'പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താ​ഗതിയാണ്; ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കൻ പണത്തിന് പറ്റും'

ഏതൊരു വ്യക്തിക്കും വേണ്ട ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം.

Ahaana Krishna
Ahaana Krishnaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :14 മേയ് 2026, 11:06 am IST

സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് പെൺകുട്ടിക്ക് മാത്രമല്ല ഏതൊരു മനുഷ്യനും വേണ്ട ഒന്നാണെന്ന് നടി അഹാന കൃഷ്ണ. ഒരുപാട് കാര്യങ്ങളിൽ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റുമെന്നും അഹാന പറഞ്ഞു. പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തിൽ സെറ്റിൽ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താ​ഗതിയാണെന്നും നടി കൂട്ടിച്ചേർത്തു.

റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഹാന. "സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു പെൺകുട്ടിക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും വേണ്ട ഒന്നാണ്. പണം കൊടുത്ത് സന്തോഷം വാങ്ങാൻ പറ്റില്ലെന്നൊക്കെ പറയും.

നമ്മുടെ വേണ്ടപ്പെട്ട ഒരാൾ മരിച്ചു പോയിക്കഴിഞ്ഞാൽ കാശ് കൊണ്ടുപോയി അവരെ തിരിച്ചു കൊണ്ടുവരാൻ ഒന്നും പറ്റില്ല. പക്ഷേ ഒരുപാട് കാര്യങ്ങളിൽ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റും. നമുക്കിപ്പോൾ എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ, നമ്മുടെ കയ്യിൽ കാശുണ്ടെങ്കിൽ, അത് ശരിക്കും ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കാൻ പറ്റുന്ന ഒരു പവർഫുൾ വെപ്പൺ ആണ് പണം എന്ന് പറയുന്നത്.

ഏതൊരു വ്യക്തിക്കും വേണ്ട ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം. പൈസ ഉള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തിൽ സെറ്റിൽ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താ​ഗതിയാണ്. നമ്മൾ മനുഷ്യരാണ്, മനുഷ്യരുടെ ഉള്ളിൽ സ്വാർഥത ഉണ്ടാകും. നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ പഴ്സ് തുറന്ന് പൈസ എടുത്ത് എന്താണോ വേണ്ടത് അത് ചെയ്യുക എന്നുള്ളതാണ്.

അതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് വേണ്ട ഏറ്റവും വലിയ കാര്യം. ഞാൻ എന്റെ കരിയർ തുടങ്ങുന്നത് ഒരു അഭിനേതാവ് ആയിട്ടാണെങ്കിലും എനിക്കിപ്പോഴും ഏറ്റവും കൂടുതൽ താല്പര്യമുള്ള കാര്യം അതാണെങ്കിലും അതിന് പുറത്തേക്ക് എനിക്കൊരു വരുമാനം ഉണ്ടാക്കാൻ പറ്റിയതു കൊണ്ടാണ് ഇന്നും ഒരു നടിയെന്ന നിലയിൽ എനിക്ക് പുതുമ നിലനിർത്താൻ പറ്റുന്നത്.

എനിക്ക് നല്ലതല്ലാത്ത സിനിമയുടെ അവസരങ്ങൾ വരുമ്പോൾ എനിക്ക് കാശിന് വേണ്ടി ആ വർക്ക് ഏറ്റെടുക്കേണ്ടി വരുന്നില്ല. കാരണം, നമ്മൾ കുട്ടിയായിരിക്കുമ്പോൾ കണ്ടിട്ടുണ്ട്. അച്ഛനൊക്കെ താല്പര്യമില്ലാത്ത സിനിമകൾ പോലും ചിലപ്പോൾ എടുക്കേണ്ടി വരും. കാരണം ജീവിക്കാൻ കാശ് വേണം. അപ്പോൾ‌ ജോലി ചെയ്താലേ കാശ് കിട്ടുകയുള്ളൂ.

അതുകൊണ്ട് ആ അനുഭവം എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. എനിക്കൊക്കെ തന്നെ ഒന്ന് രണ്ട് സിനിമകൾ, അല്ലെങ്കിൽ അത്രയും ആകാംക്ഷ തോന്നാത്ത സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. അത് ചെയ്തു കൊണ്ടിരിക്കവേ ഞാൻ മനസിലാക്കിയിട്ടുണ്ട്. നമുക്ക് അങ്ങനെ തോന്നുന്ന സിനിമ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്.

എന്നും രാവിലെ എഴുന്നേറ്റ് പോയി ചെയ്യുക എന്നത്. ഒരു ഓഫീസിൽ പോകുന്ന പോലെയല്ല ഇത്. ഇതൊരു ഇമോഷണൽ വർക്ക് കൂടിയാണ്. ആക്ഷൻ പറയുമ്പോൾ നമുക്കൊരു ഫയർ ഉള്ളിൽ വരണമല്ലോ. അതുകൊണ്ടു വരാൻ ഭയങ്കര പാടാണ്. എനിക്ക് ശരിക്കും ആകാംക്ഷ നൽകുന്ന സിനിമകൾ ചെയ്യാനേ എനിക്ക് താല്പര്യമുള്ളൂ.

എനിക്ക് ഇഷ്ടം തോന്നാത്തതിനോട് നോ പറയണമെന്നുണ്ടെങ്കിൽ എനിക്ക് സ്ട്രോങ് ആയ ഒരു വരുമാനം ഉണ്ടാകണം. ഇന്ന് എനിക്കതുണ്ട്. അതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്".- അഹാന പറഞ്ഞു.

News Now

Summary

Cinema News: Actress Ahaana Krishna talks about financial independence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics