റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം

കാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പൂർവ്വവിദ്യാർത്ഥിനിക്ക് നാടിന്റെ കൈത്താങ്ങ്

Rafia Sherin Stem Cell Donor Camp
Rafia Sherin Stem Cell Donor Camp
Last Updated :8 October 2026, 5:40 pm IST

അരീക്കോട്: ഒരു ചെറിയ സ്രവ പരിശോധനയിലൂടെ ഒരു ജീവൻ തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയിൽ ആയിരങ്ങളാണ് അരീക്കോട്ടേക്ക് ഒഴുകിയെത്തിയത്. സിവിയർ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലപ്പുറം ആമയൂർ സ്വദേശിനി റാഫിയ ഷെറിന് അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്തുന്നതിനായി അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ സംഘടിപ്പിച്ച മെഗാ സ്വാബ് കളക്ഷൻ ക്യാമ്പിലാണ് നാടിനെ വിസ്മയിപ്പിച്ച ജനപങ്കാളിത്തം ദൃശ്യമായത്.

വ്യാഴാഴ്ച രാവിലെ മുതൽ കോളജ് പരിസരത്തേക്ക് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് ആറുമണിവരെ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാമ്പിൽ അഭൂതപൂർവ്വമായ തിരക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നതോടെ സംഘാടകർക്ക് ക്രമീകരണങ്ങൾക്കായി ക്യാമ്പ് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. തുടർന്ന്, കൂടുതൽ വിപുലമായ സജ്ജീകരണങ്ങളോടെ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണിവരെ ക്യാമ്പ് വീണ്ടും നടത്താൻ തീരുമാനിച്ചു.

ഏകദേശം പത്തുലക്ഷം പേരിൽ ഒരാൾക്ക് മാത്രമാണ് ജനിതകമായി പൂർണ്ണമായും യോജിക്കുന്ന സ്റ്റെം സെൽ മാച്ച് ലഭിക്കാൻ സാധ്യതയുള്ളത് എന്നതിനാലാണ് പരമാവധി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിശോധനകൾ നടത്തുന്നത്. നേരത്തെ മഞ്ചേരിയിലും തിരൂരിലും സംഘടിപ്പിച്ച സമാന ക്യാമ്പുകൾക്കും വലിയ പിന്തുണ ലഭിച്ചിരുന്നു. സുല്ലമുസ്സലാം സയൻസ് കോളജിലെ പൂർവ വിദ്യാർത്ഥിനിയായ റാഫിയ പഠനകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. 'ഗ്രീൻ പാലിയേറ്റീവ്' എന്ന കൂട്ടായ്മ രൂപീകരിച്ച് കിടപ്പുരോഗികൾക്ക് സാന്ത്വനമേകാനും കേരളത്തെ വീൽചെയർ സൗഹൃദ സംസ്ഥാനമാക്കാനും മുന്നിൽനിന്ന് പ്രവർത്തിച്ച പ്രിയ സഹപാഠിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് നാടും നാട്ടുകാരും.

News Now

Summary

In an overwhelming display of solidarity and empathy, thousands gathered at Sullamussalam Science College in Areacode for a mega swab collection camp aiming to find a matching stem cell donor for Rafia Sherin, who is battling severe aplastic anemia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates