'സൂത്രവാക്യം' സിനിമയുടെ ഇന്റേണൽ കമ്മിറ്റി തെളിവുകൾ ശേഖരിക്കുന്നു

Actress Vincy Aloshious complaint
ഷൈനും വിൻസിയും. സൂത്രവാക്യം സിനിമയുടെ പോസ്റ്റർSource by : ഫെയ്സ്ബുക്ക്
Last Updated :21 April 2025, 8:11 pm IST

News Now

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റിക്കു മുന്നിൽ ഇരുവരും മൊഴി നൽകി. വിൻസിയും ഷൈനും നാലം​ഗ കമ്മിറ്റിക്കു മുന്നിൽ ഇന്ന് ഹാജരായി. ഇന്റേൺ കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും സിനിമ സംഘടനകൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരിക.

കമ്മിറ്റിക്കു മുന്നിൽ ഹാജരായി വിൻസി മൊഴി നൽകി. മൊഴിയുടെ വിശദാംശങ്ങൾ സംബന്ധിച്ചു പ്രതികരിക്കാൻ അവർ വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളിൽ തൃപ്തിയുണ്ട്. തങ്ങളെ രണ്ട് പേരേയും ഒരുമിച്ചിരുത്തിയും മാറ്റി മാറ്റി നിർത്തിയും വിവരങ്ങൾ കമ്മിറ്റി ചോദിച്ചതായും അവർ പ്രതികരിച്ചു.

കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയ ശേഷം ഷൈൻ ടോം ചാക്കോയും പുറത്തിറങ്ങി. പുറത്തേക്കിറങ്ങിയ ഷൈൻ മാധ്യമങ്ങളോടു പ്രതികരിക്കാൻ തയ്യാറായില്ല.

ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേർന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോ​ഗം അവസാനിച്ചു. ഷൈനിന്റെ അച്ഛനും അനിയനും അമ്മയും കമ്മിറ്റിക്കു മുന്നിൽ ഹാജരായി.

വിഷയത്തിൽ നിയമ നടപടിക്ക് ഇല്ലെന്ന് ആവർത്തിക്കുകയാണ് വിൻസി. സിനിമ സംഘടനകളുടെ ഇടപെടൽ വേണമെന്നാണ് അവരുടെ ആവശ്യം. താൻ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പ്രതികരിച്ചിരുന്നു.

നിയമ നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അന്വേഷണങ്ങളോട് സഹകരിക്കാൻ തയ്യാറാണ്. മന്ത്രി എംബി രാജേഷിനോടും ഇക്കാര്യമാണ് അറിയിച്ചത്. ‘അമ്മ’ ആഭ്യന്തര സമിതിക്കു നൽകിയ പരാതിയിൽ ഉറച്ചു നിൽക്കും എന്നും വിൻസി മാധ്യമങ്ങളോട് വ്യക്തമാക്കി.

സിനിമയിൽ ഈ സംഭവം ആവർത്തിക്കാതിരിക്കുക എന്നതാണ് ആവശ്യം. സിനിമ മേഖലയിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിൻസി പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates