സാധാരണക്കാർ പിരിവിട്ട് ഒരേക്കർ വാങ്ങി തുടങ്ങിയ പോരാട്ടം

എലാംപ്രയിൽ എൽ.പി. സ്കൂൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് തെന്നത്ത് മുഹമ്മദ് ഫൈസി കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നു.
എലാംപ്രയിൽ എൽ.പി. സ്കൂൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് തെന്നത്ത് മുഹമ്മദ് ഫൈസി കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നു.
Last Updated :9 October 2026, 11:36 am IST

News Now

മഞ്ചേരി: വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരത്തിൽ ഒരു സർക്കാർ വിദ്യാലയം വേണമെന്ന ആവശ്യവുമായി എലമ്പ്ര നിവാസികൾ തുടങ്ങിയ പോരാട്ടത്തിന് ഒടുവിൽ 45 വർഷങ്ങൾക്കുശേഷം ഫലം. സർക്കാർ ഓഫീസുകളുടെ പടിക്കലും വിവിധ കമ്മിഷനുകൾക്ക് മുന്നിലും കോടതികളിലുമായി നീണ്ട പോരാട്ടത്തിനൊടുവിൽ എലമ്പ്രയിൽ എൽപി സ്കൂൾ അനുവദിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. ഹൈക്കോടതിയിൽനിന്ന് സുപ്രീംകോടതിയിലേക്കും നീണ്ട നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്.

മഞ്ചേരി നഗരസഭയുടെയും തൃക്കലങ്ങോട് പഞ്ചായത്തിന്റെയും അതിർത്തിയിലുള്ള എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് തുടക്കമിട്ടത് 1983ലാണ്. പ്രദേശത്തെ സാധാരണക്കാരായ കുടുംബങ്ങൾ പിരിവെടുത്താണ് സ്കൂൾ നിർമിക്കാൻ ഒരേക്കർ സ്ഥലം വാങ്ങിയത്. സെന്റിന് 200 രൂപ നിരക്കിൽ 20,000 രൂപയ്ക്കായിരുന്നു ഭൂമി വാങ്ങിയത്. ഒരാൾ പത്ത് രൂപയും മറ്റൊരാൾ 20 രൂപയും എന്നിങ്ങനെ നൽകിയ തുകകൾ ചേർന്നാണ് ഒരേക്കർ ഭൂമി സ്വന്തമാക്കിയത്.

എലമ്പ്രയിൽ 45 വർഷം മുമ്പ് എൽ.പി. സ്കൂളിനായി വാങ്ങിയ ഭൂമി

എലമ്പ്രയിൽ 45 വർഷം മുമ്പ് എൽ.പി. സ്കൂളിനായി വാങ്ങിയ ഭൂമി

സ്കൂളിനായുള്ള ഭൂമി വാങ്ങാൻ പലരും തങ്ങളുടെ പരിമിതമായ സമ്പാദ്യത്തിൽനിന്നാണ് പണം കണ്ടെത്തിയത്. അന്തരിച്ച അലക്കത്തൊടി മുഹമ്മദ് ഹാജിയുടെ ഭാര്യ മഹർ തുകയായി ലഭിച്ച സ്വർണം പോലും ഇതിനായി നീക്കിവെച്ചു. ഹജ്ജിന് പോകാനായി അന്തരിച്ച മമ്മുട്ടി ഹാജി സ്വരൂപിച്ച പണവും സ്കൂളിനായി നൽകി. പ്രവാസികളും സഹായവുമായി എത്തി. ഒടുവിൽ ഭൂമി ബഹുസ്തൂൽ ഉലൂം മദ്റസയുടെ പേരിൽ രജിസ്റ്റർ ചെയ്തു.

ഭൂമി സ്വന്തമായെങ്കിലും സ്കൂൾ യാഥാർഥ്യമായില്ല. എലമ്പ്രയിൽനിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സർക്കാർ സ്കൂളില്ലാത്തതിനാൽ കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പഠനത്തിനെത്തിയിരുന്നത്. പിന്നീട് ഓട്ടോറിക്ഷയെയും സ്കൂൾ ബസുകളെയും ആശ്രയിക്കേണ്ട സ്ഥിതിയായി. ചെറാംകുത്ത് ജിഎൽപി സ്കൂളിലേക്ക് ഏകദേശം നാല് കിലോമീറ്ററും വടക്കാങ്ങര എംഎം യുപി സ്കൂളിലേക്ക് അഞ്ച് കിലോമീറ്ററോളവുമാണ് ദൂരം.

വർഷങ്ങളോളം തുടർച്ചയായി സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷനെയും ബാലാവകാശ സംരക്ഷണ കമ്മിഷനെയും സമീപിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറും അസിസ്റ്റന്റ് എജുക്കേഷനൽ ഓഫീസറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് അനുകൂല റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും സ്കൂൾ കടലാസിൽത്തന്നെ തുടർന്നു.

2015ലാണ് നാട്ടുകാർ നിയമപോരാട്ടത്തിലേക്ക് കടന്നത്. എലമ്പ്ര തെന്നത്ത് മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ 14 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് മാസത്തിനകം സ്കൂൾ ആരംഭിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും എട്ട് മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പായില്ല. ഇതോടെ നാട്ടുകാർ കോടതിയലക്ഷ്യ ഹർജി നൽകി.

തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ നേടിയത്. എന്നാൽ നാട്ടുകാർ പിന്മാറിയില്ല. 2021ൽ അവർ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചു. തലമുറകളായി കൈമാറിയ ആവശ്യം കോടതിക്ക് മുന്നിൽ വീണ്ടും അവതരിപ്പിച്ചു. ഒടുവിൽ അനുകൂല വിധിയുണ്ടായതോടെയാണ് സ്കൂൾ അനുവദിക്കുന്നതിനുള്ള സർക്കാരിന്റെ തീരുമാനം സാധ്യമായത്.

ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവോടെയാണ് എലമ്പ്രയുടെ 45 വർഷത്തെ കാത്തിരിപ്പിന് വിരാമമായത്. സമീപത്തെ നജാത്തുദ്ദീൻ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മദ്റസ കെട്ടിടത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാനാണ് അനുമതി. ഒരേക്കർ ഭൂമിയിൽ സ്ഥിരം കെട്ടിടം നിർമിക്കുന്നതുവരെ ഈ ക്രമീകരണം തുടരും.

സ്ഥിരം സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മഞ്ചേരി നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും നിർമിക്കുക. അതുവരെ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. സ്കൂൾ നടത്തിപ്പിനും അധ്യാപകരുടെ ശമ്പളത്തിനുമായി പ്രതിവർഷം 1.22 കോടി രൂപയോളം ചെലവ് കണക്കാക്കുന്നു.

"നാലര പതിറ്റാണ്ടിനിടെ എണ്ണമറ്റ തവണ സർക്കാർ ഓഫീസുകളിലും കോടതികളിലും കയറിയിറങ്ങി. ഒരിക്കലും പിന്മാറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഞങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്," മുഹമ്മദ് ഫൈസി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates