നൂറ്റാണ്ടുകളുടെ ഇഴയടുപ്പവുമായി കല്ലഞ്ചിറ കൈത്തറി; ഓണവിപണിയിൽ തിരക്കേറി പെരുവെമ്പിലെ നെയ്ത്ത് ഗ്രാമം
തറികളിൽ രാപകലില്ലാതെ അധ്വാനം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യക്കാരുടെ ഒഴുക്ക്
പാലക്കാട്: ചിങ്ങനിലാവ് പരക്കുന്ന ഓണക്കാലമെത്തിയതോടെ പെരുവെമ്പിലെ കല്ലഞ്ചിറയെന്ന പാരമ്പര്യ കൈത്തറി ഗ്രാമത്തിലെ തറികൾക്ക് വേഗം കൂടിയിരിക്കുകയാണ്. നൂറ്റാണ്ടുകളുടെ പെരുമ പേറുന്ന കല്ലഞ്ചിറയിലെ വീടുകളിൽ നിന്ന് ഉയരുന്ന തറികളുടെ താളത്തിലുള്ള ശബ്ദം ഇപ്പോൾ രാപകലില്ലാതെ മുഴങ്ങുന്നു. ഓണവിപണി ലക്ഷ്യമിട്ട് പരമാവധി വസ്ത്രങ്ങൾ നെയ്തെടുക്കാനുള്ള തത്രപ്പാടിലാണ് ഇവിടുത്തെ നെയ്ത്തുതൊഴിലാളികൾ.
പണ്ട് കാലത്ത് വസ്ത്രങ്ങൾ നെയ്യുന്നതിനായി കർണാടകയിൽ നിന്ന് രാജാക്കന്മാർ പ്രത്യേകമായി ക്ഷണിച്ചുകൊണ്ടുവന്ന പ്രതിഭാധനരായ നെയ്ത്തുകാരുടെ പിൻതലമുറക്കാരാണ് ഇന്നും കല്ലഞ്ചിറയുടെ ഈ കൈത്തറി പെരുമ കാത്തുസൂക്ഷിക്കുന്നത്. കല്ലഞ്ചിറയിലെ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുവശങ്ങളിലും കൈത്തറി വസ്ത്രങ്ങളുടെ വർണ്ണാഭമായ വിപണനശാലകൾ കാണാം. കടകൾക്ക് തൊട്ടുപിന്നിലെ വീടുകളിലേക്ക് കാതോർത്താൽ പരമ്പരാഗത തറികളിൽ നിന്ന് ഇഴകൾ ചേരുന്ന മനോഹരമായ ഈണവും കേൾക്കാം.

തറിയിൽ ജോലിചെയ്യുന്ന തൊഴിലാളി ഗുരുവായൂരപ്പൻ
പാരമ്പര്യത്തിന്റെ ശുദ്ധമായ ഇഴയടുപ്പവും വ്യത്യസ്തതയാർന്ന ഡിസൈനുകളും നേരിട്ട് അനുഭവിച്ചറിയാൻ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആളുകൾ കല്ലഞ്ചിറയിലേക്ക് ഒഴുകിയെത്തുന്നത്. മുൻപ് പാലക്കാടും സമീപ ജില്ലകളിലും ഉള്ളവർ മാത്രമായിരുന്നു ഇവിടുത്തെ പ്രധാന ഉപഭോക്താക്കളെങ്കിൽ, ഇപ്പോൾ തിരുവനന്തപുരവും കൊല്ലവും അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്നുവരെ ആവശ്യക്കാർ എത്തുന്നുണ്ടെന്ന് പാരമ്പര്യ കൈത്തറി വ്യാപാരിയായ ഗണേശൻ പറയുന്നു. നേരിട്ടുള്ള വിൽപ്പനയ്ക്ക് പുറമെ ഓൺലൈൻ വഴിയുള്ള ആവശ്യക്കാരും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.

കല്ലഞ്ചിറ യിലെ നെയ്ത്ത് ഗ്രാമത്തിൻറെ ഒരു ഭാഗം
ഓണവിപണിയിൽ മുണ്ടുകളിൽ 'ജക്കാട് ഡിസൈൻ ഡബിളി'നാണ് ഏറ്റവും കൂടുതൽ പ്രിയം. സാരികളിൽ പ്ലെയിൻ കസവ്, മൈക്രോ ചെക്ക്, ജക്കാട് പുട്ടാ സാരികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കസവു മുണ്ടിനും സാരിക്കും 1800 രൂപ മുതൽ വില ആരംഭിക്കുന്നു. ആവശ്യക്കാരുടെ താല്പര്യത്തിനനുസരിച്ച് 15,000 രൂപ മുതൽ 20,000 രൂപയ്ക്ക് മുകളിൽ വരെ വിലമതിക്കുന്ന ആകർഷകമായ സാരികളും ഇവിടെ ലഭ്യമാണ്. കല്ലഞ്ചിറയിലെത്തുന്ന ആവശ്യക്കാർക്ക് നെയ്ത്തുകാരെ നേരിൽ കാണാനും തറികളിൽ വസ്ത്രങ്ങൾ നെയ്യുന്നത് കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യവും ഇവർ ഒരുക്കിക്കൊടുക്കുന്നുണ്ട്.

പാരമ്പര്യ കൈത്തറി വസ്ത്ര വ്യാപാരിയായ ഗണേഷ് തൻറെ സ്ഥാപനത്തിൽ
ഒരുകാലത്ത് ആയിരത്തിലധികം നെയ്ത്ത് തൊഴിലാളികളും നിരവധി തറികളും സജീവമായിരുന്ന ഗ്രാമത്തിൽ ഇന്ന് നൂറിൽ താഴെ തൊഴിലാളികൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് മുതിർന്ന തൊഴിലാളിയായ ഗുരുവായൂരപ്പൻ വേദനയോടെ പങ്കുവെക്കുന്നു. കഠിനമായ അധ്വാനത്തിന് ആനുപാതികമായ വരുമാനം ലഭിക്കാത്തതും പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാത്തതുമാണ് കൈത്തറി നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് പേർ ചേർന്ന് രണ്ട് ദിവസം മുഴുവൻ വിയർപ്പൊഴുക്കിയാണ് ഒരു പരമ്പരാഗത സാരി നെയ്തെടുക്കുന്നത്.
തൊഴിലാളികൾക്കായി മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന സൊസൈറ്റി ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണ്. സൊസൈറ്റി സംവിധാനം വീണ്ടും സജീവമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടായാൽ ഈ പാരമ്പര്യ തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും. തലമുറകൾ പകർന്നുനൽകിയ തറികളുടെ ഈ താളം നിലച്ചുപോകാതെ കാക്കാൻ അർഹമായ പിന്തുണയാണ് കല്ലഞ്ചിറയിലെ ഓരോ നെയ്ത്തുകാരനും ആഗ്രഹിക്കുന്നത്.
WHAT TO READ NEXT

മാവേലിയും പുലിവേഷവുമായി വനിതകൾ; കാസർകോട് ബേഡടുക്കയിൽ വേറിട്ട ഓണാഘോഷം
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
With Onam around the corner, the historic handloom hamlet of Kallanchira in Palakkad's Peruvemba has come alive with the rhythmic clatter of traditional looms and surging festive shoppers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



