
'പരാതിയില്ല, ചോക്ലേറ്റ് മാത്രം'; ആത്മബന്ധത്തിൻറെ മുത്തശ്ശിക്കഥ; കണ്ണ് നനയിച്ച് കളക്ടർ അർജുൻ പാണ്ഡ്യന്റെ കുറിപ്പ്
മാസന്തോറും കളക്ടറേറ്റിൽ എത്തിയിരുന്നത് പെൻഷൻ വഴിയുള്ള ഒരു കൊച്ചു ചോക്ലേറ്റുമായി

തൃശൂർ: പരാതികളും ആവലാതികളും മാത്രം കേൾക്കുന്ന ജില്ലാ കളക്ടറുടെ ഔദ്യോഗിക ചേംബറിലേക്ക് മാസത്തിലൊരിക്കൽ കടന്നുവന്നിരുന്നത് തികച്ചും നിഷ്കളങ്കമായ ഒരു സ്നേഹമായിരുന്നു. പരാതികളുടെ ഭാരമില്ലാതെ, വാത്സല്യത്തിന്റെ മധുരമുള്ള ഒരു ചെറിയ ചോക്ലേറ്റുമായി പതിവായി എത്തിയിരുന്ന ഒരു പാവം അമ്മൂമ്മയുമായുള്ള ഹൃദയസ്പർശിയായ ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ തൃശൂർ ജില്ലാ കളക്ടറും നിലവിലെ കാസർകോട് കളക്ടറുമായ അർജുൻ പാണ്ഡ്യൻ.തൃശൂരിൽ കളക്ടറായിരുന്ന കാലത്ത് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പാദ്യവും സ്നേഹനിർഭരവുമായ അനുഭവവുമാണ് ഈ മുത്തശ്ശിയുടേതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
2024 ജൂലൈ മുതൽ 18 മാസക്കാലം തൃശൂർ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച കാലത്ത്, പൊതുജനങ്ങളെ നേരിൽ കാണാനായി പ്രത്യേക സമയം മാറ്റിവെച്ചിരുന്നു. മുപ്പതും നാൽപ്പതും പേർ നിത്യേന സങ്കടങ്ങളുമായി എത്തുന്ന ആ തിരക്കിനിടയിലേക്കാണ് ഒരു ഉച്ചനേരത്ത് ആ അമ്മൂമ്മ കടന്നുവന്നത്. "എന്താണ് പരാതി?" എന്ന് ചോദിച്ചപ്പോൾ, പരാതിയൊന്നുമില്ലെന്നും ട്രഷറിയിൽ പെൻഷൻ വാങ്ങാൻ വന്ന വഴി കളക്ടറെക്കുറിച്ച് കേട്ടറിഞ്ഞ് ഒന്ന് കാണാൻ കയറിയതാണെന്നുമായിരുന്നു അവരുടെ മറുപടി. ചെറുപ്പത്തിൽ നഷ്ടപ്പെട്ടുപോയ സ്വന്തം മകന്റെ മുഖമാണ് കളക്ടറെ കാണുമ്പോൾ ഓർമ്മവരുന്നതെന്ന് പറഞ്ഞ് അന്ന് അവർ ഒരുമിച്ച് ഒരു ഫോട്ടോയുമെടുത്താണ് മടങ്ങിയത്.
എന്നാൽ അതൊരു സാധാരണ കൂടിക്കാഴ്ചയിൽ അവസാനിച്ചില്ല. അടുത്ത മാസവും അവർ ട്രഷറിയിൽ വന്നപ്പോൾ കളക്ടറേറ്റിലെത്തി. ഒപ്പം എടുത്ത ആ ഫോട്ടോ പ്രിന്റ് ചെയ്ത് പേഴ്സിൽ സൂക്ഷിച്ചിരുന്നു. ഒപ്പം, കൊച്ചുമകന് നൽകുന്നതുപോലെ കരുതിവെച്ച ഒരു ചെറിയ ചോക്ലേറ്റും. പിന്നീട് അങ്ങോട്ട് എല്ലാ മാസവും അതൊരു പതിവായി മാറി. ഓഫീസിൽ വരും, ഒരു പുഞ്ചിരി തരും, ആ ചോക്ലേറ്റ് കയ്യിൽ വെച്ചുകൊടുത്ത് അവർ മടങ്ങും. പിന്നീട് ഒരിക്കൽ, താൻ കളക്ടറെ കാണാറുണ്ട് എന്ന് പറഞ്ഞത് വിശ്വസിക്കാതിരുന്ന പേരക്കുട്ടികളെയും കൂട്ടിയാണ് അവർ എത്തിയത്. ആ വർഷത്തെ ഓണത്തിന് അമ്മൂമ്മ കളക്ടർക്ക് ചെറിയൊരു സമ്മാനം നൽകിയപ്പോൾ, കളക്ടർ അപ്രതീക്ഷിതമായി അവർക്കൊരു ഓണക്കോടിയും അയച്ചുകൊടുത്തു.
2026 മാർച്ചിൽ അദ്ദേഹം സ്ഥലം മാറിപ്പോകുന്നതുവരെ ആ ബന്ധം തുടർന്നു. അടുത്തിടെ പുലിക്കളിയുടെ ആഘോഷങ്ങൾക്കിടെ തൃശൂരിൽ ഒരു സന്ദർശകനായി അർജുൻ പാണ്ഡ്യൻ എത്തിയ വിവരം ആ അമ്മയറിഞ്ഞു. വാർദ്ധക്യത്തിന്റെ അവശതകളോ കത്തുന്ന വെയിലോ വകവെക്കാതെ അവർ കളക്ടറെ അന്വേഷിച്ച് നഗരത്തിലുടനീളം നടക്കുകയും ഒടുവിൽ ഗസ്റ്റ് ഹൗസ് വരെയെത്തുകയും ചെയ്തു.
വൈകുന്നേരത്തോടെ ഈ വിവരമറിഞ്ഞ അർജുൻ പാണ്ഡ്യൻ തൃശൂർ മുതുവറയിലുള്ള ആ അമ്മയുടെ കൊച്ചുവീട്ടിലെത്തി. കഷ്ടപ്പാടുകൾ നിറഞ്ഞ ആ ചുറ്റുപാടിലേക്ക് കാലെടുത്തുവെച്ചപ്പോഴാണ്, സ്വന്തം പരിമിതികൾക്കിടയിൽ നിന്നുമാണ് ആ അമ്മ എല്ലാ മാസവും തനിക്കായി ചോക്ലേറ്റ് കരുതിവെച്ചിരുന്നതെന്ന യാഥാർത്ഥ്യം മനസ്സിലായത്. ആ കൊച്ചുവീടിന്റെ ചുവരിലേക്ക് നോക്കിയപ്പോൾ, തങ്ങളൊന്നിച്ചെടുത്ത ഫോട്ടോ മനോഹരമായി ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയെന്ന് കളക്ടർ കുറിക്കുന്നു.
ജീവിതം നൽകുന്ന ഔദ്യോഗിക പദവികളും അധികാരക്കസേരകളും താൽക്കാലികമാണ്. എന്നാൽ പച്ചയായ മനുഷ്യരും ഇത്തരം നല്ല അനുഭവങ്ങളും പകരുന്ന അളവറ്റ സ്നേഹമാണ് എന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യമെന്ന് പറഞ്ഞാണ് അർജുൻ പാണ്ഡ്യൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
In a touching personal reflection that has resonated widely on social media, former Thrissur District Collector Arjun Pandiyan shared the story of an extraordinary emotional bond forged with an elderly woman from Muthuvara during his tenure in Thrissur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

