ഹരീഷ് ശക്തിധരൻ എഴുതിയ കവിത: രണ്ട് കാറ്റുകൾ

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Last Updated :1 November 2024, 10:50 am IST
Edited by :aravind.g

മഴ നനഞ്ഞുതളർന്ന

ഒരിളം കാറ്റ്

ആ രാത്രി

കടവരാന്തയിൽ

ചുരുണ്ടുകൂടിക്കിടന്നു.

ഇടയ്ക്കിടയ്ക്കുള്ള

അതിന്റെ

ദീർഘനിശ്വാസങ്ങൾ

മറ്റൊരു മൂലയിൽ

വിരിച്ചിട്ട പത്രത്താളിൽ

മുഴുനീളവാർത്തയായി കിടന്ന

വൃദ്ധയെ ദേഷ്യം പിടിപ്പിച്ചു.

പോ കാറ്റേന്ന്

അവരതിനെ ആട്ടി.

ഒന്നുവിറയ്ക്കാൻപോലും

പേടിച്ച്

കാറ്റ് ശ്വാസമടക്കിപ്പിടിച്ചിരുന്നു.

പിന്നെയും പെയ്ത മഴയെ

രണ്ടായി പിളർത്തി

ഇടിവെട്ടി.

നാശമെന്ന് പ്‌രാകി

വൃദ്ധ എഴുന്നേറ്റ്

പത്രത്തിന്റെ

തലക്കെട്ടായിരുന്നു.

കടവരാന്തയിലേയ്ക്ക്

എത്തിനോക്കിയ

മഴയ്ക്ക്

ഊന്നുവടികൊണ്ട്

നല്ല തല്ല് കൊടുത്തു.

ആകാശം

ഫ്ലാഷ് മിന്നിച്ചതും

പത്രത്തിലെ

സചിത്രവാർത്തയായി

വൃദ്ധ ചിരിച്ചു.

ആ ചിരികണ്ടതും

കാറ്റിനതിന്റെ

അമ്മയെ ഓർമ്മവന്നു.

അതോടിപ്പോയി

വൃദ്ധയുടെ മടിയിൽകയറിയിരുന്നു.

നെനക്ക് തണുക്കണൊണ്ടോന്ന്

ചോദിച്ച്

വൃദ്ധ കാറ്റിനെ

നെഞ്ചോട് ചേർത്തുപിടിച്ചു.

നെഞ്ചിനുള്ളിൽനിന്ന്

ടക്ക്, ടക്ക്, ടക്ക് എന്നൊരൊച്ച

കേട്ടതും കാറ്റിന്

കരച്ചിൽവന്നു.

ഉരുൾപൊട്ടുന്നു

കാറ്റ് പറഞ്ഞു.

നീയും തനിച്ചായിപ്പോയല്ലേ

വൃദ്ധ ചോദിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now