'മോഷ്ടിച്ചേ തിന്നാൻ പറ്റുള്ളൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ'; 'വാഴ 2' സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ അൽഫോൻസ് പുത്രൻ

പേര് മാറ്റി അപ്‍ലോഡ് ചെയ്ത് അവർക്ക് പൈസ ഉണ്ടാക്കാൻ പറ്റുന്ന ഒരു പരിപാടി.

Alphonse Puthren, Vaazha 2
Alphonse Puthren, Vaazha 2 വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :8 ഏപ്രിൽ 2026, 5:51 pm IST

കഴിഞ്ഞ ദിവസമാണ് 'വാഴ 2' വിന്റെ ചില ഭാ​ഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അൽഫോൻസ് പുത്രൻ. സംവിധായകനും മറ്റ് ടീം അംഗങ്ങള്‍ക്കുമൊപ്പം വാഴ 2 തിയറ്ററില്‍ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൽഫോൻസ്.

ചിത്രത്തിന്‍റെ പൈറസി ആരംഭിച്ചിട്ടുണ്ടെന്നും അത് ഒഴിവാക്കാനായി എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. “വാഴ 2 വിന്‍റെ സിഡിയും റിപ്പും കുറേ സ്ഥലത്ത് ഇറങ്ങിയിട്ടുണ്ട്. എല്ലാവരും സപ്പോർട്ട് ചെയ്യണം. അത് ഷെയർ ചെയ്യാനല്ല. തിയറ്ററിൽ കാണാൻ സപ്പോർട്ട് ചെയ്യണം.”, അല്‍ഫോന്‍സ് പറഞ്ഞു.

തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച രംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും അല്‍ഫോന്‍സ് പുത്രൻ പ്രതികരിച്ചു. “ഇൻസ്റ്റഗ്രാമിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ ഭയങ്കര പാടാണ്. ഡോട്ടുകളും അണ്ടർസ്കോറും ഒപ്പം പേര് മാറ്റി ചൈനീസിൽ ഒക്കെ ഇട്ടുകഴി‍ഞ്ഞാൽ ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല.

പേര് മാറ്റി തെറി വിളിക്കുന്നത് പോലെ. പേര് മാറ്റി അപ്‍ലോഡ് ചെയ്ത് അവർക്ക് പൈസ ഉണ്ടാക്കാൻ പറ്റുന്ന ഒരു പരിപാടി. അത്രയേ ഉള്ളൂ. അതിന് സിനിമയുമായിട്ടോ സിനിമക്കാരുമായിട്ടോ ഒരു ബന്ധവുമില്ല. അങ്ങനെ ഒരു ടീം ഉണ്ട്. മോഷ്ടിച്ചേ തിന്നാൻ പറ്റുള്ളൂവെങ്കിൽ, അവർ അങ്ങനെ തിന്നട്ടെ”, അല്‍ഫോന്‍സ് പുത്രൻ വ്യക്തമാക്കി.

“വാഴ 2 പ്രേമത്തേക്കാൾ അടിപൊളി ആയിട്ടുണ്ട്. പ്രേമത്തിൽ പ്രേമം മാത്രമായിരുന്നു. ഇതിനകത്ത് ബന്ധം, ഫാമിലി, അവർ തമ്മിലുള്ള പേഴ്സണൽ സമവാക്യങ്ങളും ഇമോഷൻസും ഒക്കെ പറഞ്ഞിട്ടുണ്ട്. പ്രേമം ഒരു ഒറ്റ വികാരത്തെ ആസ്പദമാക്കി ചെയ്തിട്ടുള്ള സിനിമയായിരുന്നു.

അച്ഛൻ, അമ്മ, പെങ്ങൾ, ചേട്ടൻ, അനിയൻ, ബന്ധുക്കൾ ഇതൊന്നുമില്ല. പക്ഷേ അതും പ്രധാനമാണെന്ന് ഈ പടം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കരമായിട്ട് മനസിലായി. ഞാൻ ബോർഡിങ്ങിൽ വളർന്ന ഒരാളാണ്. എനിക്ക് ഈ സിനിമ ഭയങ്കര ടച്ചിങ് ആയിരുന്നു".- അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.

News Now

Summary

Alphonse Puthren talks about Vaazha 2 piracy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates