
പൊതുജീവിതത്തിലെ രീതി തന്നെയാണ് കുടുംബത്തിലുമെന്നും വിശദീകരണം

News Now
കോഴിക്കോട്: താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ നിലപാടുകളിലും സ്വന്തം ബോധ്യങ്ങളിലുമാണ് ഉറച്ചുനിൽക്കുന്നതെന്നും, എന്നാൽ വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന വ്യക്തികളോടോ പ്രസ്ഥാനങ്ങളോടോ യാതൊരുവിധ ശത്രുതയുമില്ലെന്നും വ്യക്തമാക്കി കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ. സ്വന്തം മരുമകളും ഫാറൂഖ് കോളേജ് സുവോളജി അധ്യാപികയുമായ ഷബ്നം നൂർജഹാന്റെ സൂഫി ആഭിമുഖ്യവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും സലഫി പ്രസ്ഥാനത്തിനുള്ളിലും ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സലഫി ആശയങ്ങൾക്ക് വിരുദ്ധമായ സൂഫി ചിന്താഗതിയാണ് ഷബ്നം നൂർജഹാൻ പിന്തുടരുന്നതെന്നും, ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ ഇവർ സൂഫിസം പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി ഉൾപ്പെടെയുള്ള സലഫി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ ഹുസൈൻ മടവൂരിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങളുയർന്നു. സലഫിസവും സൂഫിസവും വിരുദ്ധ ധ്രുവങ്ങളിലായിരിക്കെ കുടുംബത്തിനുള്ളിലെ ഇത്തരം പ്രവണതകളിൽ നേതാവ് മൗനം പാലിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം.
എന്നാൽ, വ്യത്യസ്തമായ അഭിപ്രായങ്ങളെ താൻ ഒരിക്കലും ശത്രുതയായി കാണാറില്ലെന്ന് ഹുസൈൻ മടവൂർ വ്യക്തമാക്കി. ഒരാളുടെ അഭിപ്രായം മറ്റൊരാളിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ പാടില്ലെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. പൊതുജീവിതത്തിൽ സ്വീകരിക്കുന്ന അതേ സഹിഷ്ണുതയും ജനാധിപത്യപരമായ സമീപനവും തന്നെയാണ് കുടുംബകാര്യങ്ങളിലും പിന്തുടരുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ കുടുംബാംഗങ്ങളോട് വ്യക്തമായി പറയാറുണ്ട്. ആവശ്യമെന്ന് തോന്നുന്ന ഉപദേശങ്ങൾ നൽകിയിട്ടുമുണ്ട്. ശരിയായ വഴിയിലൂടെ നമ്മെ നയിക്കാനും ശരി മനസ്സിലാക്കി അതിൽ ഉറച്ചുനിൽക്കാനും പടച്ചതമ്പുരാൻ ശക്തി നൽകട്ടെ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
Summary
Kerala Nadvathul Mujahideen (KNM) state vice-president Dr. Hussein Madavoor clarified that while he remains steadfast in his personal convictions and the organizational stance of the Salafi movement, he maintains no animosity towards individuals or groups adhering to differing ideologies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







