തുടങ്ങിയത് ഏഴ് വീടുകളുടെ നിർമ്മാണം മാത്രം; ബാക്കി 11 എണ്ണത്തിന് തറക്കല്ലിട്ടില്ല

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ  ശിലാസ്ഥാപന ചടങ്ങിൽ നിന്ന്
ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന്
Last Updated :8 October 2026, 6:22 pm IST

News Now

കൽപ്പറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികൾ നിർമാണം വൈകുന്നതിൽ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഇവയുടെ പണി കട്ട കെട്ടൽ ഘട്ടത്തിൽ നിൽക്കുകയാണ്. ബാക്കിയുള്ള 11 വീടുകളുടെ തറക്കല്ലിടൽ പോലും പൂർത്തിയായിട്ടില്ല. വീടുകളുടെ വാർപ്പ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഇതുവരെ അറിയിപ്പും ഉണ്ടായിട്ടില്ല.

എട്ടുസെന്റ് സ്ഥലത്ത് 1,100 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്ത്റൂമുകൾ, സിറ്റൗട്ട്, ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 18 വീടുകളിൽ പകുതിയോളം വീടുകളുടെ നിർമാണം പോലും ആരംഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ചൂരൽമല–മുണ്ടക്കൈ പുനരധിവാസം വൈകുന്നതിൽ സ്ഥലം എംപി പ്രിയങ്ക ഗാന്ധിയും നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ദുരന്തബാധിതർക്കായി കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചത് 100 വീടുകളാണ്. പിന്നീട് യൂത്ത് കോൺഗ്രസ് 30 വീടുകൾ കൂടി പ്രഖ്യാപിച്ചെങ്കിലും ഈ വീടുകൾ കോൺഗ്രസിന്റെ 100 വീടുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ഇതോടെ ആകെ വീടുകളുടെ എണ്ണത്തിൽ വ്യക്തതയില്ലെന്ന വിമർശനവും ഉയർന്നിരുന്നു.

അതേസമയം, മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച 105 വീടുകളുടെ രണ്ടാംഘട്ട നിർമാണം വൈകുന്നതിലും വിമർശനം ശക്തമാണ്. ആദ്യഘട്ടത്തിലെ 51 വീടുകൾ ഫെബ്രുവരി 28ന് വിപുലമായ ചടങ്ങിലാണ് കൈമാറിയത്. തുടർന്ന് 25 വീടുകൾ ജൂൺ 15നകം കൈമാറുമെന്നും ശേഷിക്കുന്ന വീടുകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പ്രഖ്യാപിച്ച സമയപരിധി പിന്നിട്ടിട്ടും രണ്ടാംഘട്ടത്തിലെ വീടുകളുടെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. ഇതോടെ ദുരന്തബാധിതർക്കായി രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച ഭവനപദ്ധതികൾ തന്നെ പ്രഖ്യാപനങ്ങൾക്കപ്പുറം എത്രത്തോളം വേഗത്തിൽ മുന്നോട്ടുപോകുന്നുവെന്ന ചോദ്യം ഉയരുകയാണ്.

സർക്കാർ ടൗൺഷിപ്പിന്റെ നിർമാണവും പുനരധിവാസ നടപടികളും വൈകുന്നതിനിടെയാണ് ദുരന്തബാധിതർക്ക് വീടൊരുക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച പദ്ധതികളിലും കാലതാമസം തുടരുന്നത്. ദുരന്തത്തിന് രണ്ടുവർഷം പിന്നിട്ടിട്ടും സ്ഥിരതാമസത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഓരോ പ്രഖ്യാപനവും പുതിയ പ്രതീക്ഷ നൽകുമ്പോഴും അത് യാഥാർഥ്യമാകാൻ വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയാണ്.

Summary

Severe criticism has emerged over the sluggish pace of housing projects announced by the Congress and the Indian Union Muslim League (IUML) for the landslide survivors of Chooralmala and Mundakkai in Wayanad, leaving displaced families in prolonged uncertainty even after two years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates