കോടഞ്ചേരിയിലെ പുഴകളിൽ മുങ്ങിമരണം തുടർക്കഥ: സുരക്ഷയൊരുക്കാൻ അടിയന്തര ഇടപെടൽ വേണം; ഭരണകൂടത്തെ സമീപിച്ച് കയാക്കിങ് താരങ്ങൾ

അഞ്ച് വർഷത്തിനിടെ തുഷാരഗിരിയിലും പതങ്കയത്തുമായി പൊലിഞ്ഞത് 68 ജീവനുകൾ

Officials carrying out rescue operations at Kodenchery on Tuesday
Officials carrying out rescue operations at Kodenchery on Tuesday
Edited by :Damodaran K
Last Updated :17 സെപ്റ്റംബർ 2026, 11:06 am IST

കോഴിക്കോട്: മലയോര വിനോദസഞ്ചാര കേന്ദ്രമായ കോടഞ്ചേരി പഞ്ചായത്തിലെ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും മുങ്ങിമരണങ്ങൾ പതിവാകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കയാക്കിങ് താരങ്ങൾ രംഗത്ത്. വിനോദസഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സമഗ്രമായ സുരക്ഷാ മുൻകരുതലുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കയാക്കിങ് വിദഗ്ദ്ധർ കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിക്കും (കാറ്റ്പ്സ്) നിവേദനം നൽകി.

കഴിഞ്ഞ സെപ്റ്റംബർ 15-ന് ഇരുവഴിഞ്ഞിപ്പുഴയിലെ കല്ലംപാറ തൂക്കുപാലത്തിന് സമീപം മലപ്പുറം സ്വദേശിനിയായ ജിസ്ന (30) മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി മരിച്ച സംഭവമാണ് കയാക്കിങ് താരങ്ങളെ അടിയന്തര ഇടപെടലിന് പ്രേരിപ്പിച്ചത്. ഒമ്പതംഗ സംഘത്തോടൊപ്പം എത്തിയ യുവതി, വനമേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് പുഴയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

മഴക്കാലത്ത് പുഴയിൽ പുറമെ ശാന്തത തോന്നുമെങ്കിലും, മലയോരങ്ങളിൽ പെയ്യുന്ന മഴ കാരണം നിമിഷനേരം കൊണ്ട് ജലനിരപ്പ് ഉയരുന്നതാണ് ഇവിടെ പലപ്പോഴും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. പ്രദേശവാസികൾ നൽകുന്ന വിവരമനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തുഷാരഗിരിയിൽ മാത്രം 29 പേരും ഇരുവഴിഞ്ഞിപ്പുഴ-പതങ്കയം ഭാഗത്ത് 39 പേരും മുങ്ങിമരിച്ചിട്ടുണ്ട്. പതങ്കയത്ത് തുടർച്ചയായി സഞ്ചാരികൾ അപകടത്തിൽപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണ്. ഈ വർഷം മെയ് മാസത്തിൽ 17 വയസ്സുള്ള വിദ്യാർത്ഥിയും, ജൂണിൽ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 25-കാരനായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിയും ഇവിടെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചിരുന്നു. തുഷാരഗിരിക്കും പതങ്കയത്തിനും പുറമെ ഇരുവഴിഞ്ഞിപ്പുഴ, ചാലിപ്പുഴ, ഇരുതുള്ളിപ്പുഴ, വെഞ്ചേരിപ്പുഴ എന്നിവയോട് ചേർന്നുള്ള മറ്റ് ചെറു കടവുകളിലും നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പുഴകളിൽ തുടർച്ചയായി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും ഇവ കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മലബാർ റിവർ ഫെസ്റ്റിവൽ സംഘാടകരിൽ ഒരാളും വൈറ്റ്-വാട്ടർ കയാക്കിങ് താരവുമായ മണിക് തനേജ വ്യക്തമാക്കി. ഉൾവനങ്ങളിൽ മഴ പെയ്യുമ്പോൾ വളരെ വേഗത്തിൽ മലവെള്ളം കുതിച്ചെത്തുമെന്നും അപകടം തിരിച്ചറിയുമ്പോഴേക്കും സഞ്ചാരികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുവഴിഞ്ഞിപ്പുഴ, ചാലിപ്പുഴ തുടങ്ങി അപകടസാധ്യതയുള്ള എല്ലാ മേഖലകളിലും ബഹുവർണ്ണങ്ങളിലുള്ള വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തദ്ദേശ ഭരണകൂടവും ജില്ലാ ഭരണകൂടവും തയ്യാറാകണം. സുരക്ഷിതമല്ലാത്ത കാലാവസ്ഥയിൽ പുഴകളിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും സഞ്ചാരികൾക്ക് കൃത്യമായ അവബോധം നൽകാൻ സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

News Now

Summary

Alarmed by the recurring fatal drowning incidents in the waterbodies of Kodenchery, white-water kayakers participating in the Malabar River Festival have submitted an urgent appeal to the Kozhikode district administration and the Kerala Adventure Tourism Promotion Society (KATPS) seeking comprehensive safety protocols

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates