എനിക്ക് ഇനി ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിയില്ല; കിങ് ഓഫ് കൊത്ത ട്രോളുകള്‍ കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി

ഓണത്തിന് ദുല്‍ഖറിനൊപ്പം എന്നെ ഷൂട്ടിന് സമീപിച്ചു. ഞാനാണ് അവരോട് എന്നെ വെക്കണ്ട എന്ന് പറഞ്ഞത്.

Aishwarya Lakshmi
Aishwarya Lakshmi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :7 സെപ്റ്റംബർ 2026, 6:13 pm IST

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ പരാജയം കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നേരിടേണ്ടി വന്ന ട്രോളുകള്‍ കാരണം തന്നെ ദുല്‍ഖറിനൊപ്പം കാസ്റ്റ് ചെയ്യാന്‍ മലയാള സിനിമയിലുള്ളവര്‍ക്ക് പേടിയായെന്നാണ് ഐശ്വര്യ പറയുന്നത്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''2023 ല്‍ കിങ് ഓഫ് കൊത്ത റിലീസായപ്പോള്‍, വലിയ ഹൈപ്പുണ്ടായിരുന്ന സിനിമയാണ്. അതിന് ലഭിച്ച റിയാക്ഷന്‍ എന്റെ കരിയറിനെ ബാധിച്ചുവെന്ന് തോന്നുന്നു. എന്റെ തോന്നലാണ്, ചിലപ്പോള്‍ തെറ്റായിരിക്കാം. പക്ഷെ, മലയാളത്തില്‍ പിന്നീട് എന്നെ കാസ്റ്റ് ചെയ്യാന്‍ പേടിയായത് പോലെയായി. എനിക്ക് മാത്രമല്ല, ദുല്‍ഖറിനും ആ സിനിമയ്ക്കാകെ തന്നെയും ട്രോളുകള്‍ നേരിടേണ്ടി വന്നു.

എന്റെ ഡയലോഗ് ഡെലിവറി ട്രോള്‍ ചെയ്യപ്പെട്ടു. പക്ഷെ പലപ്പോഴും അവര്‍ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഞാന്‍ അതില്‍ വര്‍ക്ക് ചെയ്യും. നേരത്തെ ഞാന്‍ ഇമോഷണല്‍ സീനുകള്‍ നന്നായി ചെയ്യുന്നില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ അതില്‍ വര്‍ക്ക് ചെയ്തു. ഇപ്പോള്‍ എനിക്ക് ഇമോഷണല്‍ സീനുകള്‍ ചെയ്യാന്‍ ആത്മവിശ്വാസമുണ്ട്. നല്ല വിമര്‍ശനങ്ങള്‍ ഞാന്‍ സ്വീകരിക്കാറുണ്ട്. പക്ഷെ ട്രോളിങും ഇന്‍സള്‍ട്ടും എല്ലായിപ്പോഴും ബാധിക്കും.

കിങ് ഓഫ് കൊത്തയില്‍ രാജുവേട്ട എന്ന് വിളിക്കുന്നതാണ് ട്രോള്‍ ചെയ്യപ്പെട്ടത്. വളരെ ഇന്‍സള്‍ട്ടിങ് സംഭവം ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഹലോ മമ്മിയുടെ സെറ്റിലെ ആദ്യ ദിവസം. ഒരു എഡി സൈഡിലൂടെ രാജുവേട്ടാ എന്ന് പറഞ്ഞിട്ട് അങ്ങ് പോയി.

കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ പേര് രാജു എന്നാണ്. ഞാന്‍ രാജുവേട്ടാ എന്ന് വിളിക്കണം. രാജുവേട്ടാ എന്നത് സ്വാഭാവികമായി വരുന്നില്ല, ഞാന്‍ രാജു എന്ന് വിളിച്ചാല്‍ പോരെ എന്ന് ഞാന്‍ ഡയലോഗ് റൈറ്ററോട് ചോദിച്ചിരുന്നു. ഇല്ല, ഗുണ്ടയാണ്. വലിയ ആളാണ്. ആ കാലമാണ്. അന്ന് അതായിരുന്നു രീതിയെന്ന് പറഞ്ഞു. ഒരുപക്ഷെ നമ്മള്‍ക്ക് സെറ്റായില്ലെങ്കില്‍ പറയുമ്പോഴും സെറ്റാകില്ലല്ലോ. എനിക്ക് ഇടയ്ക്ക് രാജുവേട്ടാ, രാജുവേട്ടാ എന്ന് മാത്രമായിരുന്നു കമന്റ്.

ഒരിക്കല്‍ ഒരു മൊബൈല്‍ കമ്പനി ഓണത്തിന് ദുല്‍ഖറിനൊപ്പം എന്നെ ഷൂട്ടിന് സമീപിച്ചു. ഞാനാണ് അവരോട് എന്നെ വെക്കണ്ട ബാക്ക്‌ലാഷ് അതിഭീകരമാണെന്ന് പറഞ്ഞത്. ബേസിക്കലി, നിങ്ങള്‍ എനിക്ക് പണം തരണ്ട, നിങ്ങളെ ബാധിക്കും, വേറെ ആരെയെങ്കിലും വച്ചോളൂ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. എനിക്ക് അറിയില്ല, ഇനി എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിക്കുമോ എന്ന്. അത്ര മോശമായിരുന്നു വിമര്‍ശനം''.

News Now

Summary

Aishwarya Lakshmi recalls the social media backlash affected her career. She don't know whether she can act with Dulquer Again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics