ഐതിഹ്യപ്പെരുമയിൽ പാമ്പുംമേയ്ക്കാട്ടുമന: സർപ്പരാജന്റെ മാണിക്യക്കല്ലും കിഴക്കിനിയിലെ കെടാവിളക്കും; കേരളത്തിന്റെ സർപ്പാരാധനാ ചരിത്രത്തിലെ വിസ്മയം

ദാരിദ്ര്യം മാറ്റാൻ തിരുവഞ്ചിക്കുളത്ത് പന്ത്രണ്ട് കൊല്ലത്തെ തപസ്സ്; കുടയിൽ കയറിപ്പോന്ന നാഗരാജാവ്

Pambummekkattu Mana
Pambummekkattu Mana
Edited by :Damodaran K
Last Updated :27 സെപ്റ്റംബർ 2026, 9:51 am IST

തൃശൂർ: മുറ്റത്തൊരു സർപ്പത്തെ കണ്ടാൽ കൈകൂപ്പി നൂറും പാലും നേരുന്ന മലയാളി മനസ്സിന്റെ ആഴത്തിലുള്ള സർപ്പാരാധനാ സംസ്കാരത്തിന്റെ പ്രധാന അടയാളമാണ് തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വടമ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പാമ്പുംമേയ്ക്കാട്ടുമന. കേരളത്തിലെ പുരാതന സർപ്പാരാധനാ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളുമാണ് ഈ മനയെ ചൂഴ്ന്നുനിൽക്കുന്നത്. ഒരുകാലത്ത് വെറുമൊരു ഇല്ലമായിരുന്ന മേയ്ക്കാട്ടുമന സർപ്പാരാധനയുടെ കേന്ദ്രമായി മാറിയതോടെയാണ് 'പാമ്പുംമേയ്ക്കാട്' എന്ന പേരിൽ ദേശവ്യാപകമായി അറിയപ്പെടാൻ തുടങ്ങിയത്. കൃത്യമായ ലിഖിത ചരിത്രരേഖകൾ ലഭ്യമല്ലെങ്കിലും നൂറ്റാണ്ടുകളുടെ പാരമ്പര്യവും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ പരാമർശങ്ങളും മനയുടെ ആത്മീയ പ്രൗഢി വിളിച്ചോതുന്നു.

Pambummekkattu Mana

Pambummekkattu Mana

മന്ത്രതന്ത്രങ്ങളിൽ നിപുണരായിരുന്നെങ്കിലും കൊടിയ ദാരിദ്ര്യത്താൽ വീർപ്പുമുട്ടിയിരുന്ന മനയിലെ കാരണവരായ മൂത്ത നമ്പൂതിരി ഇതിന് പരിഹാരം തേടി പ്രസിദ്ധമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലം നീണ്ട കഠിന തപസ്സ് അനുഷ്ഠിച്ചതാണ് വഴിത്തിരിവായത്. ഭജനത്തിനൊടുവിൽ ഒരു രാത്രിയിൽ നാഗരാജാവായ വാസുകി കൈയിൽ വിശിഷ്ടമായ മാണിക്യക്കല്ലുമായി നമ്പൂതിരിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. തന്റെ ഇല്ലത്തിൽ സർപ്പസാന്നിധ്യം എപ്പോഴും ഉണ്ടാകണമെന്നും കുടുംബത്തിലെ ദാരിദ്ര്യദുഃഖങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും നമ്പൂതിരി വരം ചോദിച്ചു. തുടർന്ന് മനയിലേക്ക് മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ ചുറ്റിപ്പിണഞ്ഞിരുന്ന നാഗത്താന്മാരെ കിഴക്കിനിയിൽ കുടിയിരുത്തി പരദേവതയായി പ്രതിഷ്ഠിക്കുകയായിരുന്നു.

Pambummekkattu Mana

Pambummekkattu Mana

മനയുടെ കിഴക്കിനിയിൽ വാസുകിയെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിടത്ത് ഇന്നും അണയാതെ കത്തുന്ന കെടാവിളക്ക് കാണാം. ഇവിടുത്തെ പ്രതിഷ്ഠകൾ കാലക്രമേണ മൺപുറ്റുകളാവുകയും പിന്നീട് വെറുമൊരു മൺതറ മാത്രമായി മാറുകയും ചെയ്തു. വാസുകി സമ്മാനിച്ച ആ അമൂല്യ മാണിക്യക്കല്ല് മനയിൽ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇന്നും ആർക്കും കൃത്യമായി അറിയില്ലെങ്കിലും, നാഗമാണിക്യത്തിന്റെ സാന്നിധ്യം മൂലം പിന്നീട് ഒരിക്കലും മനയിൽ ദാരിദ്ര്യം ഉണ്ടായിട്ടില്ലെന്നാണ് അനുഭവം. മനയിലെത്തുന്ന സർപ്പങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുത്, മനപ്പറമ്പ് കിളയ്ക്കാനോ ഉഴുതുമറിക്കാനോ പാടില്ല, എട്ടുകെട്ടിന്റെ അടുക്കളയിലല്ലാതെ പറമ്പിലെവിടെയും തീ കത്തിക്കാൻ പാടില്ല തുടങ്ങിയ കൽപനകൾ തലമുറകളായി ഇവിടെ കർശനമായി പാലിച്ചുപോരുന്നു.

Pambummekkattu Mana

Pambummekkattu Mana

പാമ്പുംമേയ്ക്കാട്ടുമനയിലെ അംഗങ്ങൾ സർപ്പങ്ങളെ കേവലം ജീവികളായല്ല, മറിച്ച് തങ്ങളുടെ വംശത്തിന്റെ ഭാഗമായ 'പാരമ്പര്യങ്ങൾ' എന്നാണ് വിളിക്കുന്നത്. മനയിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ വരവേൽക്കാനും അംഗങ്ങൾ മരിക്കുമ്പോൾ കൂടെ മരിക്കാനും ഒരു 'പാരമ്പര്യം' ഉണ്ടാകുമെന്നാണ് വിശ്വാസം. പറമ്പിലെവിടെയും തീ കത്തിക്കാൻ പാടില്ലാത്തതിനാൽ തെക്കേക്കാവ് എന്നറിയപ്പെടുന്ന തെക്കേപ്പറമ്പിലാണ് നമ്പൂതിരിമാർക്കും പാരമ്പര്യങ്ങൾക്കും ചിതയൊരുക്കുന്നത്. സർപ്പദോഷങ്ങൾ തിരിച്ചറിയാനായി കെടാവിളക്കിലെ എണ്ണ നോക്കി പരിഹാരം നിർദ്ദേശിക്കുന്ന 'എണ്ണയിൽ നോക്കൽ' എന്ന അപൂർവ്വ ചടങ്ങ് വർഷങ്ങൾക്ക് മുമ്പ് മനയിലെ വേളി കഴിച്ചെത്തുന്ന സ്ത്രീകൾ അനുഷ്ഠിച്ചിരുന്നു. തെക്കേക്കാവിലെ ഔഷധച്ചെടിയുടെ ഇലകൾ തെക്കിനിയിൽ വെച്ച് കാച്ചിയെടുത്ത് നൽകിയിരുന്ന കുഷ്ഠരോഗ ചികിത്സയും അതീവ ദുഷ്കരമായ നാഗബലി പൂജകളും കാലത്തിന്റെ ഒഴുക്കിൽ നിലച്ചുപോയെങ്കിലും വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾക്ക് മനയിലെ കെടാവിളക്കിലെ എണ്ണ ഇന്നും വിശിഷ്ട ഔഷധമായി ഭക്തർ കരുതുന്നു.

News Now

Summary

Steeped in centuries of mysticism, legendary folklore, and deep-rooted ecological reverence, Pambummekkattu Mana—situated at Vadama in Mukundapuram taluk of Thrissur district—stands as Kerala's paramount seat of serpent worship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates