതൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ എന്ന് പേര് മാറ്റിയെങ്കിലും, പുതിയ തൊഴിലുകൾ അനുവദിക്കുന്നതിലോ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലോ യാതൊരു വ്യക്തതയും അധികൃതർക്കില്ല.

പഞ്ചായത്തുകൾക്ക് 318 തരം ജോലികളുടെ പട്ടിക അടങ്ങിയ പ്രാഥമിക മാർഗ്ഗരേഖ മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും പൊതു ആസ്തി വികസനത്തിന് ഉതകുന്നതോ സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കുന്നതോ അല്ലെന്നും, വ്യക്തിഗത തൊഴിലുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതി നിയമപ്രകാരം 125 തൊഴിൽദിനങ്ങളും 401 രൂപ കൂലിയും വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഇത് എപ്പോൾ, എങ്ങനെ നടപ്പിലാക്കണമെന്ന കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്കോ പഞ്ചായത്ത് സെക്രട്ടറിമാർക്കോ വ്യക്തമായ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. പദ്ധതി സ്തംഭിച്ചതോടെ തൊഴിലുറപ്പ് ജീവനക്കാരായ ഓവർസിയർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ, അക്കൗണ്ടന്റുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരും കഴിഞ്ഞ അഞ്ച് മാസമായി തൊഴിൽരഹിതരായി കഴിയുകയാണ്.

സംസ്ഥാനത്ത് 19.28 ലക്ഷം സജീവ കുടുംബങ്ങളിലായി 22.73 ലക്ഷം തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനത്തിലധികവും സ്ത്രീകളാണ്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 5.19 ലക്ഷം കുടുംബങ്ങൾ 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയിരുന്നു. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി ഏർപ്പെടുത്തിയും സോഷ്യൽ ഓഡിറ്റിംഗ് കാര്യക്ഷമമാക്കിയും ദേശീയതലത്തിൽ മുൻപന്തിയിൽ നിന്ന കേരളത്തിലാണ് ഇപ്പോൾ ഈ അനിശ്ചിതാവസ്ഥ ഉടലെടുത്തിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ പഞ്ചായത്തുകൾ തോറും തൊഴിലാളികൾ സംഘടിച്ചെത്തി സെക്രട്ടറിമാർക്ക് ഒപ്പിട്ട് നേരിട്ട് തൊഴിലിനായുള്ള അപേക്ഷ സമർപ്പിച്ചു. നിയമപ്രകാരം അപേക്ഷ നൽകി 15 ദിവസത്തിനകം തൊഴിൽ ലഭ്യമാക്കിയില്ലെങ്കിൽ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.

News Now

Summary

Hundreds of thousands of Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) workers across Kerala are in deep distress as work has remained stalled for the past five months of the current financial year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates